|    Nov 18 Sun, 2018 1:20 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പ്രളയദുരിതത്തില്‍ കേരളം

Published : 17th July 2018 | Posted By: kasim kzm

ഇത്തവണ കര്‍ക്കടകത്തിന്റെ വരവിനു മുന്നോടിയായി നാടെങ്ങും പെരുമഴയും പ്രകൃതിദുരന്തങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമീപ വര്‍ഷങ്ങളിലേതിനേക്കാള്‍ വളരെ കൂടിയ അളവിലാണ് ഈ വര്‍ഷം മഴ കിട്ടിയത്. കേരളത്തിലെ പ്രധാന അണക്കെട്ടുകളില്‍ മിക്കതിലും വലിയ തോതില്‍ ജലം സംഭരിക്കപ്പെട്ടുകഴിഞ്ഞു. മുല്ലപ്പെരിയാര്‍ അടക്കം പല അണക്കെട്ടുകളും അധികം വൈകാതെ തുറന്നുവിടേണ്ടിവരുമെന്ന മട്ടിലാണ് വര്‍ഷപാതം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പ്രകൃതി കനിയുന്നതു നല്ലതാണ്. പക്ഷേ, പ്രകൃതി സംഹാരരുദ്രയായി മാറുന്ന കാഴ്ചയാണ് ഇന്നു കേരളത്തില്‍ പലേടത്തും കാണുന്നത്. വെള്ളക്കെട്ടുകള്‍ കാരണം സാധാരണ ഗതാഗതം അസാധ്യമായ മട്ടിലാണ്. എറണാകുളത്ത് റെയില്‍വേ സ്റ്റേഷന്‍ പോലും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായി. മൂന്നും നാലും മണിക്കൂറുകള്‍ വൈകിയാണ് പല തീവണ്ടികളും ഓടുന്നത്. വിവിധ നഗരങ്ങളില്‍ സുപ്രധാനമായ നിരത്തുകളില്‍ അടക്കം വെള്ളപ്പൊക്കം കാരണം ഗതാഗതം അസാധ്യമായിരിക്കുന്നു. വിവിധ ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
ദുരിതനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ട ഈ അവസരത്തില്‍ എന്തുകൊണ്ട് ഓരോ മഴക്കാലവും ദുരിതകാലം കൂടിയായി മാറുന്നുവെന്ന പരിശോധനയും അനിവാര്യമാണ്. കാരണം, കാലവര്‍ഷം കേരളത്തില്‍ പുതിയ കാര്യമല്ല. എത്രയോ തലമുറകളായി കേരളീയര്‍ അതിന്റെ പ്രകൃതിപ്രതിഭാസങ്ങളുമായി സമരസപ്പെട്ടു കഴിയുന്നു. സമീപകാലത്ത് പ്രളയം വലിയൊരു പ്രതിഭാസമായി മാറിയെങ്കില്‍ അതിന് ഉത്തരവാദി പ്രകൃതിയല്ല, മനുഷ്യന്‍ തന്നെയാണെന്ന കാര്യമാണ് ഓര്‍മിക്കേണ്ടത്.
ഒന്നാമത്തെ കാര്യം, കേരളത്തിന്റെ ഭൂമിയുടെ സ്വഭാവത്തിലും ഘടനയിലും വന്ന മാറ്റങ്ങളാണ്. മുന്‍കാലങ്ങളില്‍ വെള്ളം ഒഴുകിപ്പോകാനുള്ള കൃത്യമായ സംവിധാനങ്ങള്‍ നാട്ടിലെങ്ങും ഉണ്ടായിരുന്നു. വലിയ തോതിലുള്ള ജലസംഭരണികളായി വയലുകള്‍ നാടെങ്ങും പരന്നുകിടന്നിരുന്നു. ഓരങ്ങളില്‍ അധികജലം ഒഴുകിപ്പോകാന്‍ വരമ്പുകളും തോടുകളും ഉണ്ടായിരുന്നു. പൊതുവില്‍ കുന്നുകളും സമതലങ്ങളുമായി സ്വാഭാവികമായ നീരൊഴുക്കിനു പറ്റിയ ഒരു ഘടന കേരളത്തിലെ ഭൂമിക്ക് ഉണ്ടായിരുന്നുതാനും.
ഇന്നതു വലിയൊരളവുവരെ അപ്രത്യക്ഷമായിരിക്കുന്നു. ഓരോ പറമ്പും മതില്‍ കെട്ടി സംരക്ഷിക്കുകയും ഓരോ വയലും മണ്ണിട്ടുമൂടി കെട്ടിടനിര്‍മാണത്തിനു കോപ്പുകൂട്ടുകയും ഓരോ തോടും അടച്ചുകെട്ടി സ്വകാര്യ സ്ഥലമാക്കി മാറ്റുകയും ഓരോ നദിയുടെയും ഓരങ്ങള്‍ കൈയേറി കൈവശമാക്കുകയുമാണ് ഇന്നു മലയാളികള്‍ ചെയ്യുന്നത്. കേരളത്തിലെ ഓരോ നഗരത്തിലും കാണാവുന്ന കാഴ്ചയാണ് സ്വാഭാവിക നീരൊഴുക്കിന്റെ ധമനികളായി വര്‍ത്തിച്ചുവന്ന നദികള്‍ക്കു സംഭവിച്ച ശോഷിപ്പ്. അവയുടെ ഓരങ്ങളില്‍ കെട്ടിടങ്ങള്‍ വന്നിരിക്കുന്നു.
ഏക്കര്‍കണക്കിനു സ്ഥലമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. അതു തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ പരിമിതമാണ്. ആരെങ്കിലും അതിനു ശ്രമം നടത്തിയാല്‍ തന്നെ അത്തരം ഉദ്യോഗസ്ഥര്‍ക്ക് അധികാരികളുടെ പിന്തുണ കിട്ടുന്നില്ല. രാഷ്ട്രീയ നേതൃത്വം ഭൂമാഫിയയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായാണ് പലേടത്തും കാണാന്‍ കഴിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss