|    Nov 20 Tue, 2018 3:30 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രവാസികളുടെ കുട്ടികള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് ട്രംപ്‌

Published : 1st November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: അമേരിക്കന്‍ പൗരത്വമില്ലാത്തവരുടെയും അനധികൃത കുടിയേറ്റക്കാരുടെയും മക്കള്‍ അമേരിക്കയില്‍ ജനിച്ചാല്‍ നവജാത ശിശുക്കള്‍ അമേരിക്കന്‍ പൗരത്വത്തിന് അവകാശികളാവുന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമ ഭേദഗതി വരുത്താന്‍ തയ്യാറെടുക്കുന്നതായി ഒരു അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
“ഒരാള്‍ ഇവിടെ വരുന്നു. അയാള്‍ക്കു കുഞ്ഞുണ്ടാവുന്നു. ആ കുഞ്ഞിനു യുഎസ് പൗരത്വവും എല്ലാ അവകാശങ്ങളും ലഭിക്കുന്നു. ലോകത്ത് 85 വര്‍ഷമായി ഇങ്ങനെയൊരു സാഹചര്യമുള്ളത് യുഎസില്‍ മാത്രമാണ്. തികച്ചും വിഡ്ഢിത്തമാണിത്’- അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പ് കര്‍ശന എമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. കര്‍ശന കുടിയേറ്റ വ്യവസ്ഥകള്‍ റിപബ്ലിക്കന്‍ പക്ഷത്തിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ അത് സഹായിക്കുമെന്നും ട്രംപ് കരുതുന്നു.
നിയമ ഭേദഗതിക്കുള്ള നീക്കം പുതിയ നിയമപോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍, ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാനാണ് ട്രംപ് ആലോചിക്കുന്നത്. അധികാരമേറ്റതു മുതല്‍ വിദേശികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരേ അമേരിക്കന്‍ പ്രസിഡന്റ് കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss