|    Oct 21 Sun, 2018 5:56 am
FLASH NEWS
Home   >  Kerala   >  

പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നീക്കത്തെ ചെറുക്കും: പോപുലര്‍ ഫ്രണ്ട്

Published : 13th September 2017 | Posted By: shadina sdna


കോഴിക്കോട്: പിശാചുവല്‍ക്കരണത്തിലൂടെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടും കേന്ദ്ര ഭരണകൂടം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം തടയാന്‍ നടത്തുന്ന നീക്കങ്ങളെ നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ ചെറുക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2008ല്‍ യുഎപിഎ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ പ്രകാരം നിലവില്‍വന്ന നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഗ്രൂപ്പ് മാധ്യമങ്ങളാണ് പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള ഉദ്വേഗജനകമായ കഥകള്‍ പ്രചരിപ്പിക്കുന്നതിന് പുതിയ എപ്പിസോഡ് തുടങ്ങിവച്ചതെന്ന് ഇ അബൂബക്കര്‍ പറഞ്ഞു.
എന്‍ഐഎയുടേതെന്നു പറയപ്പെടുന്ന റിപോര്‍ട്ടില്‍ മൂവാറ്റുപുഴയില്‍ പ്രവാചകനെ അതിനിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ച കോളജ് അധ്യാപകനെതിരേ നടന്ന ആക്രമണത്തെക്കുറിച്ചു പരാമര്‍ശമുണ്ടത്രേ! പ്രസ്തുത സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടിന് സംഘടന എന്ന നിലയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്നുതന്നെ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി വ്യക്തമാക്കിയതാണ്. കണ്ണൂരിലെ നാറാത്ത് ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പേരില്‍ വര്‍ഷംതോറും നടത്തുന്ന ആരോഗ്യ ശിക്ഷണ പരിപാടിയാണ് ആയുധപരിശീലനമെന്ന കഥയാക്കി മാറ്റിയത്. ആ കേസില്‍ യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി തന്നെയാണ് ഉത്തരവിട്ടത്- അബൂബക്കര്‍ തുടര്‍ന്നു.
ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നുവെന്ന പ്രചാരണവും നടക്കുന്നുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കി. 125 കോടിയിലധികമുള്ള ഇന്ത്യന്‍ ജനസംഖ്യയില്‍ നിന്ന് 100ല്‍ താഴെ ആളുകള്‍ മാത്രമാണ് നാടുകടന്നിട്ടുള്ളത്. ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ദുരൂഹസംഘങ്ങളെപ്പറ്റിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ നടത്തുന്ന പ്രലോഭനങ്ങളെപ്പറ്റിയും പോപുലര്‍ ഫ്രണ്ട് വളരെ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. അത്തരം ചിന്താഗതിക്കാര്‍ക്ക് പോപുലര്‍ ഫ്രണ്ടില്‍ ഒരു നിലനില്‍പ്പും ഒരിക്കലും ഉണ്ടായിട്ടില്ല.
നുണക്കഥയായ ലൗ ജിഹാദ് പദ്ധതിയുമായി മഞ്ചേരിയിലെ ഇസ്‌ലാമിക, വിദ്യാഭ്യാസ കേന്ദ്രമായ സത്യസരണിയെ ബന്ധപ്പെടുത്താനും അവമതിക്കാനുമുള്ള ശ്രമങ്ങള്‍ യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമുള്ളതല്ല. ഇസ്‌ലാം മതം സ്വീകരിച്ച വൈക്കത്തെ ഹാദിയ എന്ന യുവതിയെ സത്യസരണിയില്‍ വിദ്യാഭ്യാസത്തിനു പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തന്നെ ഉത്തരവിട്ടതാണ്. അതേ കോടതിയാണ് ഹാദിയയുടെ അഭീഷ്ടപ്രകാരം നാഷനല്‍ വിമന്‍സ് ഫ്രണ്ട് അഖിലേന്ത്യാ അധ്യക്ഷ എ എസ് സൈനബയെ ലോക്കല്‍ ഗാര്‍ഡിയനാക്കി നിശ്ചയിച്ചതും. സത്യസരണി ഒരു മതംമാറ്റ കേന്ദ്രമല്ല; മതവിദ്യാഭ്യാസ കേന്ദ്രമാണ്.
കാല്‍നൂറ്റാണ്ടായി ഇന്ത്യയുടെ പല ഭാഗത്തായി പ്രവര്‍ത്തിക്കുന്ന, ആയിരക്കണക്കിന് അംഗങ്ങളുള്ള ഒരു സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരേ സംഘടന നടത്തുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഭരണകൂടങ്ങളുടെ തന്നെ പ്രശംസ പിടിച്ചുപറ്റിയതാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി ഹിന്ദുത്വ ഫാഷിസമാണെന്ന അതിന്റെ നിലപാട് മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ ഉന്നംവയ്ക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss