|    Dec 15 Sat, 2018 2:53 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പ്രളയക്കെടുതിയും മതമൗലികതയും

Published : 7th September 2018 | Posted By: kasim kzm

അശ്‌റഫ് ശ്രമദാനി

നമ്മുടെ പ്രളയക്കെടുതിയിലേക്കു കിട്ടുന്ന ഏറ്റവും മഹത്തരമായ കൊടുതി, മ്യാന്‍മര്‍ സൈന്യം വംശവെറി മൂത്ത് ആട്ടിയോടിച്ച റോഹിന്‍ഗ്യന്‍ മുസ്്‌ലിം അഭയാര്‍ഥികളുടേതായിരിക്കും. ഇതില്‍ ശരണാര്‍ഥികളുടെ പാരസ്പര്യവും ആത്മബന്ധവും കാണുക. കെടുതിയും കൊടുതിയും തമ്മിലും അങ്ങനെത്തന്നെയാണ്. ദുരിതത്തില്‍ എന്തു ദുരഭിമാനം? സമ്പന്നരാജ്യമായ ജപ്പാനിലെ സുനാമി കെടുതിയോട് ലോകരാഷ്ട്രങ്ങള്‍ പ്രതികരിച്ചിരുന്നില്ലേ, സഹകരിച്ചിരുന്നില്ലേ? ഗുജറാത്ത് ഭൂകമ്പ കെടുതിയോടു പതിനായിരക്കണക്കിന് ടണ്‍ അരി തന്നുകൊണ്ടാണല്ലോ ദരിദ്ര ബംഗ്ലാദേശ് പ്രതികരിച്ചത്. നാം ഇന്ത്യയും പലപ്പോഴും അനവധി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒന്നിങ്ങു വന്നിറങ്ങാതെ തന്നെ പ്രളയക്കെടുതിയുടെ ആഴമറിഞ്ഞ്, മനസ്സുതൊട്ട് ഇമാറാത്ത് നമുക്കു നല്‍കിയ സഹായവാഗ്ദാനത്തെ ഒരു പന്താക്കി എല്ലാവരും തട്ടിക്കളിക്കുമ്പോള്‍ ജിസിസി രാഷ്ട്രങ്ങള്‍ പ്രവാസികളെ പേറുക തന്നെയാണ്. അതിലൊന്നുമില്ല ആത്മാഭിമാനത്തിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍. ഏതു ജനതയാണ്, ഏതു രാജ്യമാണ് എന്തു ദുരന്തത്താലാണ് കെടുതിക്കിരയാവുന്നതെന്നു പ്രവചിക്കാനാവില്ല. ദുരന്തം നമ്മുടെ അഹന്തയുടെ മുനയൊടിക്കുന്നു; നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിത്തരുന്നു. സര്‍വോപരി നാം ദൈവസൃഷ്ടികളായ മനുഷ്യര്‍ മാത്രമാണെന്നു മനസ്സിലാക്കിത്തരുന്നു. വിവേകം അല്‍പമെങ്കിലുമുള്ള ഒരു മനുഷ്യനില്‍ അത് ഒരു ദാര്‍ശനികവ്യഥ തന്നെ സൃഷ്ടിക്കുന്നു. പശു ചത്താലും ബാക്കിനില്‍ക്കുന്ന മോരിലെ പുളിയുള്ളവര്‍ വിഭാഗീയതയും വര്‍ഗീയതയും കളിച്ചുകൊണ്ടിരിക്കും. അതു മതമല്ല, ശുദ്ധ മതഭ്രാന്താണ്.
മാംസം തിന്നു പൂസായ മഹാപാപികളാണ് പ്രളയഹേതുവെങ്കില്‍ പുല്ലു മാത്രം തിന്നു പശിയടക്കുന്ന പശുവടക്കമുള്ള കന്നുകാലികളോ? പ്രളയത്തില്‍ നഷ്ടപ്പെട്ട നമ്മുടെ ആടുമാടുകളുടെയും കോഴിയടക്കമുള്ള വളര്‍ത്തുപക്ഷികളുടെയും പാപമെന്താണ്? നര്‍മബോധമുള്ളവര്‍ അങ്ങനെത്തന്നെ പറഞ്ഞുകൊണ്ടിരിക്കും. മരണം മാത്രമല്ല രംഗബോധമില്ലാത്ത കോമാളിയെന്നു മനസ്സിലാക്കുക. ബീഫ് ഭോജനമേളയുടെ വിപ്ലവ രാഷ്ട്രീയപ്രസക്തി കൂടി നാമിവിടെ മറന്നുകളയരുത്.
നാം നാടിനെ വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിലാണ്. ഒത്തുപിടിച്ചാല്‍ മലയും പോരും; പോരുന്നുണ്ട്. പക്ഷേ, കിടമല്‍സരവും ചേരിപ്പോരും നിര്‍ത്തിയേ തീരൂ. പാരവയ്ക്കാനുള്ള നമ്മുടെ യോഗ്യത അപാരമാണെന്നു നമ്മള്‍ തന്നെ സ്വയമേവ സമ്മതിക്കുന്നതാണ്. അതിന്റെ ‘പാര’സൈക്കോളജി മനസ്സിലാക്കാന്‍ എളുപ്പമല്ല. ഭരണസാരഥികള്‍ സ്വന്തം ചുമതലകള്‍ നിര്‍വഹിക്കുന്നതുപോലും വലിയ മലമറിക്കുന്ന കാര്യമാക്കി അവരെ വിഗ്രഹവല്‍ക്കരിക്കുന്ന അഭ്യാസവും ഫലത്തില്‍ ‘പാര’സൈക്കോളജിയുടെ ഭാഗം തന്നെ. പ്രളയക്കെടുതിയില്‍ നമ്മള്‍ കൈക്കൊണ്ട നടപടികള്‍ ഈ ബിംബനിര്‍മിതിക്ക് സമര്‍ഥമായി ഉപയോഗിച്ചിട്ടുണ്ട്. സോകോള്‍ഡ് പാര്‍ട്ടികളുടെയും സംഘങ്ങളുടെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സൂം ചെയ്തും ബൂം ചെയ്തും വണ്ണംവയ്പിച്ചു കാണിക്കുമ്പോള്‍ വലിയവലിയ കാര്യങ്ങള്‍ ചെയ്യുന്ന ചെറിയചെറിയ സംഘങ്ങള്‍ കൊച്ചാക്കപ്പെടുന്നു, ചുച്ഛിക്കപ്പെടുന്നു, മോശക്കാരായി മുദ്രകുത്തപ്പെടുന്നു. മുഖ്യധാരയിലെ പൗരമുഖ്യന്‍മാര്‍ വിഗ്രഹവല്‍ക്കരിക്കപ്പെടുന്നു. ചിലര്‍ ദേവസ്ഥാനത്തേക്കു വരെ ഉയര്‍ത്തപ്പെടുന്നു. പല സംഗതികളും ബോധമില്ലാതെ ആവാഹിക്കുന്ന ഒരു (ദുഷ്)പ്രവണത പൊതുബോധത്തിനുണ്ട്. ഈ മാസ് സൈക്കോളജി മനസ്സിലാക്കിയാണ് തുല്യനീതി ടാര്‍ഗറ്റ് ചെയ്ത് ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന നവലിബറല്‍ പ്രസ്ഥാനങ്ങളെ മുഖ്യധാരക്കാര്‍ ബ്രാന്‍ഡ് ചെയ്യുന്നത്. അതിനു തിരഞ്ഞെടുക്കപ്പെട്ട അശ്ലീല പദമാണ് മതതീവ്രവാദം. ആ പദം തന്നെ ധാരാളം മതി അതിന്റെ ഉദ്ദേശ്യ’ശുദ്ധി’ മനസ്സിലാക്കാന്‍. ഇപ്പോള്‍ മതം ഒഴിവാക്കി തീവ്രവാദം/തീവ്രവാദി എന്നാക്കിയിരിക്കുന്നു. എന്നിട്ടുപോലും നമുക്കു മനസ്സിലാവുന്നു ഏതു മതത്തെയാണ്, ഏതു മതവിശ്വാസികളെയാണ് ഈ പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്. ഇതാണ് ആദരവാക്കപ്പെട്ട ഇസ്‌ലാമോഫോബിയാക്കള്‍ ആടിനെ പട്ടിയാക്കുന്ന കറാമത്ത്. ആ സമയത്ത് ഈ ഫോബിയാക്കള്‍ അനുഭവിക്കുന്ന ആത്മരതിയും സ്വപ്‌നം കാണുന്ന വോട്ടും അവാച്യമായൊരു അനുഭൂതി നമുക്കും നല്‍കുന്നില്ലേ മാളോരെ?
ഇന്നേരം നമ്മുടെ ഓര്‍മയിലേക്ക് യശശ്ശരീരനായ ഒ വി വിജയന്‍ കടന്നുവരുന്നുണ്ട്; സ്‌നേഹിക്കാനും സംവദിക്കാനും വിശ്വസിക്കാനും മതമൗലികവാദികള്‍ക്കുള്ള യോഗ്യതയെ ആദരിച്ചു വിലയിരുത്തി വിജയന്‍ സംസാരിച്ച ഒരു ചരിത്രമുഹൂര്‍ത്തം ഉണ്ടായിട്ടുള്ളതുകൊണ്ട്. വിശ്വാസസാന്ദ്രതയും മതവിജ്ഞാനവും തുലോം കുറഞ്ഞ ഒരു മുസ്‌ലിം പോലും പടച്ചവന്റെ പൊരുത്തം പ്രതീക്ഷിച്ചുകൊണ്ടാണ് ഒരു നന്മ ചെയ്യുക. അതും ഇസ്്‌ലാമിക മതമൗലികതയാണ്. ഒരു സല്‍കര്‍മത്തില്‍ തന്നെ പ്രകടനപരത സംഭവിച്ചാല്‍ അതിന്റെ പ്രതിഫലത്തില്‍ ആശങ്കപ്പെടേണ്ടതുണ്ട് വിശ്വാസി. അതും ഇസ്്‌ലാമിക മതമൗലികതയുടെ ഭാഗം തന്നെ. കരിനിഴല്‍ വീഴ്ത്തുന്നവരെന്നു പറഞ്ഞ് മിതശീതോഷ്ണവാദികളും ഉല്‍പതിഷ്ണുക്കളും എപ്പോഴും ഒരുവിഭാഗത്തെച്ചൊല്ലി കരയാറുണ്ട്. സോകോള്‍ഡ് സംഘടന ദുരന്തത്തിലും ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ചെയ്തുവരുന്ന ശ്ലാഘനീയമായ സേവനങ്ങളില്‍ പലതും പലരും വിലമതിക്കുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ഇതൊക്കെ തമസ്‌കരിക്കാനും ശ്രദ്ധിക്കുന്നു. എന്നിട്ടും അവര്‍ ഹതാശരോ ഭഗ്‌നാശരോ നിഷ്‌ക്രിയരോ ആവാത്തത് എന്താണെന്നു കൗതുകപൂര്‍വം നിരീക്ഷിച്ചപ്പോള്‍ ലഭിച്ച ഫലം ഇതാണ്: ‘പടച്ചവന്റെ പൊരുത്തം.’ നന്മയില്‍ സജീവമാവുമ്പോള്‍, സക്രിയരാവുമ്പോള്‍, ഉദാരരാവുമ്പോള്‍ ഈ ലക്ഷ്യം തീവ്രമായി മുസ്്‌ലിംകള്‍ മുറുകെ പിടിക്കുന്നു. ഇതിനെ മതമൗലികവാദം എന്നു വിളിച്ചാല്‍ മുസ്്‌ലിംകള്‍ക്ക് എന്താണു വിഷമം? അങ്ങനെ വിളിക്കാന്‍ അമുസ്‌ലിംകള്‍ക്ക് എന്താണു പ്രയാസം? ഇപ്പോഴത്തെ ഈ സൗഹൃദവും സാഹോദര്യവും കൂട്ടായ്മയും സ്‌നേഹബന്ധവുമൊക്കെയല്ലേ മുമ്പും നമുക്കുണ്ടായിരുന്നത്, കൂടുതല്‍ ദീപ്തവും നിഷ്‌കളങ്കവുമായ രൂപത്തില്‍. ഒരു മഹാകോപം, ദുരന്തം നമ്മളെ വേട്ടയാടിയപ്പോള്‍ മാത്രം നാം ഇന്ന് മനുഷ്യരാവുന്ന സുന്ദരപദമാവുന്നുവല്ലേ! ഈ ഖഹര്‍/ക്രൈസിസ് മാനേജ് ചെയ്തപ്പോള്‍ നമുക്കു കെടുകാര്യസ്ഥത/പാളിച്ച പറ്റിയിട്ടില്ലെന്നാവും ഊറ്റം. ദുരിതത്തിന്റെ ബാക്കിപത്രം നിവര്‍ത്തിവച്ചു നിവൃത്തിമാര്‍ഗം സ്വീകരിക്കയാണ് നമ്മള്‍, വീണ്ടെടുപ്പിനായി യത്‌നിക്കയാണ്. ശരി, ആരു വന്നിട്ടാണ് ഈ മഹാപ്രളയം നിര്‍ത്തിത്തന്നത്? സുന്ദരനായ മനുഷ്യനോ? ഇപ്പോഴും നമ്മള്‍ ഊറ്റംകൊള്ളുകയാണ് നമ്മുടെ യോഗ്യതകള്‍ വിളമ്പിക്കൊണ്ട്. മലയാളക്കരയില്‍ പ്രളയം നടക്കുമ്പോള്‍ അറബിക്കടല്‍ ശാന്തമായിരുന്നു. ഓഖി ദുരന്തത്തിന്റെ വേദനിക്കുന്ന ഓര്‍മകളുമായി കടല്‍ പ്രളയജലം ഏറ്റുവാങ്ങി. വാങ്ങിയില്ലായിരുന്നെങ്കില്‍, തിരസ്‌കരിക്കുകയായിരുന്നുവെങ്കില്‍ കേരളക്കര തള്ളിയ സകലമാന അഴുക്കുകളും ഒരു മിശ്രിതമായി പ്രളയമായിവന്നു നമ്മളെ വിഴുങ്ങുമായിരുന്നു. ഒരു വലിയ ശുചീകരണം തന്നെയാണു നടന്നത്. വീടും പരിസരവുമൊന്നു വാസയോഗ്യമാക്കിക്കിട്ടാന്‍ നാം പക്ഷേ, പെടുന്ന പെടാപ്പാട് ഒന്നോര്‍ത്തുനോക്കുക. ചില പ്രദേശത്തുകാര്‍ വിലപിക്കുന്നത് വെള്ളം കൂടുതല്‍ വലിഞ്ഞുപോയി വേനലില്‍ കുടിവെള്ളം മുട്ടുമോ എന്നാണ്. പ്രളയത്തില്‍ ശുചീകരിക്കപ്പെട്ട ഭൂമി താരതമ്യേന രോഗാവസ്ഥ കുറഞ്ഞൊരു പരിസരമാണ് നമുക്ക് ഉണ്ടാക്കിത്തരുന്നതെന്നു തോന്നുന്നു. കഴിവുകളെക്കുറിച്ചുള്ള ഊറ്റത്തില്‍ അന്തംവിട്ട് അഭിരമിക്കാനുള്ള വകയൊന്നും ഒരാള്‍ക്കും ഇല്ലെന്നോര്‍ക്കുക. വിവേചനങ്ങള്‍ ഏറെ നിലനിന്നിരുന്ന 99ലെ/1924ലെ തൂഫാന്‍ കാലത്തും അന്നു ലഭ്യമായ സങ്കേതവും കോപ്പും അനുസരിച്ച് അവര്‍ കൂടിക്കഴിഞ്ഞിരുന്നു. ഇത്രയും പറഞ്ഞത് മനുഷ്യനെ മനുഷ്യന്‍ തന്നെ പറഞ്ഞ പടച്ചവനാക്കുന്ന പ്രവണത ഈ പ്രളയകാലത്ത് ഓവറായി കാണുന്നതുകൊണ്ടാണ്.
മതധാര്‍മികമൂല്യങ്ങളുടെ ചെലുത്തലും സ്വാധീനവും സംസ്‌കരണവും അവബോധവുമില്ലാതെ മനുഷ്യത്വം അങ്കുരിക്കുക എളുപ്പമല്ല. ഫാഷിസം ചെലുത്തുന്ന സ്വാധീനവും വര്‍ഗീയത കുത്തിവയ്ക്കുന്ന വിഷവും ഉദാത്തമായ മാനുഷിക ഭാവത്തെ പൈശാചികവല്‍ക്കരിക്കുമെന്നത് ഒരു യാഥാര്‍ഥ്യം തന്നെ. വെറുപ്പിന്റെ രാഷ്ട്രീയവും വിദ്വേഷത്തിന്റെ തത്ത്വസംഹിതയും പരസ്പരം സംശയിക്കുകയും പകപോക്കുകയും ചെയ്യുന്ന അരക്ഷിതാവസ്ഥയിലേക്കു നമ്മളെ തള്ളിവിട്ടുകൊണ്ടേയിരിക്കുന്നു. ഈ ചരിത്രദുരന്തത്തിന്റെ ഇത്തരം ദശാസന്ധികളിലെങ്കിലും നാം മനസ്സ് കഴുകേണ്ടതുണ്ടെന്നു തോന്നുന്നു. അതിന് മതധാര്‍മികമൂല്യങ്ങളെ അന്യംനിര്‍ത്തിക്കൊണ്ടല്ല പരിഹാരം. സൈന്യം വരെ തിരച്ചില്‍ മതിയാക്കി ഉപേക്ഷിച്ചിട്ടുപോയ ജഡങ്ങളിലൊന്ന് ഞാനോ നിങ്ങളോ ആയിരുന്നുവെങ്കില്‍? മനുഷ്യന്‍ എത്ര സുന്ദരമായ പദം, വിരൂപികള്‍ നാം. എന്തിനുമേതിനും തീവ്രവാദമുദ്ര ചാര്‍ത്തപ്പെടുകയും ഭ്രഷ്ട് കല്‍പിക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തെ ഈ പ്രളയക്കെടുതിയിലെങ്കിലും ഫഌഡ് ജിഹാദികള്‍ എന്നു വിളിക്കാന്‍ സംഘികള്‍ക്കുപോലും നാക്ക് പൊന്താത്തതില്‍ ഒരദ്ഭുതസിദ്ധി ഒളിഞ്ഞുകിടപ്പുണ്ടാവണം. പ്രളയക്കെടുതികള്‍ നല്‍കുന്ന പാഠത്തില്‍ ഒന്നാമതു വരുന്നത് പ്രണയമാണ്. മനുഷ്യര്‍ തമ്മിലുണ്ടാവേണ്ട നിഷ്‌കപടമായ പ്രണയം. ഒരു മനുഷ്യന്റെ ഇഹപരമോക്ഷത്തിനു വേണ്ടി ഒരു വിശ്വാസിക്കുണ്ടാവേണ്ട ഗുണകാംക്ഷയാണ് മതവും മതമൗലികതയും. അതുതന്നെയാണ് ലൈംഗികമുക്ത പ്രണയം. അതിന് ഒരു ദര്‍ശനത്തിന്റെ അനിവാര്യതയുണ്ട്. അതിതാണ്: ”മനുഷ്യരെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടിയാണ് മനുഷ്യനെ ഗോത്രവും വര്‍ഗവുമൊക്കെ ആക്കിയത്. ആദമിന്റെ സൃഷ്ടി മണ്ണില്‍ നിന്നാണ്. വെളുത്തവന് കറുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ ഒരു ശ്രേഷ്ഠതയുമില്ല, ജീവിതസൂക്ഷ്മതയിലും ഭയഭക്തയിലുമൊഴികെ.” ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss