|    Dec 17 Mon, 2018 1:30 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പ്രളയകാലത്തെ മന്ത്രിപ്പിറവി

Published : 19th August 2018 | Posted By: kasim kzm

രാഷ്ട്രീയ കേരളം – എച്ച് സുധീര്‍
പ്രളയക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുന്നതിനിടെ മന്ത്രിസഭയിലേക്ക് ഒരംഗം കൂടി എത്തി. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഇ പി ജയരാജന്‍. 2016 ഒക്ടോബറില്‍ ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജി വച്ചു പോയ ജയരാജന് തിരിച്ചുവരുമ്പോള്‍ കിട്ടുന്നതും അതേ ചുമതലകളും പദവികളും തന്നെ. മന്ത്രിസഭാംഗമായി ആര് വരണമെന്നത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ തീരുമാനമാണ്. എന്നാല്‍, സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്‌നമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
രണ്ടു വര്‍ഷം മന്ത്രിസഭയ്ക്കു പുറത്തുനിന്നതാണ് ജയരാജന്റെ യോഗ്യതയായി സിപിഎം കാണുന്നത്. രണ്ടു വര്‍ഷം കൊണ്ട് തേഞ്ഞുമാഞ്ഞുപോകുന്നതാണോ അഴിമതിക്കറ? ജയരാജനെ സാങ്കേതികമായി കുറ്റവിമുക്തനാക്കിയത് വിജിലന്‍സാണ്. ജയരാജന്റെ കേസ് പരിഗണിക്കുമ്പോള്‍ കേരള ഹൈക്കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വിജിലന്‍സിനെ ദുരുപയോഗം ചെയ്യരുത് എന്നായിരുന്നു അതിലൊന്ന്. ഒപ്പം ബന്ധുനിയമനത്തില്‍ ലാഭമുണ്ടായോ ഇല്ലേയെന്നു പറയുന്നതില്‍ ആരെയാണ് ഭയക്കുന്നതെന്നും കേസ് അഴിമതിവിരുദ്ധ നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്ന റിപോര്‍ട്ട് എന്തു കാരണം കൊണ്ടാണെന്നു വ്യക്തമാക്കണമെന്നും വിജിലന്‍സിനോട് കോടതി പറഞ്ഞു.
2016ല്‍ ജയരാജന്റെ ഭാര്യാസഹോദരിയായ പി കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (കെഎസ്‌ഐഇ) മാനേജിങ് ഡയറക്ടറായി നിയമിച്ചിരുന്നു. വിഷയത്തില്‍ സ്വന്തം ഓഫിസ് ഇറക്കിയ പത്രക്കുറിപ്പാണ് ജയരാജനെ രാജിയില്‍ കൊണ്ടെത്തിച്ചത്. സുധീറിനെ കെഎസ്‌ഐഇ എംഡിയായി നിയമിച്ച വിവരം മന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ലെങ്കിലും നിയമനം റദ്ദാക്കിയത് വാര്‍ത്താക്കുറിപ്പായി വിതരണം ചെയ്യുകയുണ്ടായി.
ഇതാണ് പ്രധാന തെളിവായി മാറിയത്. സുധീറിന്റെ അപേക്ഷ പരിഗണിച്ചാണ് നിയമനം നല്‍കിയതെന്ന വാര്‍ത്താക്കുറിപ്പിലെ വിശദീകരണവും വിനയായി. ഇതിനെതിരേ അണികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് 2016 ഒക്ടോബര്‍ 6ന് നിയമനം റദ്ദാക്കി. ഇതിനു പിന്നാലെ ഇ പി ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യയായ ദീപ്തി നിഷാദ് കേരള ക്ലേ ആന്റ് സെറാമിക്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനവും ഒഴിഞ്ഞു. ഇരുസംഭവങ്ങളിലും മന്ത്രിയെ പ്രതിയാക്കി വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ കര്‍ശന നിര്‍ദേശപ്രകാരം ഒക്ടോബര്‍ 14നു ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.
ഈ കണ്ടെത്തല്‍ ഉണ്ടായതാവട്ടെ വിജിലന്‍സ് അന്വേഷണം നടക്കും മുമ്പാണ്. അപ്പോള്‍ അന്നത്തെ പാര്‍ട്ടി കണ്ടെത്തലിന് ഇപ്പോള്‍ എന്തു സംഭവിച്ചുവെന്ന് സിപിഎം പറയേണ്ടതല്ലേ? അതോ ഇനി വിജിലന്‍സാണോ പാര്‍ട്ടിയിലെ അന്വേഷണ ഏജന്‍സിയും?
സിപിഎം അഴിമതിക്കാരനാണെന്നു കണ്ടെത്തിയ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ചുമതല നല്‍കുന്നതിലും പ്രതിപക്ഷം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ചികില്‍സാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോവുമ്പോള്‍ ചുമതലകള്‍ വിശ്വസിപ്പിച്ച് ഏല്‍പിക്കാനാണത്രേ ജയരാജനെ തിരിച്ചെത്തിച്ചത്. ഇത് ശരിയാണെങ്കില്‍ ശൈലജ ടീച്ചറും തോമസ് ഐസകും എ കെ ബാലനും അടക്കമുള്ളവര്‍ ജയരാജന്റ ഒപ്പം പാര്‍ട്ടി സ്ഥാനമാനങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിസഭാംഗങ്ങളുമായി ഉണ്ട്. ഈ സാഹചര്യത്തില്‍ പുറത്തുനിന്ന് ഒരാളുടെ ആവശ്യം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്?
ഇതിനു കാരണം സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയുമാവാം. തങ്ങളുടെ കൈയില്‍ നിന്നു പാര്‍ട്ടി സംവിധാനവും പാര്‍ലമെന്ററി സംവിധാനവും കൈവിട്ടുപോകാന്‍ അവര്‍ തയ്യാറല്ലെന്നും അതിന്റെ പ്രതിഫലനമാണ് മന്ത്രിസഭയിലെ രണ്ടാമനായി ഒരു കണ്ണൂര്‍ക്കാരന്‍ തന്നെ വന്നതിനു പിന്നിലെന്നും പറയപ്പെടുന്നുണ്ട്. സിപിഎം ജനങ്ങളോട് തീര്‍ച്ചയായും മറുപടി പറയേണ്ട ഒരു സാഹചര്യം കൂടി വിഷയത്തിലുണ്ട്. സംസ്ഥാനത്ത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണുള്ളത്. ഇപ്പോഴാവട്ടെ പ്രളയദുരിതവും. ഈ സാഹചര്യത്തില്‍ കോടികള്‍ ചെലവാക്കി ഒരു മന്ത്രിയുടെ ആവശ്യം എന്താണുള്ളത്? മന്ത്രിയുടെയും ചീഫ്‌വിപ്പിന്റെയും പുതിയ സ്ഥാനങ്ങള്‍ വഴി ഒരു വര്‍ഷം 10 മുതല്‍ 15 കോടി രൂപ വരെ അധികച്ചെലവാണ് ഖജനാവിന് ഉണ്ടാവുക.
യുഡിഎഫ് മന്ത്രിസഭയില്‍ 21 മന്ത്രിമാരും ഒരു ചീഫ്‌വിപ്പും ഉണ്ടായപ്പോള്‍ രൂക്ഷവിമര്‍ശനം നടത്തിയ ഇടതുപക്ഷത്തിന്റെ മന്ത്രിസഭയില്‍ ഇപ്പോള്‍ 20 പേരായി. സിപിഐക്കു കാബിനറ്റ് പദവിയുള്ള ചീഫ്‌വിപ്പിനെ നല്‍കുന്നു. ഇതോടെ കാബിനറ്റ് പദവിയില്‍ വി എസ് അച്യുതാനന്ദനും ബാലകൃഷ്ണപ്പിള്ളയും ഉള്‍പ്പെടെ മൂന്നു പേരായി. സമയവും സൗകര്യവും അനുസരിച്ച് മാറുന്നതാണ് സിപിഎമ്മിന്റെ ധാര്‍മികത എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. പ്രതിപക്ഷത്തായിരുന്ന കാലത്ത് യുഡിഎഫ് ചീഫ്‌വിപ്പ് പദവി കൊണ്ടുവന്ന സമയത്തും ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം വന്നപ്പോഴും അതിനെ ശക്തമായി എതിര്‍ത്തവരാണ് ഇന്നത്തെ ഭരണപക്ഷം. അന്നത്തെ അവരുടെ ധാര്‍മികത മറ്റൊന്നായിരുന്നു.
ചീഫ്‌വിപ്പ് പദവി കൊണ്ടുവന്നതിനെ അന്ന് അതിനിശിതമായി വിമര്‍ശിച്ചത് സിപിഐ ആയിരുന്നു. എന്നാല്‍, ജയരാജനെ മന്ത്രിസഭയില്‍ എടുക്കുന്നതില്‍ സിപിഐ അടക്കമുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ സിപിഎം തയ്യാറായി എന്നു മാത്രമല്ല, ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് കാര്‍മികത്വം വഹിക്കുകയും ചെയ്തു. മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലുള്ള അസംതൃപ്തിയായിരുന്നു സിപിഐയുടെ എതിര്‍പ്പിന്റെ ആധാരം. എന്നാല്‍, തങ്ങള്‍ക്ക് ഒരു കാബിനറ്റ് പദവി അധികം ലഭിച്ചതോടെ ആ പാര്‍ട്ടിയുടെ ആദര്‍ശധീരത അധികാരത്തിന്റെ മോഹവലയത്തില്‍ മുങ്ങിപ്പോവുന്നതാണ് കണ്ടത്.
അതേസമയം, മന്ത്രിമാരുടെ ചുമതലകളില്‍ മാറ്റം വരുത്താനുള്ള അവസരമായും മുന്നണി ഈ അഴിച്ചുപണിയെ ഉപയോഗിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനായി സിപിഎം ആവിഷ്‌കരിച്ച പദ്ധതികളുടെ അന്തകനായി ജലീല്‍ മാറിയെന്ന ആക്ഷേപവുമുണ്ട്. എല്ലാ മതസംഘടനകളുമായും തുല്യബന്ധം സ്ഥാപിക്കാനുള്ള പാര്‍ട്ടി നയം ജലീലിന്റെ ഇടപെടലില്‍ തകര്‍ന്നുവെന്നാണ് ആരോപണം. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും മാര്‍ക്കിട്ടിരുന്നു. ഇതില്‍ ജലീലിന്റെ നില വളരെ താഴെയായിരുന്നു. മതസംഘടനകളോടുള്ള ജലീലിന്റെ പക്ഷപാതപരമായ സമീപനവും നേതാക്കള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കി. ത്രിതല പഞ്ചായത്തുകളിലെ സിപിഎം ഭരണസമിതികളും മന്ത്രിക്കെതിരേ രംഗത്തെത്തിയിരുന്നു.
അധികാര വികേന്ദ്രീകരണം എന്നത് ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ നയമായിരിക്കെ, മന്ത്രി അധികാര കേന്ദ്രീകരണം നടത്തിയെന്നായിരുന്നു പ്രധാന വിമര്‍ശനം. മന്ത്രിക്കു പകരം കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നുവെന്ന അവസ്ഥയായി വകുപ്പില്‍. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വകുപ്പ് പാര്‍ട്ടി നേരിട്ട് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എ സി മൊയ്തീനെ വകുപ്പ് ഏല്‍പിക്കുന്നതിലൂടെ ആ നിര്‍ദേശമാണ് നടപ്പായിരിക്കുന്നത് എന്നാണ് സംസാരം. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss