|    Dec 17 Mon, 2018 11:08 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയശേഷം മണ്ണിലുണ്ടായ മാറ്റങ്ങള്‍: പഠനം അനിവാര്യമെന്ന് മന്ത്രി

Published : 22nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയശേഷം കേരളത്തിന്റെ മണ്ണിനു സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം അനിവാര്യമാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. മണ്ണിനു സംഭവിക്കുന്ന മാറ്റങ്ങള്‍ കൃഷിയെ മാത്രമല്ല ബാധിക്കുന്നത്. ആവാസവ്യവസ്ഥയ്ക്ക് മൊത്തമായി അത് ഗുരുതര പ്രത്യാഘാതങ്ങള്‍ വരുത്തിയിട്ടുണ്ട്. മേല്‍മണ്ണിനു സംഭവിക്കുന്ന മാറ്റങ്ങള്‍ സാമ്പത്തികരംഗത്തെ മൊത്തമായും ബാധിക്കുന്ന സാഹചര്യമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
കാര്‍ഷികമേഖലയിലെ പ്രളയപ്രത്യാഘാതങ്ങളുടെ ലഘൂകരണവും ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും സംബന്ധിച്ച് മണ്ണുപര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിവൃഷ്ടിയാണ് ഉരുള്‍പൊട്ടലിനും അതുമൂലമുള്ള വന്‍ മണ്ണൊലിപ്പിനും കാരണമായത്. പ്രളയകാലത്ത് 260ല്‍ ഏറെ പ്രദേശങ്ങളിലായി 1000ഓളം ഉരുള്‍പൊട്ടലുകളുണ്ടായി. മണ്ണൊലിപ്പിന്റെ ദേശീയ ശരാശരി ഹെക്റ്ററിന് 16 ടണ്‍ ആണെങ്കില്‍ കേരളത്തില്‍ ഇത് 30 മുതല്‍ 50 ടണ്‍ വരെയാണ്. കാര്‍ഷികമേഖലയെ ഈ വിനാശകരമായ അവസ്ഥയില്‍നിന്നു രക്ഷിക്കുന്നതിന് എന്തു പ്രതിവിധി ചെയ്യാനാവുമെന്ന് ഗഹനമായി ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
അശാസ്ത്രീയമായ ഭൂവിനിയോഗത്തിനെതിരേ ജാഗ്രത കാട്ടണം. വളപ്രയോഗത്തിനു മുമ്പ് ശാസ്ത്രീയമായ മണ്ണുപരിശോധന നിര്‍ബന്ധമാക്കണം. മണ്ണിനുണ്ടാവുന്ന മാറ്റങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിലും മാറ്റങ്ങളുണ്ടാക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കൃഷിവകുപ്പും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ മണ്ണിലും ആവാസവ്യവസ്ഥയിലുമുണ്ടായ മാറ്റങ്ങളെ പുനര്‍നിര്‍ണയിക്കണമെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss