|    Dec 16 Sun, 2018 12:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയക്കെടുതി: സര്‍ക്കാര്‍ മുതലെടുപ്പിനെ പ്രതിരോധിക്കാന്‍ യുഡിഎഫ്

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം/കോട്ടയം: പ്രളയക്കെടുതി നേരിടുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ രാഷ്ട്രീയ മുതലെടുക്കുന്നത് കരുതലോടെ നേരിടാനൊരുങ്ങി യുഡിഎഫ്. പ്രളയക്കെടുതി നേരിടുന്നതില്‍ എല്ലാ പിന്തുണയും യുഡിഎഫ് വാഗ്ദാനം ചെയ്യുമ്പോഴും സര്‍ക്കാര്‍ സംവിധാനം പൂര്‍ണ പരാജയമാണെന്ന് ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന യോഗം വിലയിരുത്തി.
ഓഖി ദുരിതാശ്വാസ ഫണ്ട് വിതരണത്തിലുണ്ടായ അനുഭവം നല്ലതല്ലെന്നും ഇതു പ്രളയക്കെടുതിയുടെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 20 വരെ ഓഖി ദുരന്തസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 104.24 കോടി രൂപ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ സമയത്തിനകം ഓഖി ദുരന്തബാധിതര്‍ക്കായി ചെലവാക്കിയത് 25.14 കോടി മാത്രമാണെന്ന് വിവരാവകാശരേഖ പറയുന്നു. ഇതിനു പുറമെ കേന്ദ്രസഹായമായി 237.24 കോടി കൂടി ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ബാക്കി തുക വകമാറ്റി ചെലവഴിച്ചോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഓഖിയില്‍ കാണാതായവര്‍ക്ക് രണ്ടുലക്ഷം രൂപ വീതം പ്രഖ്യാപിച്ചെങ്കിലും ആര്‍ക്കും നല്‍കിയില്ല. രമണ്‍ ശ്രീവാസ്തവ ചെയര്‍മാനായി ദുരിതാശ്വാസ നിവാരണസമിതിയെ നിയോഗിച്ചെങ്കിലും റിപോര്‍ട്ട് പുറത്തുവന്നില്ല.
ജനങ്ങളോട് സഹായം ചോദിക്കുന്നതിനു പകരം സ്വയം നിയന്ത്രണത്തിനും ചെലവുചുരുക്കലിനും സര്‍ക്കാര്‍ തയ്യാറാവണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതുതായി കൊണ്ടുവന്ന രണ്ട് കാബിനറ്റ് പദവികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണം. 20ാം മന്ത്രിയെ പിന്‍വലിക്കാന്‍ സിപിഎമ്മും ചീഫ്‌വിപ്പ് പദവി ഉപേക്ഷിക്കാന്‍ സിപിഐയും തയ്യാറാവണം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി തോമസ് ഐസക് പ്രളയദുരന്തത്തെ ഉപയോഗിക്കരുത്. പ്രളയക്കെടുതി നേരിടാന്‍ ജിഎസ്ടിക്ക് പുറമെ 10 ശതമാനം നികുതി കൂടി ഏര്‍പ്പെടുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം മറ്റൊരു ദുരന്തമാണ്. നിയമം അനുസരിച്ചുള്ള ദുരിതാശ്വാസം കേരളത്തിനു നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം ആശാസ്യമല്ല. കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രം അനുവദിക്കണം. വിദേശസഹായം സ്വീകരിക്കുന്നതിലുള്ള തടസ്സങ്ങള്‍ നീക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഓണത്തിന് ബിവറേജസിന്റെ എല്ലാ ഔട്ട്‌ലറ്റുകളും അടച്ചിട്ടതിലൂടെ സര്‍ക്കാര്‍ ബാര്‍ ഉടമകള്‍ക്ക് ഉപകാരസ്മരണ ചെയ്യുകയായിരുന്നു.
ദുരിതാശ്വാസ സഹായം വിതരണം ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണം. ഇങ്ങനെ ലഭിക്കുന്ന പണം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം ചെലവഴിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കേരളത്തിലുണ്ടായത് ഡാം ദുരന്തമാണ്. ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. യുഡിഎഫ് തയ്യാറാക്കിയ കേരള വെള്ളപ്പൊക്ക ദുരിതര്‍ക്കുള്ള നഷ്ടപരിഹാര (തീര്‍പ്പു കല്‍പിക്കല്‍) ട്രൈബ്യൂണല്‍ സ്‌കീം 2018 സര്‍ക്കാരിനു സമര്‍പ്പിക്കും. ദുരിതാശ്വാസ ക്യാംപുകളെ കൈപ്പിടിയിലൊതുക്കാന്‍ സിപിഎം ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. നിര്‍ബന്ധിത പിരിവ്, ഭീഷണി എന്നിവയിലൂടെ സിപിഎം പ്രവര്‍ത്തകര്‍ മറ്റൊരു ദുരന്തമായിത്തീര്‍ന്നിരിക്കുകയാണ്.
ഇതു തടയാന്‍ മുഖ്യമന്ത്രി അടിയന്തര നിര്‍ദേശം നല്‍കണം. ആരുടെയും നിര്‍ദേശമില്ലാതെ സ്വയം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മല്‍സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നതായും ചെന്നിത്തല പറഞ്ഞു. കേരളത്തെ കരകയറ്റാന്‍ കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെ എം മാണി പറഞ്ഞു. ഡാം മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയാണ് പ്രളയത്തിനു കാരണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണു നടത്തുന്നതെന്ന് ജോണി നെല്ലൂരും അഭിപ്രായപ്പെട്ടു.അതേസമയം, പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക പാര്‍പ്പിടം നിര്‍മിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ക്യാംപുകളില്‍ കഴിയുന്നവരെ തൊഴില്‍ദാന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സൗജന്യ ഇന്‍ഷുറന്‍സ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡാമുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത് എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണ്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറക്കാനാവില്ല.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സുപ്രിംകോടതി വിധി ലംഘിച്ചിട്ടും സര്‍ക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നു. ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഒരു പ്രതിഷേധക്കത്തുപോലും നല്‍കാത്തത് ഏറെ ഖേദകരമാണ്. പുതിയ കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താന്‍ ഒരുമാസത്തെ ശമ്പളം നല്‍കും. വരുന്ന ഒരുവര്‍ഷത്തേക്കെങ്കിലും സര്‍ക്കാര്‍ ചെലവു ചുരുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss