|    Dec 19 Wed, 2018 2:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയം ലഭിക്കുന്നത് അര്‍ഹര്‍ക്ക് തന്നെയെന്ന് ഉറപ്പാക്കണം

Published : 30th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയത്തെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച സഹായങ്ങളും മറ്റു വസ്തുക്കളും ദുരിതബാധിതര്‍ക്കു തന്നെ ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നു ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച (സിഎംഡിആര്‍എഫ്) സഹായങ്ങള്‍ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും വരവുചെലവു കണക്കുകള്‍ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി ഷിബി പീറ്റര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ഈ പരാമര്‍ശം നടത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച പണത്തില്‍ ഒരു പൈസ പോലും മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഇതിനു മറുപടിയായി വ്യക്തമാക്കി. അഡ്വക്കറ്റ് ജനറലിന്റെ ഉറപ്പുള്ളതിനാല്‍ ആശങ്കയില്ലെന്നും പക്ഷേ, പണം സംഭാവന ചെയ്യുന്നവര്‍ക്ക് ഇക്കാര്യം ഉറപ്പു നല്‍കണമെന്നും കോടതി വാക്കാല്‍ പറഞ്ഞു. ആളുകള്‍ പണം നല്‍കിയിരിക്കുന്നത് പ്രളയ ദുരിതാശ്വാസത്തിനാണ്. അതിനാല്‍ ഈ പണം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അക്കൗണ്ടോ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിളോ രൂപീകരിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റെന്തെങ്കിലും തരത്തില്‍ ഉപയോഗിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഗുജറാത്തിലെ ഭൂകമ്പം നേരിട്ട പോലുള്ള സംവിധാനം വേണമെന്നു ഹരജിക്കാരന്‍ വാദിച്ചു. ഗുജറാത്തും കേരളവും ഒന്നല്ലെന്നും കേരളത്തിനു വേണ്ട ഏറ്റവും മികച്ച കാര്യമാണ് നാം ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിന് അറിയിക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
സംസ്ഥാനത്തെ 775 വില്ലേജുകളിലായി 55 ലക്ഷം ജനങ്ങള്‍ പ്രളയ ദുരിതബാധിതരാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പ്രാഥമിക കണക്കെടുപ്പനുസരിച്ച് ആഗസ്ത് 17 വരെയുള്ള നഷ്ടം 19,512 കോടി രൂപയാണ്. മെയ് 29 മുതല്‍ ആഗസ്ത് 25 വരെയുള്ള കാലയളവില്‍ കാലവര്‍ഷ പ്രളയദുരന്തത്തില്‍ 445 പേര്‍ കൊല്ലപ്പെട്ടു. 15 പേരെ കാണാതായി. 140 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 10,000 കിലോമീറ്ററിലേറെ പൊതുമരാമത്ത്-ഗ്രാമീണ റോഡുകളും ഒട്ടേറെ പാലങ്ങളും തകര്‍ന്നു. കനത്ത മഴയും ഡാമുകളില്‍ നിന്നു തുറന്നുവിട്ട വെള്ളവും താഴ്ന്ന പ്രദേശങ്ങളെ സാരമായി ബാധിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ദുരന്തത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഈ ഘട്ടത്തില്‍ കണക്കാക്കാനാവില്ല. ദുരന്തസാധ്യതകള്‍ കുറച്ചുകൊണ്ടുള്ള മികച്ച പുനര്‍നിര്‍മാണമെന്നതാണ് സര്‍ക്കാരിന്റെ നയം. ഈ മേഖലയിലെ വിദഗ്ധരുമായും ഗുണഭോക്താക്കളുമായും ചര്‍ച്ച നടത്തി പരിസ്ഥിതിക്കിണങ്ങുന്ന പുനരധിവാസത്തിന് സമഗ്ര പദ്ധതിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss