|    Sep 19 Wed, 2018 12:41 pm
FLASH NEWS

പ്രളയവും ഉരുള്‍പൊട്ടലും: ദുരിതം മാറാതെ അട്ടപ്പാടി

Published : 28th August 2018 | Posted By: kasim kzm

അഗളി: പ്രളയവും മഴയും ഒഴിഞ്ഞെങ്കിലും അട്ടപ്പാടി നിവാസികളുടെ ദുരിതത്തിന് അറുതിയായില്ല. മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഏക റോഡ് തകര്‍ന്നത് ഇവരെ ഒറ്റപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. പതിമൂന്ന് സ്ഥലങ്ങളില്‍ റോഡിന് കുറുകെ മരം വീണ് കാല്‍നട പോലും ദുസ്സഹമാക്കിയിട്ടുണ്ട്.
റോഡടക്കം മല ഇടിഞ്ഞിറങ്ങുകയും ചെയ്തതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയും ചെയ്തു. ഇപ്പോള്‍ റോഡിലെ മണ്ണും മരവും നീക്കിയെങ്കിലും ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നുപോവാന്‍ അനുമതിയുള്ളത്. അതും രാത്രി ഏഴുവരെ മാത്രം. അത് കഴിഞ്ഞാല്‍ വാഹനങ്ങളുടെ ആധിക്യമുണ്ടായാല്‍ ഒന്നിച്ച് കയറ്റി വിടും.
എന്നാല്‍ ബസ്സടക്കം വലിയ വാഹനങ്ങള്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. പലയിടങ്ങളിലും റോഡും മലയും ഇടിഞ്ഞ് പോവുകയും വിള്ളല്‍ ഉണ്ടാവുകയും ചെയ്തതിനാല്‍ ഒരു ബസ്സിന് കഷ്ടിച്ച് പോവാനുള്ള വീതിയേ ഇപ്പോള്‍ ചുരത്തിലുള്ളു.
മഴ നിന്നെങ്കിലും ഉറവ വെള്ളം നിരവധി സ്ഥലങ്ങളില്‍ ഒലിച്ചിറങ്ങുന്നത് കാരണം ഏതു സമയവും മല ഇടിഞ്ഞിറങ്ങാനും സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കോ, മറ്റു യാത്രകള്‍ക്കോ സാധിക്കാതെയായി. ഭക്ഷ്യവിഭവങ്ങളടക്കമുള്ള അവശ്യ സാധനങ്ങള്‍ മണ്ണാര്‍ക്കാട് നിന്നും കൊണ്ടുവരാനും കഴിയുന്നില്ല.
ഓണാവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുകയാണ് നാളെ. നിരവധി വിദ്യാര്‍ഥികളും അധ്യാപകരും മണ്ണാര്‍ക്കാട്ടേക്കും മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കും സ്ഥിരം യാത്ര ചെയ്യുന്നവരായുണ്ട്. ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ മറ്റു ചെറിയ ടാക്‌സി വാഹനങ്ങള്‍ വന്‍നിരക്കാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss