|    Feb 26 Sun, 2017 11:39 am
FLASH NEWS

പ്രവചനങ്ങള്‍ മറികടന്ന് ഡോണള്‍ഡ് ട്രംപിന് മിന്നും ജയം; ഇനി ട്രംപ് യുഗം

Published : 10th November 2016 | Posted By: SMR

വാഷിങ്ടണ്‍: അമേരിക്കയുടെ 45ാമത് പ്രസിഡന്റായി റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 288 എണ്ണം ട്രംപ് നേടി. 270 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. പരാജയം സമ്മതിച്ച മുഖ്യ എതിര്‍സ്ഥാനാര്‍ഥി ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരി ക്ലിന്റന്‍ ട്രംപിനെ അഭിനന്ദിച്ചു. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് 70കാരനായ ട്രംപ്. അടുത്തവര്‍ഷം ജനുവരി 20നാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.
18 മാസം മുമ്പ് മാത്രമാണ് ശതകോടീശ്വരനായ വ്യവസായി ട്രംപ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. മൈക്ക് പെന്‍സാണ് പുതിയ വൈസ് പ്രസിഡന്റ്. നിലവില്‍ ഇന്‍ഡ്യാന ഗവര്‍ണറാണ് 57കാരനായ പെന്‍സ്. ഹിലരിയുടെ പരാജയത്തോടെ എട്ടുവര്‍ഷത്തെ ഡമോക്രാറ്റിക് ഭരണത്തിനാണ് അന്ത്യംകുറിച്ചത്.
യുഎസ് പ്രതിനിധിസഭയിലും സെനറ്റിലും റിപബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടി. 435 അംഗ പ്രതിനിധിസഭയില്‍ 240ലധികം സീറ്റ് അവര്‍ക്കു ലഭിച്ചു. 100 അംഗ സെനറ്റില്‍ പകുതിയിലധികം സീറ്റും പാര്‍ട്ടി സ്വന്തമാക്കി. 29 സംസ്ഥാനങ്ങളില്‍ ട്രംപിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. ഹിലരിക്ക് 18 സംസ്ഥാനങ്ങളിലേ ജയിക്കാനായുള്ളൂ. പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, അലാസ്‌ക, ഉട്ട, അയോവ, അരിസോണ, വിസ്‌കോന്‍സിന്‍, ജോര്‍ജിയ, ഒഹായോ, നോര്‍ത്ത് കാരലൈന, ഉത്തര ഡക്കോട്ട, ദക്ഷിണ ഡക്കോട്ട, നബ്രാസ്‌ക, കാന്‍സോ, ഓക്‌ലഹോമ, ടെക്‌സസ്, വ്യോമിങ്, ഇന്‍ഡ്യാന, കെന്റകി, ടെന്നിസി, മിസിസിപ്പി, ആര്‍കന്‍സാസ്, ലൂസിയാന, പശ്ചിമ വെര്‍ജീനിയ, അലബാമ, സൗത്ത് കാരലൈന, മൊണ്ടാന, ഇദാഹോ, മിസ്സൂറി എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചത്.
മയിനെയിലെ ഇലക്ടറല്‍ വോട്ടുകള്‍ ഇരുവരും പങ്കിട്ടു. പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഒഹായോയിലും ആര്‍കന്‍സാസിലും ട്രംപ് വിജയിച്ചത് ഹിലരിക്ക് തിരിച്ചടിയായി. പരമ്പരാഗതമായി ഡമോക്രാറ്റിക് കക്ഷിക്ക് മുന്‍തൂക്കമുള്ള പല സംസ്ഥാനങ്ങളിലും ഹിലരി പിന്നോട്ടുപോയി. ഇരുകക്ഷികള്‍ക്കും ഭൂരിപക്ഷമില്ലാത്ത പല സംസ്ഥാനങ്ങളും പിന്തുണച്ചതാണ് ട്രംപിന് വിജയം എളുപ്പമാക്കിയത്.
ഹിലരിയുടെ സ്വന്തം സംസ്ഥാനമായ ആര്‍കന്‍സാസില്‍ ട്രംപിനായിരുന്നു വിജയം. ഭരണവിരുദ്ധ വികാരവും ഹിലരിക്കെതിരായ ഇ-മെയില്‍ വിവാദങ്ങളുമാണ് ട്രംപിന് അനുകൂലമായതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. രാജ്യം സുരക്ഷാ-സാമ്പത്തിക ഭീഷണി നേരിടുന്നുവെന്നും മറികടക്കാന്‍ തന്റെ ജയം അനിവാര്യമാണെന്നുമായിരുന്നു ട്രംപിന്റെ പ്രധാന പ്രചാരണം. ഹിലരിയെ വ്യക്തിപരമായി അധിക്ഷേപിച്ച ട്രംപിന്റെ വാക്കുകള്‍ ഏറെ വിവാദമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day