|    Sep 23 Sun, 2018 5:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയം: ദുരിതബാധിതര്‍ക്കു കൈത്താങ്ങായി എസ്ഡിപിഐ ജനപ്രതിനിധികള്‍

Published : 31st August 2018 | Posted By: kasim kzm

ആലപ്പുഴ: സംസ്ഥാനമൊന്നടങ്കം ഭീതി പരത്തി പ്രളയജലം ഒഴുകിയെത്തിയപ്പോള്‍ ദുരിതബാധിതര്‍ക്കും നാടിനും കൈത്താങ്ങായി എസ്ഡിപിഐ ജനപ്രതിനിധികള്‍. പ്രളയം ഏറ്റവുമധികം നാശംവിതച്ച ജില്ലകളിലൊന്നായ ആലപ്പുഴയില്‍ എന്തുചെയ്യണമെന്നറിയാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പകച്ചു നിന്നപ്പോഴും ദൂരിതബാധിതരുടെ കണ്ണീരൊപ്പി അവരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നന്ദിയോടെയാണു ക്യാംപില്‍ കഴിഞ്ഞവര്‍ സ്മരിക്കുന്നത്.
മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് മെംബര്‍മാരായ കെ വി കിഷോര്‍ കുമാര്‍, ഹസീന ബഷീര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീജ നൗഷാദ്, വാഹിദ കുഞ്ഞുമോന്‍, അമ്പലപുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബര്‍ റസീന സജീവ് എന്നിവരുടെ നിസ്വാര്‍ഥ സേവനമാണ് ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നത്.
വേമ്പനാട്ട് കായലിന്റെ ഓരത്ത് മണ്ണഞ്ചേരിയില്‍ ആഗസ്ത് ആദ്യത്തോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വെള്ളം ക്രമാതീതമായി ഉയര്‍ന്ന് വീടിനുള്ളിലേക്ക് ഇരച്ചുകയറിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച തങ്ങള്‍ക്ക് രക്ഷകരായത് വാര്‍ഡ് അംഗം ഹസീന ബഷീറും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ നവാസ് നൈനയും അവരുടെ സംഘടനയുമാണെന്നു മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ താമസക്കാരായ കിളിയാംതറയില്‍ നാരായണനും കിഴക്കേ കളത്തറയില്‍ ചന്ദ്രികയും പറയുന്നു.
എഴുന്നേറ്റു നടക്കാന്‍ കഴിയാതെ കട്ടിലില്‍ തന്നെ കിടന്നവരെയും കൊച്ചുകുട്ടികളെയും ഉള്‍പ്പെടെ ഇവര്‍ എടുത്ത് ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചു. ക്യാംപുകളില്‍ കഴിഞ്ഞ തങ്ങള്‍ക്കു ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിലും ജാഗ്രത കാണിച്ചു.
വെള്ളം ഇറങ്ങിയപ്പോള്‍ വീടുകള്‍ ശുചീകരിച്ച് പുനരധിവാസത്തിനു നടപടി സ്വീകരിച്ചതടക്കം മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു.
മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാര്‍ഡിലും വലിയ വെള്ളപ്പൊക്ക കെടുതിയാണ് ഉണ്ടായത്. വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്നു നൂറുകണക്കിനു കുടുംബങ്ങളാണു ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ണായക പങ്ക് വഹിച്ച വാര്‍ഡ് മെംബര്‍ കെ വി കിഷോര്‍ കുമാറിനെയും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഷാജി പൂവ്വത്തിലിെയും എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പിന്നീട് പ്രദേശവാസികള്‍ അനുമോദിച്ചു. 17ാം വാര്‍ഡില്‍ ആയിരത്തോളം വീടുകളില്‍ വെള്ളം കയറി. പരപ്പില്‍, കന്നിട്ടപറമ്പ്, മാച്ചിനാട്ട് കോളനി എന്നിവിടങ്ങളാണു വെള്ളത്തിനടിയിലായത്.
കുട്ടനാട്ടുകാരെ പുനരധിവസിപ്പിച്ച വണ്ടാനം ഗുരുമന്ദിരം ദുരിതാശ്വാസ ക്യാംപ് കഴിഞ്ഞദിവസം പിരിച്ചുവിട്ടപ്പോള്‍ കണ്ണീരോടെയാണു പലരും പിരിഞ്ഞുപോയത്. ഈ ക്യാംപിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് എസ്ഡിപിഐ ഗ്രാമപ്പഞ്ചായത്തംഗം ഷീജ നൗഷാദിനെയും പ്രളയം ബാധിച്ച കമ്പിവളപ്പ് വാര്‍ഡ് മെംബര്‍ വാഹിദ കുഞ്ഞുമോനെയും ക്യാംപ് അംഗങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. പ്രളയത്തിന്റെ ദുരിതംപേറി കഴിഞ്ഞ 16ന് 63 കുടുംബങ്ങളാണു വണ്ടാനം ഗുരുമന്ദിരം ക്യാംപിലെത്തിയത്. കുരുന്നുകളും വൃദ്ധരുമടക്കം 175 പേര്‍. കുട്ടനാട്ടിലെ എടത്വ, ചമ്പക്കുളം, കൈനകരി, വൈശ്യം ഭാഗം, പുറക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവിടെ അഭയം തേടിയത്. ആദ്യത്തെ രണ്ടു ദിവസം അധികൃതര്‍ ഇവരെ തിരിഞ്ഞുനോക്കിയില്ല. ആ ദിവസങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടക്കമുള്ള സന്നദ്ധ സംഘടനകളാണു സഹായവും സാന്ത്വനവും നല്‍കിയത്.
അധികൃതരുടെ അവഗണന തുടര്‍ന്നപ്പോള്‍ ഷീജ തന്നെ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷനെ ബന്ധപ്പെട്ടു. തുടര്‍ന്നാണു ക്യാംപിനു സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. പിന്നീടുള്ള 12 ദിവസം ജാതി, മത, വര്‍ണ വ്യത്യാസമില്ലാതെ അതിജീവനത്തിന്റെ കൂട്ടായ്മയും സ്‌നേഹവുമായിരുന്നു ക്യാംപില്‍ നിറഞ്ഞുനിന്നത്. സിപിഎം ഒഴിച്ചുള്ള എല്ലാ സംഘടനകളും സഹായഹസ്തവുമായി ക്യാപില്‍ നിറഞ്ഞുനിന്നു. വസ്ത്രങ്ങള്‍ കൂടാതെ ഏഴര കിലോ അരിയും 17 കൂട്ടം പലചരക്ക് അടങ്ങുന്ന കിറ്റും നല്‍കിയാണു പ്രളയബാധിതരെ യാത്രയയച്ചത്. ക്യാംപിന്റെ നല്ല നടത്തിപ്പിനു വില്ലേജ് ഓഫിസറും അന്തേവാസികളും ചേര്‍ന്ന് ഗ്രാമപ്പഞ്ചായത്തംഗം ഷീജയ്ക്ക് ഉപഹാരവും നല്‍കി. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒരുക്കിയ വാഹനങ്ങളിലാണു ക്യാംപിലുള്ളവരെ സ്വന്തം നാട്ടിലെത്തിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss