|    Dec 10 Mon, 2018 9:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയാനന്തര കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നിച്ചുനിന്ന് നേടിയെടുക്കണം

Published : 2nd December 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നിച്ചുനിന്ന് നേടിയെടുക്കാന്‍ എംപിമാര്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാരും പാര്‍ലമെന്റ് അംഗങ്ങളുമായുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കണമെന്നും വ്യോമരക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യപ്പെട്ട ഫീസ് ഒഴിവാക്കണമെന്നും എംപിമാരായ പി കരുണാകരനും എംബി രാജേഷും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദുരന്തവേളയില്‍ കേന്ദ്രം നല്‍കിയ അരിക്ക് 223.87 കോടി രൂപ ഈടാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയും കേരള ജനതയോടുള്ള ദയാരഹിത നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എംപിമാരായ ബിനോയ് വിശ്വവും എം പി വീരേന്ദ്രകുമാറും പ്രമേയം അവതരിപ്പിച്ചു. ഇരു പ്രമേയങ്ങളും ഒന്നായി നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രളയം ബാധിച്ച കേരളത്തിന്റെ പുനസ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണ്. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 2,500 കോടി രൂപ നല്‍കുമെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. സഹായധനം വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം 10 ശതമാനം വര്‍ധിപ്പിക്കുക, വായ്പാ പരിധി മൊത്തം ആഭ്യന്തര ഉല്‍പ്പന്നത്തിന്റെ 4.5 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കണം. ജിഎസ്ടി സെസ് ഏര്‍പ്പെടുത്താന്‍ നടപടിയായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍, ഡോ. ടി എം തോമസ് ഐസക്, എ കെ ബാലന്‍, ജി സുധാകരന്‍, പി തിലോത്തമന്‍, ഡോ. കെ ടി ജലീല്‍, സി രവീന്ദ്രനാഥ്, കെ കെ ശൈലജ, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഇ ടി മുഹമ്മദ് ബഷീര്‍, ബിനോയ് വിശ്വം, എം പി വീരേന്ദ്രകുമാര്‍, എം ബി രാജേഷ്, വി മുരളീധരന്‍, ജോയ്‌സ് ജോര്‍ജ്, പി കെ ശ്രീമതി, പി കരുണാകരന്‍, കെ സോമപ്രസാദ്, കെ കെ രാഗേഷ്, പി വി അബ്ദുല്‍ വഹാബ്, ചീഫ് സെക്രട്ടറി ടോം ജോസ് സന്നിഹിതരായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss