|    Nov 17 Sat, 2018 5:05 pm
FLASH NEWS

പ്രളയക്കെടുതി: ചികില്‍സാ സഹായവുമായി പോണ്ടിച്ചേരിയിലെ വിദഗ്ധ സംഘവും ജില്ലയിലെത്തി

Published : 25th August 2018 | Posted By: kasim kzm

തൃശൂര്‍: മഴക്കെടുതിയാലും തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാലും വലയുന്നവര്‍ക്ക് ചികില്‍സാ സഹായവുമായി പോണ്ടിച്ചേരിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജീപ്‌മെറില്‍ (ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) നിന്നുള്ള വിദഗ്ദ്ധ സംഘം തൃശൂര്‍ ജില്ലയിലെത്തി.
ജിപ്‌മെറിലെ ന്യുറോ മെഡിസിന്‍ വിഭാഗത്തിന്റെ മേധാവി ഡോ. പ്രദീപ് എസ് നായരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും നഴ്‌സിംഗ് ഓഫീസര്‍മാരും മറ്റു പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ 35 അംഗങ്ങള്‍ ജില്ലയിലെ നായരങ്ങാടി, കാഞ്ഞാണി, പറവട്ടാനി, വടക്കേക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ചികില്‍സാ ക്യാമ്പുകള്‍ നടത്തി. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് വിവിധ ചികില്‍സാ ക്യാമ്പുകള്‍ നടത്തും. ജീപ്‌മെറില്‍ ജോലി ചെയ്യുന്ന 2700 ഓളം മലയാളികള്‍ തങ്ങളുടെ ഒരുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ ബ്ലീച്ചിംഗ് പൗഡര്‍, അരി, ഗോതമ്പ് , പയര്‍വര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, മറ്റുവീട്ടു സാധനങ്ങള്‍ എന്നിവയുമായി ഒരു ട്രക്കും ജീപ്‌മെറില്‍ നിന്ന് തൃശൂരിലെത്തി.
സംഘത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ജിപ്‌മെര്‍ ഡയറക്ടര്‍ ഡോ. വിവേകാനന്ദം അറിയിച്ചിട്ടുണ്ട്. ഡോ. ബിജു പൊറ്റക്കാട്, ഡോ. സന്തോഷ് സതീഷ്, ഡോ. പ്രദീപ് എസ് നായര്‍, ഡോ.ശ്രീരാഗ്, ഡോ.ജഗദീഷ് മേനോന്‍, ഡോ.ഹരിചന്ദ്രകുമാര്‍, ഡോ.ബ്ലെസ്സി, നഴ്‌സിംഗ് ഓഫീസര്‍ ഹാവോള്‍ പ്രഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ജിപ്‌മെറില്‍ നിന്നുള്ള അടുത്ത മെഡിക്കല്‍ സംഘം ഒരാഴ്ചക്കുള്ളില്‍ കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് തിരിക്കും. പ്രളയക്കെടുതിയിലുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 7867086311 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ജിപ്‌മെര്‍ മാനസികാരോഗ്യ വിഭാഗം അസോ. പ്രഫസര്‍ ഡോ.വികാസ് മേനോന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss