|    Sep 26 Wed, 2018 5:17 am
FLASH NEWS

പ്രളയദുരന്തം: ജില്ലയില്‍ അതിജീവനത്തിന്റെ ഓണാഘോഷം

Published : 25th August 2018 | Posted By: kasim kzm

കണ്ണൂര്‍: ജില്ലയില്‍ ഇക്കുറി പകിട്ട് കുറഞ്ഞ്, അതിജീവനത്തിന്റെ ഓണാഘോഷം. മഹാപ്രളയം സര്‍വതും നഷ്ടപ്പെടുത്തി നാട് ദുരിതത്തില്‍ മുങ്ങിനില്‍ക്കുമ്പോള്‍ നമുക്കെന്ത് ഓണമെന്ന മാനസികാവസ്ഥയിലാണ് നാടും നഗരവും. സാധാരണ തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപ്പാച്ചിലിന്റെ തിരക്ക് ഇത്തവണ എവിടെയും കാര്യമായി ഉണ്ടായില്ല.
അത്തം മുതല്‍ തകര്‍ത്തു പെയ്ത മഴയും പ്രളയവും ജനമനസ്സുകളെ പാടെ തകര്‍ത്തു. അതിനാല്‍ പ്രളയക്കെടുതി ഓണവിപണിയെ വന്‍ നഷ്ടത്തിലേക്കാണ് തള്ളിവിട്ടത്. കണ്ണൂര്‍ നഗരത്തില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് നടന്നുവന്നിരുന്നത്. എന്നാല്‍ അതെല്ലാം തെറ്റിച്ചായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങള്‍. സാധനങ്ങളെല്ലാം സ്‌റ്റോക്കെത്തിയ ശേഷമായിരുന്നു മഴയും പ്രളയവും നാശം വിതച്ചത്. ഇതോടെ കടകളിലെല്ലാം തിരക്കൊഴിഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനു മാത്രമെ എവിടേയും തിരക്കുണ്ടായുള്ളു. ഗൃഹോപകരണങ്ങള്‍, വസ്ത്രശാലകള്‍ എന്നിവിടങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. ഓണവിപണി മാത്രം ലക്ഷ്യമാക്കി തുടങ്ങിയ പ്രദര്‍ശന-വിപണന മേളകളിലും അവസ്ഥ ഇതുതന്നെ. എന്നാല്‍, തെരുവോര കച്ചവടക്കാരില്‍നിന്ന് വിലക്കുറവില്‍ സാധന-സാമഗ്രികള്‍ വാങ്ങാന്‍ സാധാരണക്കാര്‍ കൂടുതലായെത്തി.
മുന്‍കാലങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് കര്‍ണാടകയില്‍നിന്ന് എത്തിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് പൂക്കളമല്‍സരങ്ങളും ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ ഓഫിസുകളിലെയും പൂക്കളവും ഒഴിവാക്കിയതിനാല്‍ പൂവിപണി സജീവമായില്ല. വീടുകളില്‍ പൂക്കളമിടാന്‍ ചെറിയ അളവില്‍ മാത്രമേ വാങ്ങിയിരുന്നുള്ളൂ.
പതിവ് ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ച് പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ജനങ്ങള്‍. അതിനാല്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും മാറ്റിവച്ചാണ് ഇത്തവണത്തെ ഓണാഘോഷം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss