|    Oct 19 Fri, 2018 8:39 am
FLASH NEWS

പ്രളയക്കെടുതിയിലെ ദുരിതാശ്വാസം: സാമൂഹിക പ്രവര്‍ത്തക ആശാപോളിന് ദേശീയ പുരസ്‌കാരം

Published : 24th September 2018 | Posted By: kasim kzm

കല്‍പ്പറ്റ: കേരളത്തിലുണ്ടായ മഹാപ്രളയ സമയത്തും പ്രളയാനന്തരവും മികച്ച രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിന് സാമൂഹിക പ്രവര്‍ത്തകയും സുല്‍ത്താന്‍ ബത്തേരി പൂമല സ്വദേശിനിയുമായ ആശാ പോളിന് ദേശീയ പുരസ്‌കാരം. മഹാരാഷ്ട്രയിലെ ശ്രീക്ഷേത്രയിലെ സിദ്ധഗിരി മഠമാണ് ആശാ പോളും സിനിമാ സംവിധായകനും കോഴിക്കോട് സ്വദേശിയുമായ സുനില്‍ വിശ്വചൈതന്യയും ഉള്‍പ്പെടെ ആറുപേര്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. ബുധനാഴ്ച ശ്രീക്ഷേത്രയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പൂമല മൂശാപ്പള്ളില്‍ പരേതനായ പൗലോസിന്റെയും മേരിയുടെയും ഏക മകളാണ് ആശ. ജീവിതത്തില്‍ വിവാഹം പോലും വേണ്ടെന്നു വച്ച് സാമുഹിക പ്രവര്‍ത്തനത്തിനിറങ്ങിയ ആശാ പോള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി വയനാട്ടിലെ സാമുഹിക സേവന രംഗത്തെ നിറസാന്നിധ്യമാണ്.
പ്രളയ സമയത്ത് അപകടഭീഷണി നേരിട്ട പ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ ക്യാംപുകളിലെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും ബന്ധുവീടുകളില്‍ കഴിയുന്നവര്‍ക്കും പ്രളയ ശേഷം വീട്ടില്‍ തിരിച്ചെത്തിയവര്‍ക്കും സഹായങ്ങള്‍ എത്തിക്കുന്നതിനും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് ആശാ പോള്‍ സേവനത്തിനിറങ്ങിയത്. മഴയില്‍ സ്വന്തം വീട് തകര്‍ന്നിട്ടും നിര്‍ധന കുടുംബത്തില്‍പ്പെട്ട ഈ യുവതി രോഗിയായ അമ്മയുടെ ചികില്‍സയ്ക്കിടയിലും സ്വന്തം വരുമാനം പോലും ജീവകാരുണ്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. തൃശ്ശിലേരി പ്ലാമൂലയില്‍ കനത്ത മഴയില്‍ തിരുനെല്ലിയില്‍ ഗ്രാമപ്പഞ്ചായത്തംഗത്തിനും മറ്റ് സാമൂഹിക പ്രവൃത്തികര്‍ക്കും ഒപ്പം രാത്രി ഒമ്പതിനാണ് എട്ടു കുടുംബങ്ങളെ മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലത്ത് നിന്നും മാറ്റാന്‍ നേതൃത്വം കൊടുത്തു. പിറ്റേ ദിവസം ഈ സ്ഥലം അപകടത്തില്‍പ്പെടുകയും ചെയ്തു. നിരവധി സംഘടനകളുമായി ചേര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. കേരള സര്‍ക്കാര്‍ സ്ഥാപനമായ കിലയുടെ ഫാക്കല്‍റ്റി അംഗം, എസ്ബിടി ബാങ്കിന്റെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബിസിനസ് കൗണ്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വയനാട്ടില്‍ കുടുംബശ്രീയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ആശ ഇപ്പോള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജരാണ്. സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 2003ല്‍ കൊറിയയില്‍ നടന്ന 147 ലോകരാജ്യങ്ങളുടെ യുവജന സമ്മേളനത്തിലും 2015ല്‍ ഈജിപ്തില്‍ ലോക എക്യുമെനിക്കല്‍ കോണ്‍ഫറന്‍സിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
സംസ്ഥാന കേരളോല്‍സവത്തില്‍ കലാതിലകമായിരുന്ന ആശ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. വൈഎംസിഎ ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ്. മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന മക്കള്‍ക്കും മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ജോലി സമയം കഴിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തകര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss