|    Dec 17 Mon, 2018 12:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രളയത്തില്‍ രാഷ്ട്രീയപ്പോര്‌

Published : 24th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ നിന്ന് കേരളം കരകയറാന്‍ ശ്രമിക്കുന്നതിനിടെ വിഷയത്തില്‍ രാഷ്ട്രീയപ്പോര്. സര്‍ക്കാര്‍ ബോധപൂര്‍വം വരുത്തിവച്ച ദുരന്തമെന്ന് പ്രതിപക്ഷവും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയക്കളിയെന്ന് സര്‍ക്കാരും ആരോപിച്ചു. പ്രളയം മനുഷ്യസൃഷ്ടിയാണെന്ന പ്രതിപക്ഷനേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് രാഷ്ട്രീയതര്‍ക്കങ്ങള്‍ക്കു തുടക്കമിട്ടത്. അണക്കെട്ടുകള്‍ തുറന്നപ്പോള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയില്ല. ഇതാണു വെള്ളപ്പൊക്കം മഹാപ്രളയമായി മാറാന്‍ ഇടയാക്കിയതെന്ന് പ്രതിപക്ഷനേതാവ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും എത്തിയതോടെ പോര് രൂക്ഷമായി. പ്രതിപക്ഷനേതാവിന് മറുപടിയായി, അലര്‍ട്ടുകള്‍ പുറപ്പെടുവിച്ച സമയം വരെ രേഖപ്പെടുത്തിയായിരുന്നു ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയുടെ പോസ്റ്റ്. വിഷയത്തില്‍ സര്‍ക്കാരിനെതിരായ ആക്രമണം കൂടുതല്‍ ശക്തമായതോടെ പ്രതിരോധിച്ച് സിപിഎമ്മും രംഗത്തെത്തി. മഹാപ്രളയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നുവെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. വീഴ്ചകളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. സര്‍ക്കാരിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ധര്‍മമാണ്. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. മുന്നറിയിപ്പു നല്‍കിയിട്ടും ജനങ്ങള്‍ ഒഴിഞ്ഞുപോയില്ലെന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ വളച്ചൊടിക്കുകയാണ്. അലര്‍ട്ടുകള്‍ ഇടുക്കിയിലെ ചെറുതോണിക്കാര്‍ ഒഴികെ കേരളത്തില്‍ മറ്റെവിടെയും ആരും അറിഞ്ഞില്ല. ആലുവ, കാലടി, പെരുമ്പാവൂര്‍, പറവൂര്‍, ചാലക്കുടി, വൈക്കം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലൊന്നും മുന്നറിയിപ്പുകള്‍ എത്തിയില്ല. പത്തനംതിട്ടയില്‍ മുന്നറിയിപ്പ് വാഹനം തന്നെ വെള്ളത്തില്‍ പോയി. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ചട്ടങ്ങളനുസരിച്ച് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് വ്യക്തമായ രൂപരേഖയുണ്ടാക്കണം.ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിനെക്കുറിച്ചും അവിടെ എന്തൊക്കെ മരുന്നുകള്‍ വേണമെന്നതിനെക്കുറിച്ചും ഈ ചട്ടത്തില്‍ പ്രത്യേകം പറയണം. ഒരു പ്രത്യേക സൈറണ്‍ ഉപയോഗിച്ചാണ് അലര്‍ട്ടുകള്‍ നടത്തേണ്ടതെന്നും പറയുന്നു. ഇതൊക്കെ പൂര്‍ത്തീകരിച്ചാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഇത്രയും കാര്യങ്ങള്‍ അറിയില്ലെങ്കില്‍ ഈ ചട്ടങ്ങളൊക്കെ മുഖ്യമന്ത്രി ഒന്നു വായിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ചെറുതോണിയിലൊഴികെ എവിടെയാണ് ജനങ്ങളെ മുന്നൊരുക്കത്തിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് യുക്തിഭദ്രമായ വിശദീകരണം നല്‍കാന്‍ സാധിക്കുന്നില്ല. മന്ത്രിമാരായ എ എം മണിയും മാത്യു ടി തോമസും തമ്മില്‍ തര്‍ക്കമുണ്ട്. ബാണാസുര സാഗര്‍ മുന്നറിയിപ്പില്ലാതെ തുറന്നത് പ്രശ്‌നമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിനെ ചീഫ് സെക്രട്ടറിയും വയനാട്ടിലെ ജനപ്രതിനിധികളും ഖണ്ഡിച്ചിട്ടുണ്ട്. ഇവര്‍ പറഞ്ഞതൊന്നും മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുക്കുന്നില്ല. ലാഘവത്തോടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഡാമുകള്‍ തുറക്കുന്നതിനെ കുറിച്ച് കെഎസ്ഇബിയുടെ ചട്ടങ്ങളും പാലിച്ചിട്ടില്ല. ജനപ്രതിനിധികളെയെല്ലാം അറിയിക്കണമെന്ന് പറയുന്നു. ഇതൊന്നും ആരെയും അറിയിച്ചിട്ടില്ല. ഡാമുകള്‍ തുറക്കുന്നതിന്റെ ചുമതലയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥന്റെ തസ്തിക തന്നെ ഒഴിഞ്ഞുകിടക്കുകയാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാരിനെ പ്രതിരോധിച്ച് സിപിഎം രംഗത്തെത്തി. ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷനേതാവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. നിരുത്തരവാദപരമായ പ്രസ്താവനകളില്‍ നിന്നു പ്രതിപക്ഷനേതാവ് വിട്ടുനില്‍ക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ നാടൊന്നാകെ ഏകമനസ്സില്‍ നില്‍ക്കുമ്പോള്‍ സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss