|    Aug 15 Wed, 2018 8:00 pm
FLASH NEWS
Home   >  Kerala   >  

പ്രളയമേഖലകളില്‍ കര്‍മ്മനിരതരായി എസ്ഡിപിഐ കര്‍മ്മസേന

Published : 11th August 2018 | Posted By: afsal aph


കോഴിക്കോട്: പേമാരി ദുരന്തം വിതച്ചപ്പോള്‍ പ്രളയമേഖലയില്‍ സഹായ ഹസ്തവുമായി രാപകല്‍ വിശ്രമമില്ലാതെ എസ്ഡിപിഐ രൂപീകരിച്ച കര്‍മ്മ സേന. വയോധികരും സ്ത്രീകളും കുരുന്നുകളുമുടക്കമുള്ള ആയിരങ്ങള്‍ക്കാണ് ദുരന്തമേഖലയില്‍ കയ്യുംമെയ്യും മറന്ന് രംഗത്തിറങ്ങിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തുണയായത്. ഒരു സംഘം പ്രവര്‍ത്തകര്‍ വെള്ളക്കെട്ടില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചും അവശ്യ വസ്തുക്കള്‍ എത്തിച്ചും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍ ദുരന്തം ബാധിക്കാത്ത മേഖലകളില്‍ ദുരന്തബാധിതര്‍ക്കായി ഭക്ഷണവും വസ്ത്രങ്ങളും മറ്റു വിഭവങ്ങളും ശേഖരിക്കുന്ന തിരക്കിലായിരുന്നു മറ്റിടങ്ങളിലെ പ്രവര്‍ത്തകര്‍.

എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ മനോജ് കുമാര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു

പേമാരി കൂടുതല്‍ നാശനഷ്ടം വിതച്ച വയനാട്, കോഴിക്കോട്, മലപ്പുറം നിലമ്പൂര്‍, ആലുവ, ഇടുക്കി, ആലപ്പുഴ കുട്ടനാട് മേഖലകളിലെ ദുരന്തമുഖത്ത് തന്നെ കര്‍മ്മനിരതരായ എസ്ഡിപിഐ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിരുന്നു.
ഇടമലയാറിന്റെ ഓരം കുട്ടമ്പുഴ മുതല്‍ ജില്ലയുടെ പാടിഞ്ഞാറേ തീരം വൈപ്പിന്‍ വരെ പെരിയാറിന്റെ ഇരു കരകളിലും എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആര്‍.ജി റെസ്‌ക്യൂ ടീം രാപകല്‍ കാവലിരുന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജലസ്രോതസ്സുകള്‍ മലിനമായ പ്രളയമേഖലയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുടിവെള്ളം വിതരണം ചെയ്യുന്നു

ദുരന്ത മുന്നറിയിപ്പുകള്‍, ആശ്വാസവാകുകള്‍, സേവനപ്രവര്‍ത്തനങ്ങള്‍, വിഭവ സമാഹാരണം, വിതരണം, നിയമൊപദേശങ്ങള്‍ തുടങ്ങി പ്രളയമേഖലകളില്‍ സജീവമായി തന്നെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു. നിലമ്പൂരില്‍ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കുന്നതില്‍ ദ്രുതകര്‍മ്മ സേനക്കൊപ്പം എസ്ഡിപിഐ പ്രവര്‍ത്തകരേയും കാണാം. എല്ലാ ജില്ലകളില്‍ നിന്നും വിഭവങ്ങള്‍ ശേഖരിച്ച് ദുരന്തമേഖലയില്‍ വിതരണം ചെയ്യുന്നതിലും എസ്ഡിപിഐ പ്രവര്‍ത്തകര്‍ സജീവമായി. വിഭവ സമാഹരണത്തിന് ജനങ്ങളെ സമീപിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കി നാട്ടുകാരും കൂടെ നിന്നു. നിരവധി ലോറികളിലാക്കിയാണ് ഭക്ഷ്യവിഭവങ്ങള്‍ അടക്കമുള്ളവ പ്രളയമേഖലയില്‍ എത്തിച്ചത്.

ഉടുവസ്ത്രങ്ങളൊഴികെ വെള്ളത്തിനടിയിലായവര്‍ക്ക് ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും എത്തിച്ച കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ദുരന്തബാധിതര്‍ക്ക് ഏറെ ആശ്വാസമാണ് നല്‍കിയത്. അബ്ദുല്‍ മജീദ് ഫൈസി, എം കെ മനോജ് കുമാര്‍, അജ്മല്‍ ഇസ്മയില്‍ തുടങ്ങി എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ തന്നെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പിന്തുണയുമായി പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്നു. എല്ലാ ജില്ലകളിലും ജില്ലാ പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ ജില്ലാ ഭാരവാഹികളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss