|    Nov 17 Sat, 2018 5:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയദുരന്തം: ശാസ്ത്രീയ പഠനത്തിന് കേന്ദ്ര, സംസ്ഥാന ഏജന്‍സികളെത്തുന്നു

Published : 29th August 2018 | Posted By: kasim kzm

സി എ സജീവന്‍

തൊടുപുഴ: കേരളത്തിലെ പ്രളയ ദുരന്തത്തെക്കുറിച്ചു ശാസ്ത്രീയ പഠനം നടത്താന്‍ വിവിധ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ ഒരുങ്ങുന്നു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ കേരള ഭൗമ പഠനകേന്ദ്ര(സെസ്)ത്തില്‍ നിന്നുള്ള സംഘം സന്ദര്‍ശനം നടത്തും. ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ‘സെസ്’ സംഘമെത്തും. മറ്റൊരു സംഘം പ്രളയബാധിത മേഖലയിലും എത്തും.
രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡലപ്‌മെന്റ് സ്റ്റഡീസ് (ആര്‍ജിഐഡിഎസ്), നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്) എന്നിവയാണ് ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താനൊരുങ്ങുന്നത്. പഠനത്തിനായി പ്രത്യേക സമിതിക്കു രൂപംനല്‍കിയതായി ആര്‍ജിഐഡിഎസ് ഡയറക്ടര്‍ ബി എസ് ബിജു പറഞ്ഞു.
മൈക്കിള്‍ വേദ ശിരോമണിയുടെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍, ദേശീയ ഭൂമിശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ മത്തായി, കെഎസ്ഇബി മുന്‍ ഡയറക്ടര്‍ മുഹമ്മദ് അലി റാവുത്തര്‍, ജലസേചന വകുപ്പിലെ മുന്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തോമസ് വര്‍ഗീസ് എന്നിവരായിരിക്കും പഠനം നടത്തുക.
ഒരാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപോര്‍ട്ടും ഒരു മാസത്തിനുള്ളില്‍ സമഗ്ര റിപോര്‍ട്ടും സമര്‍പ്പിക്കണമെന്നാണു പഠനസംഘത്തിനു നല്‍കിയ നിര്‍ദേശം.
ഡാമുകള്‍ തുറന്നുവിട്ടതു മൂലമുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചാവും നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് പ്രധാനമായും പഠനം നടത്തുക. മുമ്പ് മഴയ്ക്ക് ആനുപാതികമായി വെള്ളപ്പൊക്കമുണ്ടാവാനുള്ള സാധ്യതകളെക്കുറിച്ച് സെന്റര്‍ പഠനം നടത്തിയിരുന്നു. ഈ വിവരങ്ങള്‍ക്കൊപ്പം ഡാമുകളിലെ വെള്ളത്തിന്റെ അളവു കൂടി പരിഗണിച്ചാവും പഠനം നടത്തുക. ഇതിനായി 10 പേരടങ്ങുന്ന സംഘത്തെ ഉടന്‍ നിയമിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തലസ്ഥാനത്തു കേരള ഭൗമ പഠന (സെസ്) കേന്ദ്രവും കേരളത്തിലെ പ്രളയത്തെക്കുറിച്ചു പഠനത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണു രണ്ട് ടീമുകളെ നിയോഗിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉന്നതതല യോഗം ഇന്നലെ ‘സെസി’ല്‍ നടന്നു. ഡയറക്ടര്‍ പൂര്‍ണചന്ദ്ര റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രളയാനന്തര കേരളത്തിന്റെ സാഹചര്യം ചര്‍ച്ച ചെയ്തു.
2009ല്‍ ‘സെസ്’ ഗവേഷണ പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലും ജില്ലാതല ദുരന്ത ഭൂപടങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികള്‍ ഉപയോഗിക്കുന്ന ആധികാരിക രേഖ. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ഭൂകമ്പം തുടങ്ങിയവ സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ വില്ലേജ് തിരിച്ചുള്ള രേഖാചിത്രമാണ് അന്നു തയ്യാറാക്കി നല്‍കിയത്. ഇപ്പോഴത്തെ പ്രളയത്തിന്റെ രേഖാചിത്രവും മുമ്പു തയ്യാറാക്കിയ ദുരന്ത ഭൂപടവുമായി ഒത്തുനോക്കിയാവും ‘സെസ്’ പഠനം നടത്തുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss