|    Sep 22 Sat, 2018 7:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയത്തിനൊപ്പം ഇന്ധനക്ഷാമവും രൂക്ഷമായി

Published : 18th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയത്തിനൊപ്പം ഇന്ധനക്ഷാമവും രൂക്ഷമായി. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന ക്ഷാമം ഇന്നലെയാണ് രൂക്ഷമായത്. എച്ച്പിസി, ഐഒസി, ബിപിസിഎല്‍ എന്നിവയുടെ പ്ലാന്റുകളില്‍ നിന്നുള്ള ഇന്ധനനീക്കം നിലച്ചതാണ് പ്രതിസന്ധിക്കു കാരണം. എച്ച്പിസിക്കു മംഗലാപുരത്തുനിന്നാണ് വടക്കന്‍ ജില്ലകളില്‍ ഇന്ധനമെത്തിക്കുന്നത്. ബിപിസിഎല്ലിന് അമ്പലമുകളില്‍ പ്ലാന്റുണ്ട്.
പാലക്കാടു മുതല്‍ തിരുവനന്തപുരംവരെയുള്ള പമ്പുകളിലേക്ക് സ്റ്റോക്ക് എത്തിക്കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം ഡിപ്പോയില്‍നിന്നാണ്. രണ്ടുദിവസമായി ഗതാഗതതടസ്സമുള്ളതിനാല്‍ ചരക്കുനീക്കം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ ഒട്ടുമിക്ക പമ്പുകളും വെള്ളം കയറിയതിനാല്‍ അടച്ചു. മിക്ക പമ്പുകളിലും സ്റ്റോക്ക് തീര്‍ന്നു. ക്ഷാമം മുന്നില്‍ക്കണ്ട് ആളുകള്‍ ഇന്ധനം വാങ്ങി ശേഖരിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇന്ധനക്ഷാമം രൂക്ഷമാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഇന്നലെ മിക്ക പമ്പുകള്‍ക്കു മുന്നിലും വാഹനങ്ങളുടെ നീണ്ട നിരയായി. സ്റ്റോക്ക് തീര്‍ന്ന പമ്പുകള്‍ നേരത്തെ അടച്ചു.
സ്റ്റോക്കുള്ള പമ്പുകള്‍ തേടി കൂടുതല്‍ പേരെത്തുന്നതോടെ ഉള്ള ഇന്ധനവും ഉടന്‍ തീരുമെന്ന് ഇന്ധനവ്യാപാരികള്‍ പറഞ്ഞു. പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇന്ധനവിതരണത്തിന് മുന്‍തൂക്കം നല്‍കേണ്ടതിനാല്‍ പൊതുജനത്തിനുള്ള വിതരണത്തിന് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡുകളില്‍ നിന്നും വെള്ളം ഇറങ്ങാതെ ഇന്ധനം നിറച്ച ടാങ്കറുകളുമായി പോവുന്നത് അപകടകരമാണെന്നതിനാല്‍ ടാങ്കറുകള്‍ ഇന്ധനം നിറയ്ക്കാന്‍ തയ്യാറാവാത്ത അവസ്ഥയുമുണ്ട്. അതേസമയം, നിലവിലെ സാഹചര്യം ഉടന്‍ മാറുമെന്നും ചരക്കുനീക്കം ഉടന്‍തന്നെ പുനരാരംഭിക്കുമെന്നും കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss