|    Oct 20 Sat, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയവും രക്ഷാപ്രവര്‍ത്തനവും ശില്‍പമാക്കി ഡാവിഞ്ചി സുരേഷ്

Published : 27th August 2018 | Posted By: kasim kzm

എടപ്പാള്‍: പ്രളയദുരന്തത്തിന്റെ ഓര്‍മയ്ക്കായി ഡാവിഞ്ചി സുരേഷ് തീര്‍ത്ത ശില്‍പം പ്രശംസ പിടിച്ചുപറ്റുന്നു. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യവും ലോകരാഷ്ട്രങ്ങളുടെ കൈത്താങ്ങും മല്‍സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ സ്വയം ചവിട്ടുപടിയായ മലപ്പുറത്തുകാരന്‍ ജെയ്‌സലും അടങ്ങുന്നതാണ് ശില്‍പം. ഇരുമ്പ്, പോളിഫോം, ഫൈബര്‍ കെമിക്കല്‍, എംസീല്‍ തുടങ്ങിയവ ഉപയോഗിച്ചാണു നിര്‍മാണം. ത്രീഡി മാതൃകയിലാണ് ശില്‍പം നിര്‍മിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു വഹിച്ചവര്‍ക്കും സൈന്യത്തിനും കടലിന്റെ മക്കള്‍ക്കുമായി ശില്‍പം സമര്‍പ്പിക്കുന്നുവെന്നു ചിത്രകാരനും സിനിമാ കലാസംവിധായകനുമായ ഈ കൊടുങ്ങല്ലൂരുകാരന്‍ പറയുന്നു. ശില്‍പത്തില്‍ തോണിയില്‍ കയറാന്‍ ചവിട്ടുപടിയായി മാറിയ മലപ്പുറം താനൂര്‍ സ്വദേശി ജെയ്‌സലും സ്ഥാനംപിടിച്ചിട്ടുണ്ട്. ജെയ്‌സല്‍ മലപ്പുറത്തിന്റെ മനസ്സാണ് കാണിച്ചു തന്നതെന്നും പ്രളയക്കെടുതിയുടെ ചരിത്രത്തില്‍ ഇയാള്‍ സ്ഥാനംപിടിച്ചു കഴിഞ്ഞതായും സുരേഷ് പറയുന്നു. ചിത്രകലയോടൊപ്പം സിനിമയും ശില്‍പനിര്‍മാണവും ആല്‍ബം തുടങ്ങി മറ്റു കലാപരിപാടികളാലും ഈ കലാകാരന്‍ പ്രസിദ്ധനാണ്. നിരവധി എക്‌സിബിഷനും സിനിമയ്ക്കും ശില്‍പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് കേരളം സന്ദര്‍ശിച്ചപ്പോള്‍ കാമറയേന്തിയ ഇദ്ദേഹത്തിന്റെ ശില്‍പവും നിര്‍മിച്ച് നല്‍കി. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ചിത്രം കളര്‍നൂലില്‍ നെയ്തും കാരിക്കേച്ചര്‍ നിര്‍മിച്ചും അദ്ദേഹത്തിന് സമര്‍പ്പിച്ചു. വെള്ളത്തില്‍ ചിത്രം വരച്ച റെക്കോഡും തീപ്പുലി എന്ന ആല്‍ബത്തിനായി തീ കൊണ്ട് പുലിയുടെ ചിത്രവും തീര്‍ത്ത കഥ കൂടിയുണ്ട് ഈ അനുഗൃഹീത കലാകാരന്റെ കൈപ്പിടിയില്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss