|    Nov 21 Wed, 2018 6:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയാനന്തരം ഇരകളോട് സര്‍ക്കാര്‍ ചെയ്തത്

Published : 30th October 2018 | Posted By: kasim kzm

2018 ആഗസ്ത് 16. മഹാപ്രളയത്തില്‍ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആള്‍നഷ്ടമുണ്ടായ ദിവസം. ചിറ്റൂര്‍ താലൂക്ക് നെന്മാറ പഞ്ചായത്ത് വല്ലങ്ങി വില്ലേജ് അളവശ്ശേരി ചേരുകാട്ട് മാത്രം 10 പേരാണ് അന്നേദിവസം മ രിച്ചത്. മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പ്രദേശത്തെ 11 കുടുംബങ്ങള്‍ ജീവനുംകൊണ്ടോടി. അന്ന് ഉടുതുണിയുമായി വീട്ടില്‍നിന്നിറങ്ങി ഓടിരക്ഷപ്പെട്ടവരുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഏതുസമയവും പിളര്‍ന്ന് താഴേക്കു പതിക്കാവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മലയടിവാരത്താണ് ഇവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്നത്. ഇനി ആ വീട്ടില്‍ മനസ്സമാധാനത്തോടെ കഴിയാനാവില്ലെന്ന് ഇവര്‍ പറയുന്നു.
ചേരുകാട്ടെ കൊളക്കപ്പാടം കെ കെ ഇബ്രാഹീം, കെ നാസര്‍, ശബരിനാഥ്, രാജി, രാജകുമാരന്‍, മുത്താമ്മദ്, അക്ബര്‍, സൈതമ്മാള്‍, കുമാരന്‍, സൈനബ് എന്നിവരാണ് അധികൃതരുടെ വാക്കുകേട്ട് വീടുവിട്ടിറങ്ങിയത്. ആഗസ്ത് 16 മുതല്‍ ആഴ്ചകളോളം നെന്മാ റ ബോയ്‌സ്, ഗേള്‍സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപി ല്‍ കഴിഞ്ഞു. പിന്നീട് റവന്യൂ അധികൃതരുടെ വാഗ്ദാനം കേട്ട് വാടകവീട്ടിലേക്ക് മാറിത്താമസിച്ചു. 10,000 രൂപ അഡ്വാന്‍സും 4,000 രൂപ വരെ ഫഌറ്റിന് വാടകയും തരാമെന്നു പറഞ്ഞാണ് ഈ കുടുംബങ്ങളെ സര്‍ക്കാര്‍ വാടകവീട്ടിലേക്ക് ആകര്‍ഷിച്ചത്. നേരത്തേയുള്ള വീട്ടില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്നും ഇനി അവിടേക്കു പോവരുതെന്നും ജിയോളജി വകുപ്പും വില്ലേജ് അധികൃതരും തങ്ങളോട് പറഞ്ഞതായി ഇബ്രാഹീമും ശബരിനാഥിന്റെ ഭാര്യ ബീനയും പറയുന്നു. വാസയോഗ്യമായ മറ്റൊരു വീട് സര്‍ക്കാര്‍ നല്‍കുമെന്ന പ്രതീക്ഷയില്‍ വാടകവീട്ടിലേക്ക് താമസം മാറിയ ഇവര്‍ക്ക് ഒരുമാസം കഴിഞ്ഞിട്ടും യാതൊന്നും സര്‍ക്കാരില്‍ നിന്നു ലഭിച്ചില്ല. പ്രളയബാധിതര്‍ക്കെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ പോലും ആര്‍ക്കും ലഭിച്ചില്ല. ചിലര്‍ക്ക് പരിഹാസമെന്നോണം ബാങ്ക് അക്കൗണ്ടില്‍ കേവലം 1000 രൂപ നല്‍കി. രണ്ടുപേര്‍ക്ക് അതും ലഭിച്ചില്ല. പ്രളയബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിനാലാണ് ധനസഹായം ലഭിക്കാത്തതെന്ന് വില്ലേജ്-പഞ്ചായത്ത് അധികാരികള്‍ പറയുന്നു. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിന്റെ കാരണമാണു ബഹുരസം. വീടുകളില്‍ വെള്ളം കയറിയില്ലപോലും. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്നു വീടുകള്‍ പൂര്‍ണമായും ഒരു വീട് ഭാഗികമായും തകര്‍ന്ന പ്രദേശത്തുനിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട ഇവരോടുള്ള സര്‍ക്കാര്‍ സമീപനമാണിത്. റവന്യൂ അധികൃതര്‍ പഴയ വീട്ടിലേക്കു പോവരുതെന്നു പറയുമ്പോള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പഴയ വീട്ടിലേക്കു മാറിക്കൊള്ളാനും ഇനി എന്തെങ്കിലും ദുരന്തമുണ്ടായാല്‍ നോക്കാമെന്നുമാണു പറയുന്നതെന്ന് ഇരകള്‍ സങ്കടപ്പെടുന്നു.
ഇന്നിപ്പോള്‍ വില്ലേജ്-പഞ്ചായത്ത് ഓഫിസുകളും കലക്ടറേറ്റും കയറിയിറങ്ങുകയാണ് ഇവര്‍. സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് ആരും ഉറപ്പുനല്‍കുന്നില്ലെങ്കിലും കുടുംബശ്രീയുടെ വായ്പ തരപ്പെടുത്തിത്തരാമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പറയുന്നുണ്ട്. പ്രളയശേഷം മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്തു നിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കുമെന്നും വീട് തകര്‍ന്നവര്‍ക്ക് മറ്റൊരു സ്ഥലത്ത് വീട് നിര്‍മിച്ചുനല്‍കുമെന്നുമാണു പറഞ്ഞത്. ഇവിടെ വീട് പൂര്‍ണമായും തകര്‍ന്ന മൂന്നു കുടുംബങ്ങള്‍ക്ക് ഒരു സന്നദ്ധസംഘടന വീട് നിര്‍മിച്ചു നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. എന്നാല്‍, അധികൃതരുടെ വാക്ക് കേട്ടും വിണ്ടുകീറിനില്‍ക്കുന്ന മലയടിവാരത്ത് ജീവിക്കുന്നതില്‍ പേടിയുള്ളതുകൊണ്ടും വീടൊഴിയേണ്ടിവന്ന 11 കുടുംബങ്ങളാണ് വഴിയാധാരമായത്. വാടകനല്‍കാത്തതു കാരണം ഉടമസ്ഥന്‍ ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ജീവിതോപാധിയും കൃഷിയും നഷ്ടമായ ഇവര്‍ എങ്ങനെ വാടക നല്‍കുമെന്ന് അധികൃതര്‍ക്കും വിശദീകരിക്കാനാവുന്നില്ല.

(അവസാനിക്കുന്നില്ല)

സംയോജനം: ഇ ജെ ദേവസ്യ
റിപോര്‍ട്ട്: ഹനീഫ എടക്കാട്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss