|    Oct 19 Fri, 2018 11:00 pm
FLASH NEWS

പ്രളയ ധനസഹായം: അനര്‍ഹരെ ഒഴിവാക്കും

Published : 30th September 2018 | Posted By: kasim kzm

തൃശൂര്‍: ജില്ലയില്‍ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ ധനസഹായം അര്‍ഹര്‍ക്കുമാത്രം നല്‍കി അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ ടി വി അനുപമ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. 10,000 രൂപ അര്‍ഹതയുണ്ടായിട്ടും പലര്‍ക്കും ലഭിക്കാതിരുന്ന സാഹചര്യങ്ങള്‍ എംഎല്‍എമാരായ യു ആര്‍ പ്രദീപ്, ഇ ടി ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
പ്രളയത്തില്‍ പാഞ്ഞാള്‍ കിള്ളിമംഗലത്ത് 5 പട്ടികജാതി കുടുംബങ്ങളുടെ വീട് പൂര്‍ണമായും നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവര്‍ക്ക് അര്‍ഹിച്ച ആനുകൂല്യം നല്‍കണമെന്ന് യു ആര്‍ പ്രദീപ് എംഎല്‍എ ആവശ്യപ്പെട്ടു. ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എംഎല്‍എയ്ക്ക് ഉറപ്പുനല്‍കി.
പ്രളയ പശ്ചാത്തലത്തില്‍ ത്വരിതഗതിയിലുള്ള നടപടികളാണ് ജില്ലയിലെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു നടപ്പാക്കിയതെന്നും 1,06,000 കിറ്റുകള്‍ വിവിധ ക്യാംപുകളില്‍ എത്തിക്കാനാ—യെന്നും ഫണ്ടുകള്‍ പാഴാക്കാതെ പരമാവധി വിനിയോഗിക്കണമെന്നും കലക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്ന് ഇതുവരെ 21 കോടിയിലേറെ രൂപ സമാഹരിക്കാനായിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഒക്ടോബര്‍ 6 വരെ 5 കിലോ ഭക്ഷ്യധാന്യം ഒരു രൂപ നിരക്കില്‍ നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തെ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന ഏനാമാവ്-മുനയം ബണ്ട് അടിയന്തരമായി പുനര്‍ നിര്‍മിക്കുന്നതിന് 91.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായും മഴയുടെ തോതനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാവുമെന്നും വകുപ്പുമേധാവി യോഗത്തെ അറിയിച്ചു. ചീരക്കുഴി തടയണ നിര്‍മാണത്തിന് 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും യോഗത്തെ അറിയിച്ചു.
തൃശൂര്‍-വാടാനപ്പള്ളി റോഡിലെ കുഴികള്‍ അടയ്്ക്കുന്ന നടപടികള്‍ നടക്കുന്നുണ്ടെന്ന് പിഡബ്ല്യുഡി (റോഡ്‌സ്) എന്‍ജിനീയര്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ എറിയാട് ഭാഗത്ത് കടല്‍ഭിത്തി കെട്ടുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസം ഒവിവാക്കണമെന്ന് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു. പട്ടികജാതി – പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനധികൃതമായി ഫണ്ടുകള്‍ സ്വീകരിക്കുന്ന സംഭവത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണം.
വടക്കാഞ്ചേരി നഗരസഭയും സമീപ പഞ്ചായത്തുകൡലും പൈപ്പ് മാറ്റിയിടുന്ന പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാന്‍ വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എന്‍ജിനീയര്‍ നടപടി സ്വീകരിക്കണം, പ്രളയത്തില്‍ തകര്‍ന്ന ചേലക്കര നിയോജകമണ്ഡലത്തിലെ റോഡുകള്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണം, ഭാരതപ്പുഴയിലെ പൈങ്കുളം-വാഴാനിപ്പാടം ഉരുക്കുതടയണ നന്നാക്കണം,
ചെറുതുരുത്തി പോലിസ് സ്‌റ്റേഷനു മുന്നിലും കൊച്ചിന്‍ പാലത്തിനു സമീപത്തെ റോഡിലും പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിച്ചത് മാറ്റണമെന്നും യു ആര്‍ പ്രദീപ് എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അസി. കലക്ടര്‍ പ്രേംകൃഷ്ണന്‍, ഇരിങ്ങാലക്കുട ആര്‍ഡിഒ ഡോ. സി റെജില്‍, ഡെപ്യൂട്ടി കലക്ടര്‍ എം ബി ഗിരീഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ. എം സുരേഷ് കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss