|    Sep 19 Wed, 2018 2:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രളയം: മുല്ലപ്പെരിയാറും കാരണമായെന്ന് സര്‍ക്കാര്‍

Published : 24th August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടിവന്നതാണ് കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിനുണ്ടായ ഒരു കാരണമെന്നു സംസ്ഥാന സര്‍ക്കാര്‍. കേരളം സുപ്രിംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് 142 അടിയില്‍ എത്തുന്നതിനു മുമ്പുതന്നെ വെള്ളം തുറന്നുവിടണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ലെന്നും സുപ്രിംകോടതിയില്‍ ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെയും മറ്റു എട്ട് അണക്കെട്ടുകളിലെയും അധികജലം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ കണക്കുകൂട്ടലോടെ തുറന്നുവിടുകയായിരുന്നു. ജലനിരപ്പ് 142 അടിയില്‍ എത്തുന്നതിനു മുമ്പു മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിടണമെന്നു തമിഴ്‌നാടിനോട് സംസ്ഥാന സര്‍ക്കാരും സുപ്രിംകോടതി നിയമിച്ച സമിതിയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ലഭിച്ചില്ല. ജലനിരപ്പ് ഉയര്‍ന്നതോടെ 13 ഷട്ടറുകളും അടിയന്തരമായി തുറന്നതാണ് മഹാപ്രളയത്തിന് ഒരു കാരണം. ഇതോടെ, ഇടുക്കി അണക്കെട്ടില്‍ നിന്നു വന്‍തോതില്‍ ജലം തുറന്നുവിടേണ്ടിവന്നു. ഭാവിയില്‍ ഇത്തരം സാഹചര്യം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ തീരുമാനം എടുക്കുന്നതിനും അത് നടപ്പാക്കുന്നതിനും സൂപ്പര്‍വൈസറി മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കണമെന്നും കേരളം ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, ജലനിരപ്പ് 139 അടിയായി നിലനിര്‍ത്താന്‍ സുപ്രിംകോടതി നിയമിച്ച സമിതി നിര്‍ദേശം നല്‍കി. 142 അടിയായി ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സമിതി തള്ളി. സുപ്രിംകോടതി നിയമിച്ച കേന്ദ്രസമിതിയുടെ യോഗത്തിലാണ് പ്രളയം പരിഗണിച്ച് ജലനിരപ്പ് 139 അടിയായി നിലനിര്‍ത്താന്‍ തീരുമാനമായത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss