|    Nov 14 Wed, 2018 2:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയം ദേശീയദുരന്തം തന്നെ: മേധ

Published : 25th August 2018 | Posted By: kasim kzm

തൃശൂര്‍: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും കേരളത്തില്‍ സംഭവിച്ച പ്രളയദുരന്തം ദേശീയ ദുരന്തം തന്നെയാണ്- പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. ആലപ്പുഴ, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം തൃശൂര്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. കേരളം ആവശ്യപ്പെട്ട സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. കേന്ദ്രത്തില്‍ നിന്നു സഹായം ലഭിക്കാനുള്ള അര്‍ഹത ഫെഡറല്‍ സ്റ്റേറ്റ് എന്ന നിലയില്‍ കേരളത്തിനുണ്ട്. കേരളത്തിന് മറ്റ് രാജ്യങ്ങളില്‍ നിന്നു വാഗ്ദാനം ചെയ്യപ്പെട്ട ഫണ്ട് വിലക്കാനുള്ള അവകാശം പ്രധാനമന്ത്രിക്കില്ല. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഉരുക്ക് പ്രതിമയ്ക്ക് 3000 കോടി രൂപ ചെലവാക്കുന്ന സര്‍ക്കാരിന് എന്തുകൊണ്ട് പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന് സഹായം നല്‍കാന്‍ കഴിയുന്നില്ല. കേരളത്തിന് കൂടുതല്‍ ദുരിതാശ്വാസസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മേധ പട്കര്‍ പ്രധാനമന്ത്രിക്ക് നിവേദനം അയച്ചു.
രാജ്യത്തെ പഴയ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഡാമുകള്‍ ആണ് കേരളത്തിലെ പ്രളയത്തിന് കാരണം. വികസിത രാജ്യങ്ങള്‍ ഡാമുകള്‍ ഉപേക്ഷിക്കുകയാണ്. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനാണ് ഡാമുകള്‍ ഉണ്ടാക്കുന്നതെന്ന വാദത്തിന് ഇനി പ്രസക്തിയില്ല. ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉണ്ടായിരുന്നെങ്കില്‍ പ്രളയമുണ്ടാവില്ലായിരുന്നുവെന്ന കെഎസ്ഇബി ചെയര്‍മാന്റെ പ്രസ്താവന വിഡ്ഢിത്തമാണ്. ഡാമുകള്‍ കൃത്യമായി റഗുലേറ്റ് ചെയ്യുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. പ്രളയദുരന്തമുണ്ടാവുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് മാത്രം ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം ജില്ലാഭരണകൂടത്തിന് നല്‍കിയ ദുരന്തമുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. പ്രളയം തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കിലും പല പരിസ്ഥിതി നിയമങ്ങളും കൃത്യമായി പാലിക്കപ്പെട്ടിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നു. പശ്ചിമഘട്ടം സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് വയനാട്ടില്‍ കണ്ടത്. പല നിയമങ്ങളും അവഗണിക്കപ്പെടുകയോ മാറ്റപ്പെടുകയോ ഭേദഗതി ചെയ്യപ്പെടുകയോ ആണ് സംഭവിക്കുന്നത്. പരിസ്ഥിതി സൗഹൃദമെന്ന് യുഎന്‍ അംഗീകരിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അവസ്ഥയെന്തെന്ന് ചിന്തിക്കണമെന്നും മേധ ചൂണ്ടിക്കാട്ടി. ദുരന്തം നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെങ്കിലും ഇപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്താത്ത ദുരിതബാധിത പ്രദേശങ്ങള്‍ കേരളത്തിലുണ്ടെന്ന് മേധ പറഞ്ഞു.
ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് സുപ്രിംകോടതി പറയുന്നതല്ല അവസാനവാക്ക്. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം മാത്രമാണ് അവര്‍ക്കുള്ളത്. തെറ്റായ സത്യവാങ്മൂലങ്ങളും വിവരങ്ങളുമാണ് കോടതികളില്‍ സമര്‍പ്പിക്കപ്പെടുന്നത്. എല്ലാ മേഖലകളിലും സംഭവിക്കുന്ന മൂല്യശോഷണം രാജ്യത്തിന് ആപത്താണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച പരിശോധന ആവശ്യമാണ്. ജലനിരപ്പ് കുറയ്ക്കുന്നതും മറ്റൊരു ഡാം പണിയുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണം. പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രഭാത് അധ്യക്ഷനായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss