|    Dec 16 Sun, 2018 1:00 am
FLASH NEWS

പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കോര്‍പറേഷന്‍ കൗണ്‍സില്‍

Published : 19th August 2018 | Posted By: kasim kzm

കോഴിക്കോട്: കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന അതിരൂക്ഷമായ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നേരിട്ട് അവതരിപ്പിച്ച ഇതു സംബന്ധിച്ച പ്രമേയം ഐക്യകണ്—ഠേന അംഗീകരിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദുരന്തമാണ് ഉണ്ടായത്. പതിനായിരങ്ങള്‍ ഇപ്പോഴും കെട്ടിടങ്ങളിലും മറ്റും കുടുങ്ങികിടക്കുകയാണ്. പ്രധാന റോഡുകളും സ്—കൂള്‍ കെട്ടിടങ്ങളും തടയണകളുമെല്ലാം തകര്‍ന്നു.
അതുകൊണ്ടുതന്നെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, കോഴിക്കോട്ടെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മേയറുടെ ഒരു മാസത്തെ വേതനം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ യോഗത്തില്‍ പ്രഖ്യാപിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍ മൊത്തം ചുരുങ്ങിയത് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനമായി. അതാത് വാര്‍ഡ് കമ്മിറ്റികള്‍ റസിഡന്റ്—സ് അസോസിയേഷനുകള്‍ വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കണമെന്നും ഈ മാസം 29ന് മുമ്പ് പണം ശേഖരിക്കണമെന്നും ധാരണയായി. പോരായ്മകളുള്ളതായി ആര്‍ക്കും അനുഭവപ്പെടാത്ത വിധം ദുരിതാശ്വാസ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകണമെന്നും ഏത് പ്രശ്—നങ്ങള്‍ക്കും 24 മണികൂറിനകം പരിഹാരം കാണും വിധം പ്രവര്‍ത്തിക്കണമെന്നും മേയര്‍ നിര്‍ദ്ദേശിച്ചു.
ക്യാമ്പില്‍ വന്ന് പേര് രേഖപ്പെടുത്താത്തവര്‍ക്കും ദുരിതാശ്വാസ സഹായം എത്തിക്കും. പ്രളയക്കെടുതികള്‍ക്കായി നഗരസഭയുടെ ഫണ്ട് വിനിയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രയോജനപ്പെടുത്തും. ഓരോ വാര്‍ഡിലും 5000 രൂപവീതം ചെലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായി യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു. മരുന്ന് വാങ്ങാനും പൊതു കുടിവെള്ള സ്രോതസ് വൃത്തിയാക്കാനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും റോഡുകള്‍ നന്നാക്കാനും മറ്റും തുക വകമാറ്റാമെന്നാണ് സര്‍ക്കാര്‍ അടിയന്തര ഉത്തരവിറക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട്ടേക്ക് ആയിരം കിലോ ബ്ലീച്ചിങ്ങ് പൗഡര്‍ ഉടന്‍ എത്തുമെന്നും മേയര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ബാക്കിയായ സാധനങ്ങള്‍ മറ്റ് ഭാഗങ്ങളി
ലെത്തിക്കാനായി ജില്ലാ കലക്ടറെ ഏല്‍പ്പിക്കാനും യോഗം തീരുമാനിച്ചു. എന്നാല്‍ ബാക്കിയായ സാധനങ്ങള്‍ ക്യാമ്പിലെത്തിയവര്‍ക്ക് തന്നെ കൊടുത്തുവിടാന്‍ ചില ക്യാമ്പ് കമ്മിറ്റികള്‍ തീരുമാനമെടുത്തതായി ബിജെപിയുടെ നമ്പിടി നാരായണന്‍ പറഞ്ഞു.
ഇങ്ങനെ ദുരിത ബാധിതര്‍ക്ക് തന്നെ സാധനങ്ങള്‍ കിറ്റായി നല്‍കുന്നതില്‍ അപാകതയില്ലെന്ന് മേയര്‍ പറഞ്ഞു. കിണറുകള്‍ മാലിന്യ മുക്തമാക്കാന്‍ അടിയന്തര നടപടി വേണമെന്ന് എം രാധാകൃഷ്ണനും പ്രതിപക്ഷനേതാവ് അഡ്വ. പി എം സുരേഷ്ബാബുവും ആവശ്യപ്പെട്ടു. ഇനി വരുന്ന മാസങ്ങള്‍ മാലിന്യം കാരണമുള്ള രോഗങ്ങള്‍ പടരാതിരിക്കാന്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ് പറഞ്ഞു. സി അബ്ദുറഹിമാന്‍, കെ എം റഫീഖ്, എം സി അനില്‍കുമാര്‍ സംസാരിച്ചു. ആരോഗ്യപ്രശ്—നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ക്ലാസുകള്‍ നടത്താന്‍ തീരുമാനമായി. ഹെല്‍ത്ത് ഓഫീസര്‍മാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. നല്ലളം ഭാഗത്ത് കിണറുകള്‍ മലിനമായി കിടക്കുകയാണെന്ന് കെ എം റഫീഖ് പറഞ്ഞു. വൈദ്യുതിവിതരണം കാര്യക്ഷമമാക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അമാന്തം കാണിക്കുകയാണെന്ന് യോഗത്തില്‍ പരാതിയുയര്‍ന്നു.
വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന് സി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നാല് ടിപ്പര്‍ ലോറികള്‍ വാടകക്ക് എടുത്ത വകയില്‍ 10,62,400 രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, കോര്‍പറേഷന് സ്വന്തമായുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം പരിശോധിക്കണമെന്ന് സി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ഒമ്പത് ലോറികള്‍ ഉണ്ടായിരുന്നത് അഞ്ചു വണ്ടികള്‍ കണ്ടം ചെയ്യാന്‍ തീരുമാനിച്ചതാണെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ നന്നാക്കുന്നതിനും പുതിയവ വാങ്ങുന്നതിനും 10,54,000 രൂപ ചെലവിടുന്നതുമായി ബന്ധപ്പെട്ട 23ാം അജണ്ട മാറ്റിവച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss