|    Nov 20 Tue, 2018 3:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയക്കെടുതിയില്‍ നിന്നു നിവരാനാവാതെ ചെറുകിട വ്യാപാരികള്‍

Published : 1st November 2018 | Posted By: kasim kzm

പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകളിലൊന്നാണ് തൃശൂര്‍. പ്രളയത്തില്‍ നിരവധി ആളുകള്‍ക്ക് വീടും കിടപ്പാടവും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ടു. ജില്ലയിലെ വ്യാപാരികള്‍ക്കുണ്ടായ നഷ്ടവും നികത്താനാവാത്തതാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണക്കു പ്രകാരം 35,000 വ്യാപാരസ്ഥാപനങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 3500 വ്യാപാരസ്ഥാപനങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചത്. ഏകദേശം 2000 വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായും പ്രളയം കവര്‍ന്ന അവസ്ഥയായിരുന്നു.
ചാലക്കുടി, മാള, കാട്ടൂര്‍, അന്നമനട, കരുവന്നൂര്‍, ഇരിങ്ങാലക്കുട, എടത്തിരുത്തി, കൊടകര, മൂര്‍ക്കനിക്കര ഭാഗങ്ങളിലെ വ്യാപാരസ്ഥാപനങ്ങളാണ് ദുരിതം കൂടുതലായി അനുഭവിച്ചത്. ഒരു ദിവസം മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് ഇത്തരത്തില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഉണ്ടായത്. വന്‍കിട വ്യാപാരസ്ഥാപനങ്ങ ള്‍ക്ക് ഉണ്ടായ നഷ്ടം ഇന്‍ഷുറന്‍സ് മുഖേനയും മറ്റും ചെറിയ തോതില്‍ നികത്താനാവുമെങ്കിലും മൂന്നും നാലും ലക്ഷം മുതല്‍ മുടക്കി കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടത്തിനു പരിഹാരം കാണുകയെന്നത് വലിയ പ്രതിസന്ധിയായി ഇപ്പോഴും നിലനില്‍ക്കുകയാണ്.
ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയോ മറ്റ് പോംവഴികളോ ഇല്ലാത്ത വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ഉപജീവനമാര്‍ഗം വീണ്ടും തുടങ്ങുന്നതിനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ജില്ലയില്‍ ശക്തമായിത്തന്നെ മുന്നോട്ടുപോകുന്നുണ്ടെന്ന് ചെട്ടിയങ്ങാടി യൂനിറ്റ് പ്രസിഡന്റ് സി എ ഷംസുദ്ദീന്‍ തേജസിനോട് പറഞ്ഞു. വ്യാപാരികളില്‍ നിന്നു പിരിവെടുത്ത് ഇത്തരത്തില്‍ ഉപജീവനം നഷ്ടമായ വ്യാപാരികളെ പുനരധിവസിപ്പിക്കാനാണ് ശ്രമം. ഇതിനായി ജില്ലയിലെ 175 യൂനിറ്റുകളും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഓരോ യൂനിറ്റും രണ്ടും മൂന്നും ലക്ഷം രൂപ വീതമാണ് ഇതിലേക്കായി സമാഹരിക്കുന്നത്. പ്രളയക്കെടുതിയില്‍ നശിച്ച വ്യാപാരസ്ഥാപനങ്ങള്‍ ഒന്നര മാസം പിന്നിട്ട ശേഷം ഒക്ടോബറിലാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനായത്.
പ്രളയക്കെടുതി ബാധിച്ചവര്‍ക്ക് വീടും കിടപ്പാടവും ഉണ്ടാക്കിക്കൊടുക്കാനുള്ള ധനസമാഹരണം തന്നെ സംസ്ഥാന സര്‍ക്കാരിനു ഭീമമായ ബാധ്യത വരുത്തിവച്ച സാഹചര്യത്തില്‍ വ്യാപാരികളുടെ നഷ്ടം ആര് നികത്തുമെന്ന ചോദ്യം ബാക്കിയാണ്. ഇവര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ക്ക് ക്ഷേമനിധിയില്‍ നിന്നു സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വലിയൊരു തുകയില്ലാതെ തങ്ങളെ പുനരധിവസിപ്പിക്കാനാവില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പലിശരഹിത വായ്പ നല്‍കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തിയ്യതി നീട്ടിയെന്നു പറയുമ്പോഴും പിഴ ഈടാക്കുന്ന സമീപനവും ചില ഭാഗങ്ങളില്‍ നിന്നുണ്ടാവുന്നു. ഈ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട രേഖകള്‍ അടങ്ങിയ കംപ്യൂട്ടറുകള്‍ ഭൂരിഭാഗവും പ്രളയത്തില്‍ നശിച്ചതിനാല്‍ നികുതി അടയ്ക്കാന്‍ കഴിയാത്ത സാഹചര്യവും ജില്ലയിലെ പ്രളയബാധിത മേഖലകളിലെ വ്യാപാരികള്‍ നേരിടുന്നതായി ഷംസുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കുകയാണെങ്കില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു സഹായം ലഭ്യമാക്കാന്‍ കഴിയുമെന്നും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അതിനു തയ്യാറാവുന്നില്ലെന്ന രോഷവും വ്യാപാരികള്‍ക്കുണ്ട്.
(അവസാനിക്കുന്നില്ല)

സംയോജനം: ഇ ജെ ദേവസ്യ
റിപോര്‍ട്ട്: കെ സനൂപ്

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss