|    Sep 26 Wed, 2018 2:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: യുഡിഎഫ്

Published : 13th August 2018 | Posted By: kasim kzm

കൊച്ചി: കേരളത്തെ തകര്‍ത്തുകളഞ്ഞ അതിരൂക്ഷമായ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും പതിവു മാനദണ്ഡങ്ങള്‍ മാറ്റിവച്ച് സംസ്ഥാനത്തെ കൈയയച്ചു സഹായിക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിനോട് യുഡിഎഫ് അഭ്യര്‍ഥിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം രാജ്‌നാഥ്‌സിങിന് നല്‍കിയ നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ പ്രളയം പരിഹരിക്കാന്‍കഴിയാത്തത്ര നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു. പലരുടെയും വീടും കൃഷിയിടങ്ങളും ഉള്‍െപ്പടെ സര്‍വ—വും നശിച്ചു. പതിനായിരക്കണക്കിന് ഹെക്റ്ററിലെ കൃഷിയും വ്യാപകമായി റോഡുകളും കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു. മലയോരമേഖലയില്‍ ഉരുള്‍പൊട്ടല്‍ വന്‍ നാശമാണു വരുത്തിവച്ചത്. നദികള്‍ തന്നെ ഗതിമാറി ഒഴുകി. ഡാമുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് തുറക്കേണ്ടിവന്നത് നദികളുടെ ഇരുകരകളിലും വന്‍ നഷ്ടമുണ്ടാക്കി. ഇരുകരകളില്‍ നിന്നു ജനങ്ങളെ അപ്പാടെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. ഇടുക്കി, വയനാട്, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, മലപ്പുറം തുടങ്ങി മിക്ക ജില്ലകളിലും വന്‍ നാശനഷ്ടമാണു സംഭവിച്ചത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ആഴ്ചകളോളം വെള്ളത്തില്‍ മുങ്ങിപ്പോയതു കാരണം നെല്‍കൃഷി നശിച്ചു. യഥാര്‍ഥ നഷ്ടം കണക്കാക്കാനാവാത്തവിധം ഭീമമാണ്. എങ്കിലും ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നേരിടുന്നതിന് 4000 കോടി രൂപയെങ്കിലും ഉടനെ അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ദുരന്ത നിവാരണസേനയുടെ കൂടുതല്‍ ടീമുകളെ അടിയന്തരമായി അയ—ക്കണം. ദേശീയ ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം. വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് അവ നിര്‍മിച്ചുനല്‍കണം. ഭാഗികമായി നശിച്ചവര്‍ക്ക് അറ്റകുറ്റപ്പണിക്ക് ധനസഹായം നല്‍കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങള്‍.സഹായമഭ്യര്‍ഥിച്ച് ബിജെപിയും രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss