|    Sep 20 Thu, 2018 5:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയക്കെടുതിക്ക് സ്‌നേഹകടാക്ഷം

Published : 15th August 2018 | Posted By: kasim kzm

ജംഷീര്‍ കൂളിവയല്‍

കല്‍പ്പറ്റ: വയനാട്ടിലേക്ക് ഒഴുകുകയാണ് സഹായത്തിന്റെ മഹാപ്രളയം. കലിതുള്ളിപ്പായുന്ന മഴവെള്ളത്തിനെതിരേ തുഴയെറിയാന്‍ ദുരിതബാധിതര്‍ ഒറ്റയ്ക്കല്ല, സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്നതരത്തില്‍ നന്മ പെയ്തിറങ്ങുകയാണിവിടെ, അന്നമായി, ഉടുതുണിയായി അങ്ങനെയങ്ങനെ…
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതബാധിതര്‍ കഴിയുന്ന പനമരത്തെ ദുരിതാശ്വാസ ക്യാംപിലേക്കും ദുരിതബാധിതപ്രദേശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ടനിരയാണ്; ഭക്ഷണവും വസ്ത്രവും പാത്രങ്ങളും മരുന്നുകളും തുടങ്ങി വേണ്ടതെല്ലാം നിറച്ചുവച്ച വാഹനങ്ങള്‍. മേല്‍ക്കൂരയ്‌ക്കൊപ്പം നിന്ന വെള്ളം ഇറങ്ങിയപ്പോള്‍ മുട്ടറ്റം ചളി നിറഞ്ഞ വീടുകള്‍ക്കകം സോപ്പും ബ്രഷും ഉപയോഗിച്ച് വൃത്തിയാക്കുന്ന തിരക്കിലാണ് നൂറുകണക്കിനു യുവാക്കള്‍. മഴവെള്ളം കൊണ്ടുപോയ വഴി തിരികെയെടുത്ത് പുനര്‍നിര്‍മിക്കുകയാണവര്‍. ലോറിയില്‍ കുടിവെള്ളമെത്തിച്ച് ഓരോ വീടുകളിലും വിതരണം ചെയ്യുന്നു. ഇതര ജില്ലക്കാര്‍ മുതല്‍ ഇതര സംസ്ഥാനക്കാര്‍ വരെ. പരസ്പരം പരിചയംപോലുമില്ലാത്തവര്‍ ഒരുമെയ്യായി മാറുന്നു.
തിട്ടപ്പെടുത്താന്‍പോലും കഴിയാത്തത്ര കോടികളുടെ സഹായമാണ് വയനാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കലക്ടറേറ്റില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. 50ഓളം ജീവനക്കാരാണ് ഇവിടെയെത്തിയ ഭക്ഷണകിറ്റുകളും വസ്ത്രങ്ങളും വേര്‍തിരിക്കുന്നത്. പ്രോട്ടോകോളും പദവികളുമൊന്നും ഇവിടെ ബാധകമല്ല. അരിച്ചാക്കെടുത്ത് ചുമലിലേറ്റി കൊണ്ടുപോവുന്നത് ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫിസര്‍ എം ജി രാജമാണിക്യവും വയനാട് സബ് കലക്ടര്‍ എന്‍ എസ്‌കെ ഉമേഷ് ഐഎഎസും. കണക്കെഴുതുന്നത് അതുവരെ ചുമടെടുത്ത് തളര്‍ന്ന പ്യൂണ്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍.
വിദ്യാര്‍ഥികള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, സന്നദ്ധസംഘടനകള്‍, വനിതാസംഘടനകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും എല്ലാം മറന്ന് സേവനമുഖത്താണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss