|    Dec 13 Thu, 2018 6:56 am
FLASH NEWS

പ്രളയദുരിതബാധിതര്‍ക്കായി കര്‍മപരിപാടിയുമായി ആയുര്‍വേദ വകുപ്പ്

Published : 1st September 2018 | Posted By: kasim kzm

കല്‍പ്പറ്റ: പ്രളയദുരന്ത ബാധിതര്‍ക്കായി വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ആയുര്‍വേദ വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രളയാനന്തര ആരോഗ്യ സംരക്ഷണപദ്ധതിയായ ഒപ്പമുണ്ട് ആയുര്‍വേദം എന്ന കര്‍മ പരിപാടിയുടെ ഭാഗമായി ആയുര്‍വേദ വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം, ഔഷധക്കിറ്റ് വിതരണം, ഔഷധധൂമചൂര്‍ണ വിതരണം മുതലായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കര്‍മ പരിപാടിയുടെ ഭാഗമായ ‘ധൂമരഥം’ എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. പ്രളയബാധിത ദുരിതാശ്വാസ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജ്, പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ വൈദ്യവിദ്യാര്‍ഥികളുടെയും ആയുര്‍വേദ വിദഗ്ധരുടെയും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ മറ്റു ഡോക്ടര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും, ആവശ്യമായ ആരോഗ്യബോധവല്‍ക്കരണം, വൈദേ്യാപദേശം, മാനസിക പിന്തുണ എന്നിവ നല്‍കുന്നതിനുമായി വിവിധ ദുരിതബാധിത മേഖലകളില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നുണ്ട്. നൂറ് യൂനിറ്റുകളായി പ്രളയദുരന്തം ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിച്ച പൊഴുതന, വൈത്തിരി, കോട്ടത്തറ, വെങ്ങപ്പള്ളി, പനമരം, പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലും മാനന്തവാടി, കല്‍പ്പറ്റ മുനിസിപ്പാലിറ്റികളിലുമായി 5000ത്തോളം വീടുകള്‍ ഇത്തരത്തില്‍ സന്ദര്‍ശിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആരോഗ്യസംരക്ഷണത്തിനാവശ്യമായ ഔഷധക്കിറ്റ് വിതരണവും നടത്തുന്നു.
ദ്രുതകര്‍മസേനാ കണ്‍വീനര്‍മാരുടെ കീഴില്‍ ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചുകൊണ്ട് ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളില്‍ 100ഓളം മെഡിക്കല്‍ ക്യാംപുകളും ബോധവല്‍ക്കരണ ക്ലാസുകളും നടത്തി. 8,000ത്തോളം രോഗികള്‍ക്ക് ആയുര്‍വേദ ചികില്‍സയിലൂടെ ആശ്വാസം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവനക്കാരുടെ കൂട്ടായ്മയില്‍ നിന്ന് സമാഹരിച്ച രണ്ടരലക്ഷത്തോളം രൂപ ഉപയോഗിച്ച് ദുരിതബാധിത പ്രദേശങ്ങളില്‍ ആവശ്യമായ ഭക്ഷണകിറ്റുകള്‍, ടാര്‍പായകള്‍, ശുചീകരണത്തിനാവശ്യമായ അവശ്യസാധനങ്ങളുടെ നാനൂറോളം കിറ്റുകള്‍ മുതലായവ വിതരണം ചെയ്തു.
പദ്ധതിയുടെ ഔദേ്യാഗിക ഉദ്ഘാടനം ഇന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ഔഷധകിറ്റ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിര്‍വഹിക്കും. പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐഎസ്എം) അറിയിച്ചു.
അണുനാശകശക്തിയുളള ഔഷധക്കൂട്ടുകള്‍ വീടിനും പരിസരപ്രദേശങ്ങളിലും ധൂപനം ചെയ്യണം, വെള്ളം തിളപ്പിക്കുന്നതിനായി ഔഷധപാനീയയോഗങ്ങള്‍ ഉപയോഗിക്കണം, അത്യാവശ്യ മരുന്നുകള്‍ അടങ്ങിയ ഔഷധകിറ്റുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എസ് ഷിബു അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss