|    Nov 19 Mon, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനംഎസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍;കള്ളക്കേസെന്ന് ആക്ഷേപം

Published : 24th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയബാധിത മേഖലകളില്‍ ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ എസ്ഡിപിഐ ആര്‍ജി ടീം ജില്ലാ ക്യാപ്റ്റനെയും സഹ ക്യാപ്റ്റനെയും അറസ്റ്റ് ചെയ്തു. കള്ളക്കേസില്‍ കുടുക്കിയ പോലിസ് നടപടിക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആയിരത്തോളം വരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ നയിച്ച ആര്‍ജി ടീം ജില്ലാ ക്യാപ്റ്റന്‍ വി എം ഫൈസലിനെയും യാക്കൂബ് സുല്‍ത്താനെയുമാണ് അറസ്റ്റ് ചെയ്തത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്ന് എസ്ഡിപിഐയെ മാറ്റിനിര്‍ത്തുന്നതിനുള്ള സിപിഎം നടപടിക്ക് പോലിസ് ഒത്താശ നല്‍കുന്നുവെന്നാണ് ആരോപണം. പ്രളയം രൂക്ഷമായ ആദ്യഘട്ടത്തില്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനിന്നത് എസ്ഡിപിഐയായിരുന്നു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തിയ ആര്‍ജി ടീം നിരവധി പേരുടെ ജീവനുകളാണ് രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പോലിസ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് പറവൂര്‍ മാഞ്ഞാലി ചാലക്ക ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ മൂന്ന് ദിവസമായി കുരുങ്ങിക്കിടന്ന വിദ്യാര്‍ഥികളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഇതിനിടയില്‍ പെണ്‍കുട്ടികളെ ചൂഷണംചെയ്യാനെത്തിയ സാമൂഹികവിരുദ്ധരെ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി പറഞ്ഞു. വെടിമറ സ്വദേശികളായ മൂന്നുപേരുടെ നേതൃത്വത്തില്‍ 10ഓളം വരുന്ന സംഘമാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. പെരുന്നാള്‍ ദിവസം ഇതേ സംഘം ആര്‍ജി ടീം അംഗങ്ങളായ ഷിഫാസിനെയും അന്‍വറിനെയും മര്‍ദിച്ചു. മര്‍ദനമേറ്റവരെ പറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആശുപത്രി കോംപൗണ്ടില്‍ വച്ച് പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിന്റെ കാരണം തിരക്കി പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസിലെത്തിയ വി എം ഫൈസലിനെയും യാക്കൂബ് സുല്‍ത്താനെയും മര്‍ദിച്ച സിപിഎം പ്രവര്‍ത്തകര്‍ പോലിസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. പറവൂര്‍ സിഐ അനില്‍കുമാറും എസ്‌ഐ സാബുവും സിപിഎമ്മിന്റെ ചട്ടുകങ്ങളായാണു പ്രവര്‍ത്തിച്ചത്. ജില്ലാ ജയിലില്‍ അടച്ച ഇരുവരും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം ആരംഭിച്ചതായും നേതാക്കള്‍ അറിയിച്ചു. പ്രളയമേഖലയില്‍ എസ്ഡിപിഐ അടക്കമുള്ള പാര്‍ട്ടികളുടെ സേവനത്തെ ജനങ്ങള്‍ പുകഴ്ത്തുന്നതിലെ അസൂയയാണ് കള്ളക്കേസുകള്‍ക്ക് പിന്നില്‍. പരിശീലനം നേടിയ 3000ഓളം ആര്‍ജി ടീം വോളന്റിയര്‍മാരാണ് ദിവസങ്ങളായി ജില്ലയിലെ ദുരിതമേഖലകളില്‍ സേവനം ചെയ്തുവരുന്നത്. മൂന്നു ഘട്ടങ്ങളായി ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമായ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി. രണ്ടാംഘട്ടമായ പുനരധിവാസ-ക്ലീനിങ് പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടറി സുള്‍ഫിക്കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss