|    Oct 24 Wed, 2018 8:20 am
FLASH NEWS

പ്രവര്‍ത്തനം തടയാനുള്ള നീക്കം ജനാധിപത്യ വിരുദ്ധം: പോപുലര്‍ ഫ്രണ്ട്

Published : 24th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന ഭീതിതമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനാധിപത്യ-ഭരണഘടനാ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള ഇത്തരം ശ്രമങ്ങള്‍ പ്രതിരോധിക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഒരുവിഭാഗം മാധ്യമങ്ങളെയും കൂട്ടുപിടിക്കുന്നു. യുഎപിഎ ചുമത്തപ്പെട്ട നാലു കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് പോപുലര്‍ ഫ്രണ്ടിനെതിരേ വ്യാജവാര്‍ത്തകളും പ്രവര്‍ത്തനം തടയുമെന്ന ഭീഷണിയുമുണ്ടായിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റവും മതസ്പര്‍ദ്ദയുണ്ടാക്കുന്നതെന്ന കുറ്റവും യുഎപിഎയും നിലനില്‍ക്കുന്നതല്ലെന്നു ഹൈക്കോടതിയും സുപ്രിംകോടതിയും വിധിയെഴുതിയ നാറാത്ത് കേസാണ് ഇതിലൊന്ന്. പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസും കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമാണ് മറ്റു രണ്ടു സംഭവങ്ങള്‍. പ്രാദേശികമായുണ്ടായ രണ്ടു സംഭവങ്ങളിലും രാഷ്ട്രീയപ്രേരിതമായാണ് യുഎപിഎ ചുമത്തിയതെന്ന ആക്ഷേപം ശക്തമാണ്. കേരളം മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നടപടികളാണ് അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസിലുണ്ടായത്. ഐഎസ് ബന്ധം ആരോപിക്കുകയല്ലാതെ ഒരു അന്വേഷണ ഏജന്‍സിക്കും തെളിയിക്കാനായിട്ടില്ല. ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ള ദുരൂഹസംഘങ്ങളെ കുറിച്ചും സമൂഹമാധ്യമങ്ങള്‍ വഴി അവര്‍ ഒരുക്കുന്ന കെണിയെക്കുറിച്ചും ജാഗ്രത പാലിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ആശയക്കാര്‍ക്ക് പോപുലര്‍ഫ്രണ്ടില്‍ യാതൊരു ഇടവുമില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി ഹിന്ദുത്വ ഫാഷിസമാണെന്ന സംഘടനയുടെ നിലപാട് സുതാര്യവും വ്യക്തവുമാണ്. ഇതുകൊണ്ടു തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യംവയ്ക്കുന്നത്. അധികാരത്തിന്റെ പിന്‍ബലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി സംഘടനയ്‌ക്കെതിരേ നീക്കം നടത്തുകയാണ് ഹിന്ദുത്വ ഭരണകൂടം ചെയ്യുന്നത്. ഇതിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ഏഴിന് ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയം മുന്‍നിര്‍ത്തി തിരുവനന്തപുരത്ത് മഹാസമ്മേളനം നടക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ക്കു പുറമെ രാഷ്ട്രീയ, സാംസ്‌കാരിക, പൗരാവകാശ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കാളികളാവും. മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം 25 മുതല്‍ 28 വരെ ജില്ലയിലുടനീളം പ്രചാരണജാഥകള്‍ നടത്തും. അബൂബക്കര്‍ മണക്കടവന്‍ (ചെയര്‍മാന്‍), തമ്മട്ടാന്‍ പോക്കര്‍ ഹാജി (വൈസ് ചെയര്‍മാന്‍), സഹീര്‍ അബ്ബാസ് സഅദി (ജനറല്‍ കണ്‍വീനര്‍), എ കെ അബ്ദുല്ല ഹാജി (കണ്‍വീനര്‍), ദയരോത്ത് ആലി (ഖജാഞ്ചി) എന്നിവരുള്‍പ്പെടുന്ന 51 അംഗ ജില്ലാ സ്വാഗതസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, സെക്രട്ടറി സഹീര്‍ അബ്ബാസ് സഅദി, സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ മണക്കടവന്‍, ഇ ടി സാദിഖ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss