|    Aug 15 Wed, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയക്കെടുതി നേരിടാന്‍ പ്രതിരോധസേനയും എന്‍ഡിആര്‍എഫും

Published : 11th August 2018 | Posted By: kasim kzm

തിരുവനന്തപുരം/കൊച്ചി: ഇടുക്കി അണക്കെട്ടു തുറന്ന സാഹചര്യവും പ്രളയവും മഴക്കെടുതികളും നേരിടുന്നതിനു സംസ്ഥാനത്തെ സഹായിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളുമായി ദേശീയ ദുരന്ത പ്രതികരണസേനയും (എന്‍ഡിആര്‍എഫ്) പ്രതിരോധ സേനാംഗങ്ങളും രംഗത്ത്.
എന്‍ഡിആര്‍എഫിന്റെ 14 സംഘങ്ങളാണു കേരളത്തിന്റെ വിവിധ ജില്ലകളില്‍ എത്തിയിരിക്കുന്നത്. പെരിയാറില്‍ വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്തു പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തെ തൃശൂരിലേക്കു മാറ്റിയിട്ടുണ്ട്. നേരത്തെ തന്നെ ആലുവയില്‍ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇടുക്കി ചെറുതോണിയിലും വാത്തിക്കുടിയിലും ഓരോ ടീമുകളെ നിയോഗിച്ചിരിക്കുകയാണ്. കോഴിക്കോടു നിന്ന് മറ്റൊരു സംഘം തൃശൂരിലേക്കു നീങ്ങിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു മറ്റു ടീമുകള്‍.
ആരക്കോണത്തു നിന്നുള്ള 90 അംഗ സംഘവും ഗുണ്ടൂരില്‍ നിന്നുള്ള 15 അംഗ സംഘവും കൊച്ചി നേവല്‍ ബേസിലെത്തിയിട്ടുണ്ട്. നേവിയുടെ 15 ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം മലപ്പുറത്തുണ്ട്. അഞ്ച് നേവി ഡ്രൈവര്‍മാരടങ്ങുന്ന 36 അംഗ സംഘത്തെ വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയുടെ 60 അംഗ സംഘവും ഇവിടെയുണ്ട്. ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള 105 അംഗ ടീം കണ്ണൂരില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളില്‍ കോസ്റ്റ്ഗാര്‍ഡിന്റെ സേവനം വിനിയോഗിക്കുന്നുണ്ട്. മൂന്ന് എഎല്‍എച്ച് ഹെലികോപ്റ്ററുകളും രണ്ട് എംഐ 17 വി ഹെലികോപ്റ്ററുകളും നാല് എഎന്‍ 32ഉം, രണ്ട് ആര്‍ട്ടിലറി യൂനിറ്റുകളും ഒരു മദ്രാസ് റെജിമെന്റ് യൂനിറ്റും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നുള്ള മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പിന്റെ 37 അംഗസംഘം മലപ്പുറത്തുണ്ട്. 37 അംഗങ്ങളുള്ള മറ്റൊരു സംഘത്തെ ഇടുക്കിയിലേക്കു മാറ്റിയിരിക്കുകയാണ്. ഹൈദരാബാദില്‍ നിന്നുള്ള 32 ഓഫിസര്‍മാരുടെ സംഘത്തെ ആലുവയിലെത്തിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ ഓപറേഷന്‍ മദദുമായി നാവികസേനയും രംഗത്ത്. വയനാട് ഡെപ്യൂട്ടി കലക്ടറുടെ ആവശ്യപ്രകാരം ജില്ലയില്‍ ഇന്നലെ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വയനാട്, കല്‍പ്പറ്റ, പനമരം പ്രദേശങ്ങളില്‍ നിന്നു 55 പേരെ നാവികസേനയുടെ ജെമിനി ബോട്ടില്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. കലക്ടറുടെ നിര്‍ദേശ പ്രകാരം ഹെലികോപ്റ്റര്‍ വയനാട്ടില്‍ വ്യോമ നിരീക്ഷണം നടത്തി. നാലു ഡൈവിങ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ആലുവ, കാലടി, അങ്കമാലി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും സേനയെ വിന്യസിച്ചിട്ടുണ്ട്. 50 അംഗ സംഘം കളമശ്ശേരിയിലും 100 അംഗ സംഘം കൊച്ചിയിലും തയ്യാറായിക്കഴിഞ്ഞു. കൂടാതെ ആവശ്യമായ മരുന്നുകളും മറ്റുമായി ഡോക്ടര്‍മാരുടെ സംഘവും സഹായത്തിനുണ്ട്. ദുരിത ബാധിതര്‍ക്കു ഭക്ഷണം വിതരണം ചെയ്യാനടക്കമുള്ള കാര്യങ്ങളില്‍ നാവികസേനയുടെ സഹായം ലഭ്യമാണ്. ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഇവരുടെ സേവനം എവിടെയാണോ ആവശ്യം വരുന്നത് അവിടെ ലഭ്യമാക്കുമെന്നു നേവി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss