|    Dec 10 Mon, 2018 4:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയം തകര്‍ത്തത് 168 സര്‍ക്കാര്‍ ആശുപത്രികള്‍

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയദുരന്തത്തെ തുടര്‍ന്ന് 168 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേടുപാട് സംഭവിച്ചതായി മന്ത്രി കെ കെ ശൈലജ. ഇതില്‍ 22 ആശുപത്രികള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. 50 ആശുപത്രികള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുകയും 96 ആശുപത്രികള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 120 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആശുപത്രി കെട്ടിടങ്ങള്‍ക്ക് 80 കോടി രൂപയുടെയും ഉപകരണങ്ങള്‍ക്ക് 10 കോടി രൂപയുടെയും ഫര്‍ണിച്ചറുകള്‍ക്ക് 10 കോടി രൂപയുടെയും മരുന്നുകള്‍ക്ക് 20 കോടി രൂപയുടെയുമാണ് നാശനഷ്ടമുണ്ടായത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ നഷ്ടം പൂര്‍ണമായും കണക്കാക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ എന്‍എച്ച്എം എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് കെട്ടിടങ്ങളുടെ കണക്കെടുത്തത്. ഈ കണക്കുകള്‍ എന്‍എച്ച്എം ചീഫ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ ക്രോഡീകരിക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും കണക്കെടുത്തത് കെഎംഎസ്‌സിഎല്‍ മുഖേനയാണ്. തകര്‍ന്ന ആശുപത്രികള്‍ക്ക് പകരം വാടകക്കെട്ടിടത്തില്‍ ആശുപത്രികള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചില അഭ്യുദയകാംക്ഷികള്‍ ആശുപത്രികള്‍ പുതുക്കിപ്പണിയുന്നതിനു മുന്നോട്ടുവന്നിട്ടുണ്ട്. ആശുപത്രികള്‍ പുനസൃഷ്ടിക്കാനായി വലിയ ഏജന്‍സികള്‍ മുന്നോട്ടു വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. വിവിധ ജില്ലകളിലായി ഉപയോഗയോഗ്യമല്ലാത്ത 22 ആശുപത്രികളുടെ പുനര്‍നിര്‍മാണത്തിന് മാത്രം 50.05 കോടി രൂപയുടെ ചെലവ് വരും. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് അത്യാഹിതവിഭാഗം പൂര്‍ണമായും തകര്‍ന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കൊല്ലം മണ്‍ട്രോതുരുത്ത്, ആലപ്പുഴ ജില്ലയിലെ കുപ്പപ്പുറം, മുട്ടാര്‍, നീലംപേരൂര്‍, തകഴി, കടമ്പൂര്‍, കോട്ടയം ജില്ലയിലെ അയ്മനം, മലപ്പുറത്തെ ഇരിങ്ങല്ലൂര്‍, കോഴിക്കോട്ടെ കക്കോടി, കണ്ണൂരിലെ വള്ളിത്തോട്, മേക്കുന്ന് എന്നിവയും ആലപ്പുഴ ജില്ലയിലെ വെളിയനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും പൂര്‍ണമായും ഉപയോഗശൂന്യമായി. വലിയ തോതില്‍ കേടുപാട് പറ്റിയ 50 ആശുപത്രികളുടെ പുനരുദ്ധാരണത്തിന് 20.30 കോടി ചെലവാകും. ഭാഗികമായ രീതിയില്‍ കേടുപാടുണ്ടായ 96 ആശുപത്രികളുടെ നവീകരണത്തിനായി 9.65 കോടി ചെലവാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss