|    Dec 17 Mon, 2018 12:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയം: പുനരധിവാസ പ്രക്രിയക്ക് രൂപം നല്‍കാന്‍ ഇന്ന് കെപിസിസി നേതൃയോഗം

Published : 30th August 2018 | Posted By: kasim kzm

കോട്ടയം: കേരളത്തിലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ, പുനര്‍നിര്‍മാണ പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് 3.30ന് ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ പങ്കെടക്കും.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ നേതൃയോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്ത് നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ആവലാതികള്‍ കേട്ടശേഷം മുഖ്യമന്ത്രിയുമായി രാഹുല്‍ഗാന്ധി ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരില്‍നിന്നുള്ള സഹായങ്ങള്‍ ദുരിതബാധിതര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കും. കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതാക്കളുടെയും സ്‌പോണ്‍സര്‍മാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്, ഓരോ മണ്ഡലം കമ്മിറ്റി ഒരു വീട് സ്‌പോണ്‍സര്‍ ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചത് നിര്‍ഭാഗ്യകരമാണ്. തിരഞ്ഞെടുപ്പുകാലത്ത് കേട്ടിട്ടുള്ള ബൂത്തുപിടിത്തത്തിന് പകരം ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപ് പിടിച്ചെടുക്കലാണ് നടക്കുന്നത്. പ്രളയദുരന്തം നേരിടുന്നതില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്നും ഹസന്‍ ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss