|    Nov 17 Sat, 2018 9:21 pm
FLASH NEWS

പ്രളയദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കാസര്‍കോട്

Published : 19th August 2018 | Posted By: kasim kzm

കാസര്‍കോട്/തൃക്കരിപ്പൂര്‍: പ്രളയ ദുരന്തത്തില്‍ എല്ലാ തകര്‍ന്നടിഞ്ഞ സഹോദരങ്ങളെ സഹായിക്കാന്‍ ജില്ലയിലെ ജനങ്ങളും കൈകോര്‍ക്കുന്നു. ജാതിമത ചിന്തകള്‍ക്കതീതമായി ജില്ലയില്‍ വിവിധ സംഘടനകളുടേയും വിദ്യാര്‍ഥികളുടേയും നേതൃത്വത്തില്‍ ധനസമാഹരണവും അവശ്യ വസ്തുക്കളുടെ സമാഹരണവും നടന്നുവരികയാണ്. വിദ്യാലയങ്ങള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മതസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സഹായഹസ്തവുമായി രംഗത്തുള്ളത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അരക്കോടി രൂപ സമാഹരിച്ച് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ സ്വകാര്യ ബസുകള്‍ 30ന് കാരുണ്യ യാത്ര നടത്തി ലഭിക്കുന്ന കലക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
മുസ്്‌ലിംലീഗ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ജീവിതത്തിന്റെ നാനാമേഖലകളില്‍ പെട്ടവര്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1996 ബാച്ച് ദുരിതബാധിതരെ സഹായിക്കാനായി വസ്ത്രങ്ങളും അവശ്യ സാധനങ്ങളും ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് കൈമാറി. കലക്്ടറേറ്റ് ജീവനക്കാര്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സഹായഹസ്തവുമായി വന്നത്.
തളങ്കര ദഖീറത്ത് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റും സഹായമായി പ്രസ്‌ക്ലബ്ബില്‍ ഏല്‍പ്പിച്ചു. പ്രസ് ക്ലബ്ബ് നടത്തുന്ന സമാഹരണത്തിലേക്ക് കാസര്‍കോട് പീസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച 75,000 രൂപയും 75,000 രൂപയുടെ സാധനങ്ങളും കൈമാറി. പീസ് പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. എം പി ശാഫി ഹാജി, പ്രിന്‍സിപ്പല്‍ ഡോ. എ എ എം കുഞ്ഞി, മാനേജര്‍ ശംസുദ്ദീന്‍ മാക്കോ, ഹെഡ്‌ബോയ് ഹിഷാം അലി എന്നിവര്‍ ചേര്‍ന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ശാഫിയെ തുകയും വിഭവങ്ങളും ഏല്‍പിച്ചു. കര്‍മ്മന്തൊടി മുണ്ടോള്‍ ജങ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ ഇന്നലെ വാടക ഇനത്തില്‍ ലഭിച്ച മുഴുവന്‍ തുകയും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
തൃക്കരിപ്പൂര്‍: പ്രളയബാധിതരെ സഹായിക്കാനായി തുടങ്ങിയ ‘കനിവോടെ കാസര്‍കോട്’ കൂട്ടായ്മക്ക് തൃക്കരിപ്പൂരിന്റെ മികച്ച പിന്തുണ. ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലായാണ് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളായി അറിയിച്ചിരുന്നത്. ഇവിടങ്ങളില്‍ ബന്ധപ്പെടാനായി നല്‍കിയിരുന്ന നമ്പറുകളില്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും വിദേശത്തുനിന്നും അന്വേഷണങ്ങള്‍ എത്തി.
പ്രളയ ബാധിതര്‍ക്കായി വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെന്ന യുവാക്കളോട് തൃക്കരിപ്പൂര്‍ കോയമ്പത്തൂര്‍ ടെക്സ്റ്റയില്‍സ് അധികൃതര്‍ മൂന്ന് ബാഗുകള്‍ നിറയെ പുത്തന്‍ കുട്ടിയുടുപ്പുകളും സ്ത്രീകളുടെ വസ്ത്രങ്ങളും നല്‍കിയാണ് സഹകരിച്ചത്. പ്രവാസി ഇടപെടലിനെ തുടര്‍ന്ന് ലബാമ ടെക്സ്റ്റയില്‍സ് മറ്റൊരു കടയില്‍ നിന്ന് എഴുപതിലേറെ ചുരിദാറുകള്‍ സമ്മാനിച്ചു. തൃക്കരിപ്പൂര്‍ ഇന്‍സൈറ്റ് സ്റ്റുഡിയോ കേന്ദ്രമായാണ് അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നല്‍കിയിരുന്ന അഭ്യര്‍ഥന മണിക്കൂറുകള്‍ക്കുള്ളില്‍ കാരുണ്യ മഴയായി പ്രവഹിക്കുകയായിരുന്നു. അരി, അവല്‍, വെല്ലം, ചപ്പാത്തി, മുതല്‍ മെഴുകുതിരിയും പുതപ്പും വരെ കലക്ഷന്‍ സെന്ററുകളില്‍ എത്തിച്ചിരുന്നു. രണ്ടുവലിയ ട്രക്ക് നിറയെ സാധന സാമഗ്രികള്‍ വെള്ളിയാഴ്ച തന്നെ കനിവോടെ കാസര്‍കോട് വയനാട് ജില്ലയിലെ പനമരത്തെത്തിച്ചു. തൃക്കരിപ്പൂരിലെ പി ഷക്കീറിന്റെ ബിസ്മില്ല ടീ സ്റ്റാളിലെ ഒരു ദിവസത്തെ വരുമാനം മുഴുവന്‍ പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്കായി മാറ്റിവെച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു ലോഡ് അവശ്യ സാധനങ്ങളുമായി വാഹനം വയനാട്ടിലേക്ക് തിരിച്ചു. നാട്ടിലെ വിവിധ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ നിന്നും സാധനങ്ങള്‍ സമാഹരിച്ച് ദുരിതബാധിതര്‍ക്ക് അയച്ചുകൊടുത്തത്. ബക്രീദ്, ഓണം ആഘോഷങ്ങള്‍ മാറ്റിവച്ചാണ് പലരും ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
കുറ്റിക്കോല്‍: കാട്ടിപ്പാറ ഗവ. എല്‍പി സ്‌കൂളിലെ എല്‍കെജി മുതല്‍ നാലാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളാണ് തങ്ങള്‍ മിഠായി വാങ്ങാനും മറ്റുമായി കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സ്‌കൂള്‍ ലീഡര്‍ അര്‍ഷിത്ത് ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചര്‍ക്ക് കൈമാറി.
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് കടപ്പുറം ഓട്ടോ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ ഇന്നലെ വാടക ഇനത്തില്‍ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി. ട്രാഫിക് എസ്‌ഐ ശശിധരന്‍ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിം പടുപ്പിന് ആദ്യ വാടക നല്‍കി ഉദ്ഘാടനം ചെയ്തു. ഷിബു കടപ്പുറം, ബൈജു കടപ്പുറം, ബിജു അരമങ്ങാനം, രതീഷ് വട്ടപ്പാറ, അഷ്‌റഫ് മുതലപ്പാറ, ഇബ്രാഹിം, മുനീര്‍, ഹനീഫ്, ഉനൈസ്, റിയാസ് സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss