|    Nov 18 Sun, 2018 3:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയാനന്തര പുനര്‍നിര്‍മാണംനഷ്ടം നികത്താന്‍ 26,000 കോടി വേറെ കണ്ടെത്തണം: മുഖ്യമന്ത്രി

Published : 8th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയത്തില്‍ നമുക്ക് സംഭവിച്ച നഷ്ടംനികത്താന്‍ 26,000 കോടിയോളം രൂപ വേറെ കണ്ടെത്തേണ്ട അവസ്ഥയാണു നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയാനന്തര പ്രവര്‍ത്തനങ്ങളും നവകേരള സൃഷ്ടിയും എന്ന വിഷയത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തില്‍ കേരളത്തിനുണ്ടായ നഷ്ടം 31,000 കോടി രൂപയിലധികമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മാനദണ്ഡങ്ങളനുസരിച്ച് 4796 കോടി മാത്രമാണു കേന്ദ്രസഹായമായി ആവശ്യപ്പെടാനാവുന്നത്.
യുഎഇയില്‍നിന്നുള്‍പ്പെടെയുള്ള 700 കോടിയുടെ സഹായ വാഗ്ദാനം ലഭ്യമാക്കാന്‍ അനുമതി കിട്ടിയിരുന്നെങ്കില്‍ അതിനുതുടര്‍ച്ചയായി ആയിരക്കണക്കിന് കോടികള്‍ മറ്റിടങ്ങളില്‍ നിന്ന് ലഭ്യമായേനെ. ആ അവസരമാണു നഷ്ടമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 2000 കോടിയില്‍പരം രൂപ ലഭിച്ചിട്ടുണ്ട്.
ക്രൗഡ് ഫണ്ടിങിലൂടെ ധനസമാഹരണത്തിനും ഐഡിയാ ഹണ്ടിലൂടെ പുതിയ ആശയങ്ങള്‍ സമാഹരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. നിലവിലുള്ള കേരളത്തെ പുനസൃഷ്ടിക്കുന്നതിനപ്പുറം പുതിയൊരു കേരളം നിര്‍മിക്കുകയാണ് നമ്മുടെ ലക്ഷ്യം.
പ്രത്യക്ഷത്തില്‍ കാണുന്ന ദുരന്തത്തിനപ്പുറം സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ മേഖലയ്ക്കും വലിയ ആഘാതമുണ്ടായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും വിധം വിദഗ്ധ സാങ്കേതിക സഹായം തേടും. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള വഴികളും തേടുന്നുണ്ട്. പ്രളയാനന്തര ശുചീകരണത്തില്‍ തദ്ദേശസ്ഥാപനങ്ങളും സമൂഹവും കാണിച്ച മികവ് കാരണമാണ് പകര്‍ച്ചവ്യാധികള്‍ തടയാനായത് എന്നതു ശ്രദ്ധേയമാണ്. ശുചീകരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇനിയും ജാഗ്രത തുടരണം. ജനങ്ങളുടെ ഒരുമ വാര്‍ത്തെടുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ എ തുളസി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ സി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി വിശ്വംഭര പണിക്കര്‍, ഡോ. കെ എന്‍ ഹരിലാല്‍, ഡോ. ബി ഇഖ്ബാല്‍, ചെറിയാന്‍ ഫിലിപ്, ഡോ. ടി എന്‍ സീമ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss