|    Nov 22 Thu, 2018 2:21 am
FLASH NEWS

പ്രളയക്കെടുതി വിട്ടൊഴിയാതെ കുന്നത്തൂര്‍

Published : 19th August 2018 | Posted By: kasim kzm

കുന്നത്തൂര്‍:കനത്ത മഴയെ തുടര്‍ന്ന് കല്ലടയാറും പള്ളിക്കലാറും കരകവിഞ്ഞതിനെ തുടര്‍ന്ന് കുന്നത്തൂര്‍ താലൂക്കിലുണ്ടായ കെടുതി അതിരൂക്ഷം. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ നുറുകണക്കിനാളുകളാണ് അഭയം തേടിയത്.
കല്ലടയാറിന്റെ തീരപ്രദേശങ്ങളായ കുന്നത്തൂര്‍,പടിഞ്ഞാറെ കല്ലട, മണ്‍ട്രോതുരുത്ത്,പള്ളിക്കലാറിന്റെ തീരപ്രദേശങ്ങളായ പോരുവഴി,ശൂരനാട് വടക്ക് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചത്. പോരുവഴി എസ്‌കെവി എല്‍പി സ്‌കൂള്‍,തെന്നല യുപിഎസ്, പടിഞ്ഞാറെ കല്ലട ഗവ.സ്‌കൂള്‍,എസ്എന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കുന്നത്തൂര്‍ നെടിയവിള അംബികോദയം സ്‌കൂള്‍, കീച്ചപ്പിള്ളില്‍ യുപി സ്‌കൂള്‍,കോതപുരം ഗവ.യുപി സ്‌കൂള്‍,പെരിങ്ങാലം ഗവ.ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. താലൂക്കില്‍ കുന്നത്തൂര്‍, മണ്‍ട്രോതുരുത്ത്, പടിഞ്ഞാറെ കല്ലട, പോരുവഴി, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളാണ് കൂടുതലായും ദുരിതമനുഭവിക്കുന്നത്. ഈ വില്ലേജുകളില്‍ നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലാകുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇന്നലെ മഴയ്ക്ക് അല്‍പ്പം ശമനം ഉണ്ടായെങ്കിലും കല്ലടയാറ്റിലെ ജലനിരപ്പ് കഴിഞ്ഞ ദിവസ്സത്തെക്കാള്‍ അതിശക്തമായി ഉയര്‍ന്നിരിക്കയാണ്. കുന്നത്തൂര്‍, പടിഞ്ഞാറെ കല്ലട,ശൂരനാട് വടക്ക്, മണ്‍ട്രോതുരുത്ത്,പോരുവഴി എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്. കുന്നത്തൂരിനെയും കടമ്പനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുത്തനമ്പലം റോഡിലെ കരിമ്പിന്‍പുഴ പാലവും റോഡും വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. ഇതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താറുമാറായി. ഞാങ്കടവ് അമ്പുവിള തീരദേശ റോഡും ആറ്റുകടവ് ചീക്കല്‍ക്കടവ് റോഡും വെള്ളത്തിനടിയിലാണ്.കുന്നത്തൂര്‍ തോട്ടത്തുംമുറിയില്‍ റോഡും നിരവധി വീടുകളും വെളത്തിനടിയിലാണ്. കുന്നത്തൂര്‍, ഞാങ്കടവ്,ചീക്കല്‍കടവ്,കടപുഴ പാലങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.പടിഞ്ഞാറെ കല്ലടയില്‍ കടപുഴ, തിരുവാറ്റ,പാട്ടമ്പലം,നെല്‍പ്പുരക്കുന്ന്,ഐത്തോട്ടുവ, വളഞ്ഞവരമ്പ്, കോയിക്കല്‍ഭാഗം തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss