|    Sep 20 Thu, 2018 12:57 am
FLASH NEWS

പ്രളയം: വിവാദത്തില്‍പ്പെട്ട് പൂനെയില്‍ നിന്നുള്ള ദുരിതാശ്വാസ കിറ്റ്

Published : 27th August 2018 | Posted By: kasim kzm

താമരശ്ശേരി: പൂനെ മലയാളി സമാജം കേരളത്തിലെ ദുരിതബാധിതര്‍ക്കായി സ്വരൂപിച്ചെത്തിച്ച ദുരിതാശ്വാസ കിറ്റ് വിതരണം വിവാദത്തില്‍. സിപിഎം പ്രവര്‍ത്തകര്‍ ഈ കിറ്റുകള്‍ സ്വകാര്യമായി തങ്ങളുടെ ലേബലില്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് യുഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലെ സ്വകാര്യ ഗോഡൗണില്‍ ഇറക്കിയ ദുരിതാശ്വാസ കിറ്റിന്റെ കാര്യത്തിലാണ് ഇരുപക്ഷവും കൊമ്പുകോര്‍ത്തത്. കഴിഞ്ഞ ദിവസം ബോംബെ പൂനെയില്‍ നിന്നു നാലു പേര്‍ വലിയ കണ്ടെയ്‌നറില്‍ എത്തിച്ച സാധനങ്ങളാണ് ഇവിടെ സ്വകാര്യ ഗോഡൗണില്‍ ഇറക്കിയത്. ഇവ ഇവിടെ നിന്നു ചെറിയ പായ്ക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനാണ് തീരുമാനിച്ചതെന്ന് സമാജം ഭാരവാഹികള്‍ പറയുന്നു. ഇതിനായി നാലു ദിവസം മുമ്പുതന്നെ അവര്‍ പ്രദേശത്തുള്ള ചില വ്യക്തികളുടെ സഹായം തേടുകയും ചെയ്തിരുന്നു. ഇവര്‍ മുഖേന പുല്ലാഞ്ഞിമേട്ടിലെ സ്വകാര്യ ഗോഡൗണില്‍ സാധനങ്ങള്‍ ഇറക്കിവച്ചു. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ കാര്യമായ ദുരിതബാധിതര്‍ ഇല്ല. കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടലില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കി പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു. ബാക്കി വന്ന വസ്തുക്കള്‍ വയനാട്ടിലേക്ക് അന്നുതന്നെ നല്‍കുകയുമായിരുന്നു. ഇവ ഇവിടെ ഇറക്കിയത് സിപിഎമ്മിന്റെ സ്വകാര്യ താല്‍പര്യപ്രകാരമാണെന്നും പല സ്ഥലങ്ങളിലും നടക്കുന്നതുപോലെ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന വസ്തുക്കള്‍ സ്വന്തമാക്കി വിതരണം ചെയ്യുന്ന രീതി അനുവദിക്കില്ലെന്നും പറഞ്ഞാണ് ഒരു സംഘം എത്തിയത്. സംഭവമറിഞ്ഞു താമരശ്ശേരി പോലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇവ കോഴിക്കോട് ജില്ലാ ഭരണകൂടത്തിനു കൈമാറണമെന്ന നിര്‍ദേശവും വന്നു. ഇന്നലെ പോലിസിന്റെ സാന്നിധ്യത്തില്‍ സര്‍വകക്ഷി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഈ സാധനങ്ങള്‍ വയനാട് ദുരിതബാധിതര്‍ക്ക് വീടുകളിലെത്തിക്കാന്‍ തീരുമാനിക്കുകായിരുന്നു. മൂന്നു ദിവസം കൊണ്ട് ഇവ ദുരിത ബാധിതരുടെ വീടുകളിലെത്തിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss