|    Dec 14 Fri, 2018 8:01 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രളയം: വിദേശസഹായം സ്വീകരിക്കണമെന്ന് സഭ

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകത്ത് എവിടെ നിന്നും സഹായം സ്വീകരിക്കണമെന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം ഐകകണ്‌ഠ്യേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങള്‍, ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍, ലോകബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ ഏജന്‍സികള്‍ എന്നിവ നല്‍കാന്‍ തയ്യാറുള്ള സാമ്പത്തിക-സാങ്കേതിക സഹായവും സഹകരണവും പരമാവധി പ്രയോജനപ്പെടുത്താന്‍ അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണമെന്നും സഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ആഘാതം കണക്കിലെടുത്ത് നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ ശാസ്ത്രീയമായി തയ്യാറാക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തണം.
കേരളത്തിലെ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ ദുരന്തത്തിന് ഇരയായി. 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. 140 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം ഇപ്പോള്‍ 305 ആയി കുറഞ്ഞു. ക്യാംപുകളില്‍ കഴിയുന്നവരുടെ എണ്ണം 59,296 ആയി. ക്യാംപുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം കേരളത്തിനകത്തും പുറത്തും നിന്ന് പ്രവഹിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ദുരന്തത്തിന്റെ തീവ്രത പൊതുസമൂഹത്തിന്റെയും അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയതിന് സഭ നന്ദി രേഖപ്പെടുത്തി. ജീവന്‍ പണയപ്പെടുത്തി മല്‍സ്യത്തൊഴിലാളികളും യുവാക്കളും സന്നദ്ധപ്രവര്‍ത്തകരും സജീവമായി അണിനിരന്നു. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ദൃഢനിശ്ചയത്തോടെ യോജിപ്പിന്റെ ഒരു പുതിയ സംസ്‌കാരം ഉയര്‍ന്നുവരുന്നതില്‍ സഭ സന്തോഷം രേഖപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss