|    Nov 14 Wed, 2018 6:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രവാചക നിന്ദ: മുസ് ലിം നേതൃത്വം പ്രതികരിക്കുന്നുകുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണം: എസ്‌വൈഎസ്‌

Published : 18th July 2018 | Posted By: kasim kzm

കോഴിക്കോട്: മാതൃഭൂമി ലേഖനം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനു വേണ്ടിയായിരുന്നെന്ന കാര്യം അതു പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ തന്നെ വ്യക്തമായതാണെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. അന്വേഷണ റിപോര്‍ട്ട് ശരിയാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടി കൈക്കൊള്ളണം. മാധ്യമങ്ങള്‍ പോലുള്ള പൊതുഇടങ്ങളില്‍ ഇത്തരം ആളുകളെ വച്ചുപൊറുപ്പിക്കുന്നത് ശരിയല്ല. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് എസ്‌വൈഎസ് അന്നുതന്നെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മുത്തശ്ശി പത്രങ്ങളുടെ ഹിഡന്‍ അജണ്ട പൊളിച്ചെഴുതുന്നതാണ് അന്വേഷണ റിപോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു. ഹമീദ് ചേന്ദമംഗല്ലൂര്‍, എം എന്‍ കാരശ്ശേരി തുടങ്ങിയവരെക്കൊണ്ട് ലേഖനങ്ങളെഴുതിച്ച് അവരെ മുസ്‌ലിം വക്താക്കളാക്കി അവതരിപ്പിച്ച് ഇസ്‌ലാമിക മൂല്യങ്ങളെ ചവിട്ടിത്തേക്കുന്ന നിലപാടാണ് മാതൃഭൂമി വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്നത്. ശരീഅത്ത് വിഷയത്തിലുള്‍പ്പെടെ അനുവര്‍ത്തിച്ച മുസ്‌ലിം വിരുദ്ധ നിലപാടാണ് അവര്‍ ഇപ്പോഴും പിന്തുടരുന്നതെന്നതിന് തെളിവാണ് ഇത്തരം ലേഖനങ്ങളെന്നും ഫൈസി പറഞ്ഞു.
ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്
കോഴിക്കോട്: ചുമത്തപ്പെട്ട കുറ്റം ഗുരുതരമായതിനാല്‍ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള- അസിസ്റ്റന്റ് അമീര്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്. പ്രമുഖ പത്രത്തിലെ പ്രധാന ജീവനക്കാര്‍ക്കെതിരേ റിപോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടുവെന്നത് നിയമവാഴ്ചയില്‍ പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാന്‍ വഴിയൊരുക്കും.
മുഹമ്മദ് ഈസാ മൗലവി
ഈരാറ്റുപേട്ട: മാതൃഭൂമി ജീവനക്കാര്‍ പ്രവാചകനിന്ദ നടത്തിയത് വര്‍ഗീയകലാപം ലക്ഷ്യമിട്ടാണെന്ന് അന്വേഷണ സമിതി പുറത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ മാതൃഭൂമി ജീവനക്കാര്‍ക്കെതിരേയും പത്രാധിപര്‍ക്കും പബ്ലിഷര്‍ക്കു മെതിരേ നടപടി സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലവി മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇ ആവശ്യപ്പെട്ടു.
നാട്ടില്‍ സാമുദായിക കലാപം സൃഷ്ടിക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്ന ഇത്തരം ഛിദ്രശക്തികള്‍ക്കെതിരേ മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇതിനേക്കാള്‍ ഗൗരവമായ നടപടികളുമായി ദുഷ്ടശക്തികള്‍ രംഗത്തുവരും. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവം പുറത്തുകൊണ്ടു വന്ന അന്വേഷണ സമിതിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss