|    Nov 14 Wed, 2018 10:54 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയദുരന്തം: ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ സാന്ത്വനസംഘം

Published : 4th September 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനം നല്‍കുന്നതിനായി രൂപീകരിച്ച സാന്ത്വനസംഘത്തിന്റെ പ്രവര്‍ത്തനം സജീവമാകുന്നു. 10 ദിവസംകൊണ്ട് 52,602 പേരെ സംഘത്തിലെ വിദഗ്ധര്‍ സന്ദര്‍ശിച്ച് കൗണ്‍സലിങിനും സാമൂഹിക-മനശ്ശാസ്ത്ര ഇടപെടലിനും വിധേയമാക്കി. മനശ്ശാസ്ത്രവും സാമൂഹികപ്രവര്‍ത്തനവും പഠിച്ച സന്നദ്ധപ്രവര്‍ത്തകരാണ് വനിതാ-ശിശുവികസന വകുപ്പിന്റെയും നിംഹാന്‍സ് ബംഗളൂരുവിന്റെയും നേതൃത്വത്തില്‍ ക്യാംപുകളിലും വീടുകളിലും കഴിയുന്ന ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നത്. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സാധനങ്ങളും പണവും എത്തിക്കുന്നതിനോടൊപ്പം തന്നെ സാമൂഹിക-മനശ്ശാസ്ത്ര പരിരക്ഷയും അത്യാവശ്യമാണെന്നുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് സാന്ത്വനസംഘം രൂപീകരിക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും കാരണം. നവമാധ്യമങ്ങളിലൂടെ പ്രളയബാധിത മേഖലകളില്‍ വോളന്റിയറായി സേവനമനുഷ്ഠിക്കാനും പ്രളയബാധിതര്‍ക്ക് മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കാനും തയ്യാറുള്ള പ്രഫഷനലുകളെ ക്ഷണിച്ചപ്പോള്‍ എംഎസ്ഡബ്ല്യൂ, മനശ്ശാസ്ത്രം, കൗണ്‍സലിങ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് തുടങ്ങിയ പ്രഫഷനല്‍ കോഴ്സുകള്‍ കഴിഞ്ഞവരും വിദ്യാര്‍ഥികളുമടക്കം 5192 പേരാണ് സന്നദ്ധരായത്. ജില്ലകളിലെ സ്‌കൂള്‍ കൗണ്‍സലര്‍മാരും ഫാമിലി കൗണ്‍സലിങ് സെന്ററുകളിലുള്ളവരും ചേര്‍ന്നപ്പോള്‍ അത് 6,000 പേരായി. ആഗസ്ത് 23, 24 തിയ്യതികളിലായി നിംഹാന്‍സ് ആണ് സാന്ത്വനസംഘത്തിന് ആവശ്യമായ പരിശീലനം നല്‍കിയത്. ഇന്ത്യക്കകത്തും പുറത്തും ഭൂകമ്പങ്ങള്‍, സുനാമി, പ്രളയം എന്നിവ നടന്ന മേഖലകളില്‍ പ്രവര്‍ത്തിച്ചു പരിചയസമ്പന്നരായ 11 ടീമാണ് 11 ജില്ലകളിലായി പരിശീലനം നല്‍കാനും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും നിംഹാന്‍സ് സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് വിഭാഗത്തില്‍ നിന്ന് കേരളത്തില്‍ എത്തിയത്. കേസില്‍പ്പെട്ട കുട്ടികള്‍ക്കിടയില്‍ സാമൂഹിക-മനശ്ശാസ്ത്ര സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ‘കാവല്‍’ പദ്ധതിയിലെ 20 സന്നദ്ധസംഘടനകളും പരിശീലന പരിപാടിയില്‍ സജീവമായിരുന്നു. പരിശീലനം കഴിഞ്ഞ സന്നദ്ധപ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പും ജില്ലാ മാനസികാരോഗ്യപദ്ധതിയുമായും ചേര്‍ന്ന് തിരുവോണദിനം മുതല്‍ ജില്ലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. തുടര്‍ന്ന് ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 4000 പേരെക്കൂടി വിവിധ ഇടങ്ങളില്‍ പരിശീലിപ്പിച്ചു. 52,602 പേരില്‍, കൂടുതല്‍ മനശ്ശാസ്ത്ര സഹായം ആവശ്യമുള്ള 338 വ്യക്തികളെ ജില്ലാ മാനസികാരോഗ്യപദ്ധതിയിലേക്ക് റഫര്‍ ചെയ്തു. സപ്തംബര്‍ 5 വരെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടരും. അതതു ജില്ലകളിലെ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ ജില്ലാ മാനസികാരോഗ്യപദ്ധതി നോഡല്‍ ഓഫിസര്‍മാരോടൊപ്പം പദ്ധതി ഏകോപിപ്പിക്കുന്നു. വികസിത രാജ്യങ്ങളില്‍ ഓരോ ദുരന്തത്തിനുശേഷവും വിശദമായ പോസ്റ്റ് ട്രോമാറ്റിക് കൗണ്‍സലിങും അനുബന്ധ ഇടപെടലുകളും നടക്കാറുണ്ട്. ഇതേ മാതൃകയില്‍ ഭാവിയിലും ഇടപെടാനായി സംഘങ്ങളെ രൂപീകരിക്കുക എന്നതുകൂടിയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss