|    Dec 19 Wed, 2018 12:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയാനന്തര ടൂറിസത്തിന് പുത്തനുണര്‍വ് പകര്‍ന്ന് ഹൗസ് ബോട്ട് റാലി

Published : 3rd November 2018 | Posted By: kasim kzm

ആലപ്പുഴ: പ്രളയാനന്തര ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നും നെഹ്‌റുട്രോഫി ജലമേളയ്ക്ക് മുന്നോടിയായും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ആലപ്പുഴ പുന്നമടക്കാലയില്‍ ഹൗസ്‌ബോട്ട് റാലി നടത്തി. പ്രളയത്തിനുശേഷം ജില്ലയിലെ കായലോര ടൂറിസം മേഖലകള്‍ സുരക്ഷിതമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 220 ഹൗസ് ബോട്ടുകള്‍, നൂറ് ശിക്കാര വള്ളങ്ങള്‍ എന്നിവയാണ് സൗജന്യ യാത്രയ്ക്കായി ഒരുക്കിയത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 3000ഓളം ആളുകള്‍ക്കാണ് കഴിഞ്ഞദിവസം സൗജന്യ യാത്രയ്ക്കുള്ള അവസരം ലഭിച്ചത്. 15നു മുകളില്‍ ആളുകളാണ് ഓരോ ബോട്ടിലുമായി യാത്ര നടത്തിയത്. കരിമീന്‍ വറുത്തത്, കോഴിക്കറി തുടങ്ങിയ വിഭവങ്ങളും സൗജന്യമായി അതത് ഹൗസ് ബോട്ട് ഉടമകളുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള തനത് കലാരൂപങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രദര്‍ശനങ്ങളും ഇതിനോടനുബന്ധിച്ച് അരങ്ങേറി.
ഹൗസ് ബോട്ട് റാലിയുടെ ഉദ്ഘാടനവും അതിജീവനത്തിന്റെ നാളുകള്‍ എന്ന പേരില്‍ പ്രളയ ദുരിതത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും വിനോദസഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം പ്രളയത്തിനുശേഷം പുനരുജ്ജീവനത്തിന്റെ പാതയിലാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ 100 ശതമാനവും പ്രവര്‍ത്തനസജ്ജമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹൗസ് ബോട്ട് റാലിയുടെ പ്രചാരണാര്‍ഥം ആലപ്പുഴ ബീച്ചില്‍ നിന്നും പുന്നമട ഫിനിഷിങ് പോയിന്റിലേക്ക് നടത്തിയ ബൈക്ക് റാലിയില്‍ 50ഓളം ബൈക്കുകള്‍ പങ്കെടുത്തു. സ്‌കേറ്റിങ്, ബിഎംഡബ്ല്യൂ ബൈക്ക് റാലി എന്നിവയും ഇതോടനുബന്ധിച്ച് നടത്തി.
പുന്നമട ഫിനിഷിങ് പോയിന്റില്‍ നിന്നാരംഭിച്ച ഹൗസ് ബോട്ടുകള്‍ വേമ്പനാട്ടുകായല്‍, കൈനകരി, കുട്ടമംഗലം, മുട്ടേല്‍ തോട് എന്നിവിടങ്ങളിലൂടെ യാത്ര നടത്തി തിരികെ ഫിനിഷിങ് പോയിന്റിലെത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss