|    Nov 16 Fri, 2018 12:53 pm
FLASH NEWS

പ്രളയക്കെടുതി: യുഎഇ വാട്ട്‌സ് ആപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം

Published : 29th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാന്ത്വനവും സഹായവുമായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടന വോയ്‌സ് ഓഫ് ഹ്യുമാനിറ്റി യുടെ പ്രവര്‍ത്തനം ശ്രദ്ദേയം. മലാപ്പറമ്പ്, പന്നിയങ്കര, ചെങ്ങന്നൂര്‍, ആലുവ, ഏലൂര്‍, ചാലക്കുടി, എന്നീ സ്ഥലങ്ങളിലാണ് ഈ വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ നേരിട്ട് വീടുകളിലെത്തി ആശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
വിദേശത്ത് തൊഴിലെടുക്കുന്ന കോഴിക്കോട്, എറണാകുളം സ്വദേശികളായ 145 അംഗ വാട്‌സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തകരാണ് വോയ്‌സ് ഓഫ് ഹ്യുമാനിറ്റി യുടെ കീഴില്‍ അണിനിരന്നത്. ദുബായിലുള്ള ചെയര്‍മാന്‍ ഇസ്മായില്‍ വളപ്പിലിന്റെയും സെക്രട്ടറി ഷൗക്കി സുലൈമാന്റെയും നിര്‍ദ്ദേശപ്രകാരം ദുരിതമനുഭവിക്കുന്ന വീടുകളിലും, ആശ്വാസ ക്യാംപുകളിലും ഡയറക്ടര്‍ റമീള സുഖ്‌ദേവിന്റെ നേതൃത്വത്തിലാണ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തത്. ദുബായി ബഡ്‌സ് പബ്ലിക്ക് സ്‌കൂള്‍ അധ്യാപികയും കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ മുന്‍ എന്‍ആര്‍ഐ ഡയറക്ടറും നോര്‍ക്ക ഫോളോ അപ്പ് മുന്‍ ഡയറക്ടറുമാണ് റമീള. സംഘം പുതുവസ്ത്രങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയവ നല്‍കി.
ആഗസ്റ്റ് 15ന് ജോലിസ്ഥലമായ യുഎഇലേയ്ക്ക് തിരിച്ചുപോകാന്‍ ഒരുങ്ങവെയാണ് പ്രളയമഴയില്‍ പലരും ദുരിതമനുഭവിക്കുന്ന കാഴ്ച കണ്ടെതെന്ന് ഡയറക്ടര്‍ റമീള സുഖ്‌ദേവ് പറഞ്ഞു. ഉടന്‍ വിമാന ടിക്കറ്റ് റദ്ദാക്കി ഇവിടെ ക്യാംപ് ചെയ്തു. തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം പങ്കാളികളാകുകയായിരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്ഥലം എംപി എം കെ രാഘവനേയും എറണാകുളത്തെ കോണ്‍ഗ്രസ്സ് നേതാവ് ബെന്നിബഹനാനേയും ബന്ധപ്പെട്ടെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്ന് റമീള കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ധനമന്ത്രി തോമസ്‌ഐസക്കിന്റെയും കൃഷിമന്ത്രി സുനില്‍കുമാറിന്റെയും ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അനുകൂലമായ സമീപനമാണ് ഉണ്ടായതെന്നും അവര്‍ അറിയിച്ചു.
വിദേശത്ത് നിന്നും നാല് ടണ്ണോളം വസ്ത്രങ്ങള്‍ കേരളത്തിലേയ്ക്ക് എത്തിയെങ്കിലും അത് ദുരിതമനുഭവിക്കുന്നവരിലേയ്ക്ക് എത്തിയിട്ടില്ല. നികുതി ഇളവില്‍ എത്തിയ വസ്ത്രങ്ങള്‍ എത്രയും പെട്ടെന്ന് ആവശ്യക്കാരിലെത്തിക്കണം. യുഎഇയില്‍ എത്തുന്ന മലയാളികള്‍ക്ക് വേണ്ട സഹായസഹകരണങ്ങ ള്‍ നല്‍കുന്ന സംഘമാണ് വോയ്‌സ് ഓഫ് ഹ്യുമാനിറ്റി വാട്ട്‌സ് അപ് ഗ്രൂപ്പ്. വോയ്‌സ് ഓഫ് ഹ്യുമാനിറ്റി എന്ന പേരില്‍ എറണാകുളം ആസ്ഥാനമായി ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് സംഘം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ജിനോജോസ്, സീരിയല്‍ താരം ആന്‍ മറിയ, റഫീഖ് മരക്കാര്‍, തൗഫീഖ്, രാജാസാഹിബ്, യാസ്‌ക്ക് ഹസന്‍ തുടങ്ങിയവര്‍ സജീവ പങ്കാളിത്തം വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss