|    Dec 11 Tue, 2018 12:13 pm
FLASH NEWS

പ്രളയക്കെടുതി വിലയിരുത്താന്‍ വിദഗ്ധസംഘമെത്തി

Published : 15th September 2018 | Posted By: kasim kzm

പേരാമ്പ്ര: പ്രളയത്തെ തുടര്‍ന്നുള്ള കൃഷി നാശവും രോഗ കീടബാധയും വിലയിരുത്താന്‍ കാര്‍ഷിക ശാസ്ത്രജ്ഞരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഡോ. പി രാധാകൃഷ്ണന്‍, സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുകളായ ഡോ. പി എസ് മനോജ്, ഡോ. എസ് ഷണ്‍മുഖവേല്‍, ഡോ. ബി പ്രദീപ്, ഡോ. കെ കെ ഐശ്വര്യ എന്നിവരും വേളം കൃഷി ഓഫിസര്‍ സായിറാം ഹരിദാസ് എന്നിവരുമാണ് സംഘത്തെ നയിച്ചത്.
വേളം പഞ്ചായത്തിലെ ബീന ബാബു നയിക്കുന്ന ഒരുമ കാര്‍ഷിക ഗ്രൂപ്പിന്റെ വിള നാശമാണ് സംഘം ആദ്യമായി വിലയിരുത്തിയത്. പച്ചക്കറി കൃഷിക്ക് ദേശീയ ജില്ലാതല അവാര്‍ഡുകള്‍ ലഭിച്ച ഈ വനിതാ സംഘത്തിന് വലിയ ദുരന്തമാണ് ഈ പ്രളയം വരുത്തിവച്ചത്. രണ്ടായിരത്തോളം വാഴകള്‍, അഞ്ച് ഏക്കര്‍ നെല്‍കൃഷി, മൂന്ന് ഏക്കര്‍ കരനെല്ല്, 2.5 ഏക്കര്‍ മഞ്ഞള്‍ എന്നിവ വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും നശിച്ചു. കൂടാതെ നെല്‍പാടങ്ങളില്‍ ആഫ്രിക്കന്‍ പായല്‍ അടിഞ്ഞുകൂടി. അടുത്ത സീസണില്‍ നെല്‍കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണു വിലയിരുത്തുന്നത്.
പെരുവയലിലെ അബ്്ദുല്‍ ലത്തീഫിന്റെ സമ്മിശ്രകൃഷി ഫാമും സംഘം സന്ദര്‍ശിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അമൂല്യങ്ങളായ വിവിധ ഫലവൃക്ഷങ്ങള്‍ പായ്ക്ക് ചെയ്തു വച്ച പാല്‍ ഉല്‍പന്നങ്ങള്‍, വിത്തു തേങ്ങ, തൈകള്‍, ആട്, കോഴി, പശു എന്നിവയുടെ തീറ്റകള്‍ മുതലായവയ നശിച്ചതിനുപരിയായി അറുനൂറോളം കരിങ്കോഴികള്‍, വിവിധ തരത്തിലുള്ള ഭക്ഷ്യ അലങ്കാര മല്‍സ്യങ്ങളും ചത്തൊടുങ്ങി.
ധാരാളം സന്ദര്‍ശകര്‍ എത്തുന്ന ഈ മോഡല്‍ ഫാമിനും വലിയൊരു നഷ്ടം തന്നെയാണ് പ്രളയം മൂലമുണ്ടായത്. കൂടാതെ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധര്‍, ചക്കിട്ടപ്പാറ, മരുതോങ്കര, കാവിലുംപാറ, നടുവണ്ണൂര്‍, ഉള്ളിയേരി, ഉണ്ണിക്കുളം എന്നീ പഞ്ചായത്തുകളിലും സന്ദര്‍ശനം നടത്തി. പ്രളയക്കെടുതിയുടെ വിശദമായ റിപോര്‍ട്ട് ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു സമര്‍പ്പിക്കുമെന്നു സംഘം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss