|    Nov 17 Sat, 2018 6:38 am
FLASH NEWS

പ്രളയം: സകലതും നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ ഷഫീക്കിനും കുടുംബത്തിനും വീടൊരുങ്ങുന്നു

Published : 29th August 2018 | Posted By: kasim kzm

കോഴിക്കോട്: വെള്ളയില്‍ ഹ്യുമാനിറ്റി ലൈഫ് കെയര്‍ ഹോമില്‍ തന്റെ രണ്ട് മക്കളെയും ചേര്‍ത്തുപിടിച്ചൊരു ഉമ്മ കഴിയുന്നുണ്ട്. മഴവെള്ളപ്പാച്ചിലില്‍ വീടുതകര്‍ന്നതിനാല്‍ കയറികിടക്കാന്‍ ഒരിടം പോലുമില്ലാതെ നെടുവീര്‍പ്പിടുന്ന താമരശ്ശേരിക്കടുത്ത് ചമല്‍ സ്വദേശിയായ പുത്തന്‍പുരക്കല്‍ മൈമൂനയാണ് ആ ഹതഭാഗ്യ. 70 ശതമാനം ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന 22കാരന്‍ ഷഫീഖിനെയും പത്താംക്ലാസ് കഴിഞ്ഞയുടന്‍ വീടു നോക്കാന്‍ കൂലിപ്പണിക്കിറങ്ങിയ ഇളയമകന്‍ ഷരീഫിനെയും കൊണ്ട് എങ്ങോട്ടുപോവണമെന്നറിയാതെ വിഷമത്തിലായിരിന്നു.
എന്നാല്‍ ഇവരുടെ വീട്ടിലേക്ക് ഇക്കഴിഞ്ഞ 16ന് പുലര്‍ച്ചെയാണ് വീടിനടുത്തുള്ള തോട്ടില്‍ നിന്ന് വെള്ളം ഇരച്ചെത്തിയും തൊടിയിലെ മരം കട പുഴകി വീണതും. അതോടെ മൈമൂനയും കുടുംബവും താമസിച്ച വീട് തകര്‍ന്നുപോയി. മൂത്തമകന്‍ സലീമിന്റെ ഭാര്യ ജിസ്‌നയുടെ പിതാവ് അവര്‍ക്കു താമസിക്കാനായി നിര്‍മിച്ചുകൊടുത്ത വീടായിരുന്നു അത്. തലേന്ന് സലീമും മക്കളും ജിസ്‌നന്റെ വീട്ടില്‍ പോയി.
ഞങ്ങളെ അയല്‍ വീട്ടുകാരും കൊണ്ടുപോയി. ഇല്ലെങ്കില്‍ ബാക്കിയുണ്ടാവില്ലായിരുന്നുബ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആ രാത്രിയെക്കുറിച്ച് മൈമൂനയുടെ വാക്കുകള്‍. രാവിലെ വന്നുനോക്കുമ്പോള്‍ മണ്‍കട്ട കൊണ്ടൊരുക്കിയ ആ ചെറിയ വീടാകെ മലവെള്ളം നാമാവശേഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരായ ആളുകളെ ക്യാംപുകളില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് മനസിലാക്കി ജില്ലാ കലക്ടര്‍ ഇവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി. അങ്ങനെയാണ് ജില്ല സാമൂഹ്യ നീതി ഓഫിസര്‍ നേരിട്ടിടപെട്ട് ഹ്യൂമാനിറ്റി ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴില്‍ വെള്ളയില്‍ തേര്‍വീട് റോഡിലുള്ള ലൈഫ് കെയര്‍ ഹോമിലെത്തിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ വീട്ടുജോലി ചെയ്താണ് 54കാരിയായ മൈമൂന കുടുംബം പുലര്‍ത്തിയത്. എന്നാല്‍ കാലിന്റെ കടുത്ത വേദനയും മകന്റെ വിഷമതകളും ഇവരുടെ തീരാനൊമ്പരമാണ്. അതിനിടക്കാണ് മരുമകളുടേതാണെങ്കിലും അടച്ചുറപ്പോടെ കഴിഞ്ഞിരുന്ന വീടിന്റെ പതനം.
നാഷനല്‍ ട്രസ്റ്റ് ജില്ലാ കമ്മിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ യു വി ജോസ്, കണ്‍വീനര്‍ പി സിക്കന്തര്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജ് എം പി ജയരാജ്, സാമുഹികനീതി ഓഫിസര്‍ ഷീബാ മുംതാസ് മറ്റു കമ്മിറ്റിയംഗങ്ങളുടെ ഇടപെടലുകള്‍ കൊണ്ട് വടകര ചോറോട് വില്ലേജില്‍ കുറ്റിയാമ്പുറത്ത് വൈക്കല്യശ്ശേരിയില്‍ ഒരു വ്യക്തി സൗജന്യമായി നാല് സെന്റ് സ്ഥലം നല്‍കാമെന്നേറ്റിട്ടുണ്ട്. ടീം നാദാപുരത്തിന്റെ നേതൃത്വത്തില്‍ അവര്‍ക്ക് സൗജന്യമായി വീടു നിര്‍മിച്ചു കൊടുക്കും. കൂടാതെ വീടാവുന്നതു വരെ താമസിക്കാന്‍ വാടക വീടും നല്‍കുന്നതാണെന്ന് കമ്മിറ്റിയറിയിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ സാന്നിധ്യത്തില്‍ സ്ഥലത്തിന്റെ രേഖകളും നിര്‍മാണ കരാറും കൈമാറി. ദുരന്തബാധിതര്‍ക്കായി രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യുട്ടിയും ഒഴിവ് ലഭിക്കാനായി സര്‍ക്കാരിനെ സമീപിക്കുമെന്ന് സംഘം അറിയിച്ചു. നാഷനല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനര്‍ പി സിക്കന്തര്‍, നരിക്കോളി ഹമീദ് ഹാജി, ചെമ്പരകണ്ടി ബഷീര്‍ ഹാജി, എരോത്ത് മഹമൂദ്, വൈക്കല്യശ്ശേരി അബ്ദുല്‍ കരീം, പോക്കര്‍ ഹാജി, സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss