|    Nov 14 Wed, 2018 6:36 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രളയദുരിതം നേരിടാന്‍ കേരളത്തിന് ഡോ.ബി.ആര്‍.ഷെട്ടിയുടെ രണ്ട് കോടി സഹായം

Published : 12th August 2018 | Posted By: ke

അബുദബി: കേരളത്തിലെ അതിവര്‍ഷവും വെള്ളപ്പൊക്കവും നിമിത്തം ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് സഹായഹസ്തവുമായി യൂണിമണിയുടെയും യുഎഇ എക്‌സ്‌ചേഞ്ചിന്റെയും ചെയര്‍മാന്‍ പത്മശ്രീ ഡോ. ബി.ആര്‍.ഷെട്ടി രംഗത്ത്. ആഗോളപ്രശസ്ത സംരംഭകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ അദ്ദേഹം രണ്ട് കോടി രൂപയുടെ സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കൂടാതെ കേരളത്തിലെ വിപുലമായ യൂണിമണി ശൃംഖലയിലെ നൂറുകണക്കിന് ജീവനക്കാരും സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങളുമായി ദുരിതബാധിത പ്രദേശങ്ങളില്‍ സേവനരംഗത്ത് ഇറങ്ങിയതായി ഡോ. ഷെട്ടി അറിയിച്ചു. ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച അടിയന്തിര കേന്ദ്രങ്ങളില്‍ ആഹാരസാധനങ്ങളും മരുന്നുകളും രക്ഷാ സാമഗ്രികളും മറ്റും എത്തിക്കുന്നതില്‍ ഇവര്‍ വ്യാപൃതരാണ്.

തന്റെ ജീവിതവൃത്തവുമായി ഏറ്റവുമടുത്ത കേരളീയ സമൂഹത്തിന്റെ ഈ അപ്രതീക്ഷിത ദുരന്തത്തില്‍ അഗാധമായ ഖേദമുണ്ടെനും ഇരകളാക്കപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളാലാവുന്ന പരമാവധി സഹായമെത്തിക്കുമെന്നും ഡോ. ബി.ആര്‍.ഷെട്ടി പറഞ്ഞു. ഇപ്പോഴത്തെ അടിയന്തര നടപടികളിലെന്ന പോലെ, ഭാവിയില്‍ ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സുരക്ഷിതത്വ പദ്ധതികളിലും ‘യൂണിമണി’ ഉള്‍പ്പെടെ തങ്ങളുടെ സ്ഥാപനങ്ങള്‍ ഉചിതമായ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിമണിയുടെയും യുഎഇ എക്‌സ്‌ചേഞ്ചിന്റെയും വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിക്കുന്ന കേരളീയ സമൂഹത്തിന്റെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിനായി പ്രവാസീ മലയാളികളുടെ കൂടി മനസ്സ് ഏറ്റെടുത്തുകൊണ്ടാണ് തങ്ങള്‍ ദുരന്ത നിവാരണ ശ്രമങ്ങളില്‍ പങ്കാളികളാവുന്നതെന്ന് ഗ്രൂപ്പ് സി.ഇ.ഒ.യും ഫിനാബ്ലര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ജനങ്ങളുമായി നിത്യസമ്പര്‍ക്കമുള്ള ബ്രാന്‍ഡ് എന്ന നിലയില്‍, യൂണിമണിയുടെ കേരളത്തിലെ 100 ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 376 ശാഖകളിലെ 3500 ഓളം ജീവനക്കാര്‍ ദുരിതബാധിതര്‍ക്കായി സംഭാവനകള്‍ സ്വരൂപിക്കാനും നേരിട്ട് സഹായങ്ങള്‍ എത്തിക്കാനും ഉത്സാഹിക്കുകയാണെന്ന് യൂണിമണി ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യുമായ അമിത് സക്‌സേന വിശദീകരിച്ചു.

സംസ്ഥാനത്തുണ്ടായ ഈ പ്രളയദുരന്തം മൂലം ജീവഹാനി വന്നവരുടെ കുടുംബങ്ങളെയും ഭൂമിയും വീടും കൃഷിയും നഷ്ടപ്പെട്ട ജനങ്ങളെയും ആശ്വസിപ്പിക്കാനും പുനരധിവസിപ്പിക്കാനും പൂര്‍ണ്ണ ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഡോ. ബി. ആര്‍. ഷെട്ടിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും നല്കുന്ന അവസരോചിതമായ പിന്തുണക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പ്രകടിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss