|    Nov 18 Sat, 2017 9:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രവാസികളില്‍ സമ്മിശ്ര പ്രതികരണം ; സഫലമാവുന്നത് പ്രവാസികളുടെ വലിയ സ്വപ്‌നം

Published : 4th August 2017 | Posted By: fsq

 

ഒ എസ് നിഷാദ്

ജിദ്ദ: പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിങിന് (പ്രാതിനിധ്യ വോട്ട്) കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയതോടെ സഫലമാവുന്നത് പ്രവാസികളുടെ എക്കാലത്തെയും വലിയ സ്വപ്‌നം. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ കരുത്തുള്ള വലിയൊരു വിഭാഗമാണ് ഇക്കാലമത്രയും തങ്ങളുടെ സമ്മതിദാനാവകാശം പാഴാക്കിയിരുന്നത്. നാട്ടിലെത്തുന്നതിനുള്ള ചെലവ് താങ്ങാനാവാത്തതുകാരണമാണ് 95 ശതമാനത്തിലേറെ വരുന്ന പ്രവാസികളും വോട്ട് രേഖപ്പെടുത്താതിരുന്നത്. കഴിഞ്ഞവര്‍ഷം 12,000ഓളം പ്രവാസികള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്താന്‍ നാട്ടിലെത്തിയത് എന്നത് ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു. പുതിയകാലത്ത് സമൂഹമാധ്യമങ്ങളില്‍  മാത്രമായി ഒതുങ്ങിയിരുന്ന പ്രവാസികളുടെ രാഷ്ട്രീയപ്പോരിന് കേന്ദ്രനടപടി പുതിയ മാനം കൊണ്ടുവരുമെന്ന് ഉറപ്പാണ്. അതേസമയം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സൗദിയിലെ പോഷകസംഘടനാപ്രതിനിധികള്‍ പ്രോക്‌സി വോട്ടിങിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് നടത്തിയത്.  പ്രവാസി വോട്ട് സംബന്ധിച്ച് പരിഗണിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2015ല്‍ പ്രോക്‌സി വോട്ട് അനുവദിക്കുന്നതു സംബന്ധിച്ച് തയ്യാറാക്കിയ നിയമ ചട്ടക്കൂട് അനുസരിച്ചുള്ള നടപടി സ്വാഗതം ചെയ്യുന്നതായും വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണ് ഇതിലൂടെ നടപ്പാവുന്നതെന്നും സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പറഞ്ഞു. അതേസമയം പ്രവാസികളില്‍ ഭൂരിഭാഗവും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തവരാണ്. ഓണ്‍ലൈനിലൂടെ വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാമെങ്കിലും ഹിയറിങിന് നാട്ടില്‍ ഹാജരാവേണ്ട അവസ്ഥയാണ്. ഇതു സുതാര്യമാക്കാന്‍ കോണ്‍സുലേറ്റുകളില്‍ സൗകര്യമൊരുക്കിയെങ്കിലേ പ്രോക്‌സി വോട്ട് അര്‍ഥവത്താവൂ എന്നും സെന്‍ട്രല്‍ കമ്മിറ്റി വ്യക്തമാക്കി.  വോട്ടറുടെ താല്‍പര്യമനുസരിച്ചാണോ പ്രതിനിധി വോട്ട് രേഖപ്പെടുത്തുന്നതെന്നു പറയാനാവില്ലെന്നും സാങ്കേതികവിദ്യ വികാസം പ്രാപിച്ച ആധുനികകാലത്ത് ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് വേണ്ടതെന്നും കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ അരിമ്പ അഭിപ്രായപ്പെട്ടു. ഒഐസിസി വെസ്‌റ്റേന്‍ റീജ്യനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ മാസ്റ്റര്‍ പ്രോക്‌സി വോട്ടിങിനെ സ്വാഗതംചെയ്തു. പ്രോക്‌സി വോട്ടിങ് ഉത്തരവാദിത്വത്തില്‍ നിന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചോട്ടമാണെന്ന് ജിദ്ദ നവോദയ രക്ഷാധികാരി വി കെ റൗഫ് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക