|    Dec 11 Tue, 2018 6:46 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയം: ചേന്ദമംഗലം കൈത്തറിക്ക് ചേക്കുട്ടിപ്പാവ സമ്മാനിച്ചത് 14 ലക്ഷം രൂപ

Published : 6th December 2018 | Posted By: kasim kzm

കൊച്ചി: പ്രളയത്തിലൂടെ ഒലിച്ചുവന്ന വേദനകള്‍ മറക്കാന്‍ ചേക്കുട്ടിപ്പാവകള്‍ മൂന്നു മാസം കൊണ്ട് ചേന്ദമംഗലത്തെ നെയ്ത്തുകാര്‍ക്കു നല്‍കിയത് 14 ലക്ഷം രൂപ. പ്രളയം നാശം വിതച്ച ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി യൂനിറ്റുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് ചളി കയറി ഉപയോഗശൂന്യമായ തുണികളില്‍ നിന്ന് ചേക്കുട്ടിപ്പാവകള്‍ നിര്‍മിക്കാ ന്‍ ആരംഭിച്ചത്.
സപ്തംബറില്‍ തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പനയിലൂടെ ചേന്ദമംഗലത്തെ കരിമ്പാടം ഹാന്‍ഡ്‌ലൂം വീവേഴ്‌സ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്കു 14 ലക്ഷം രൂപ എത്തിയതായി ചേക്കുട്ടി പ്പാവ സംരംഭത്തിനു തുടക്കമിട്ട ലക്ഷ്മി മേനോനും സംരംഭകനായ ഗോപിനാഥും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചേക്കുട്ടിപ്പാവ സംരംഭവുമായി സഹകരിച്ച ഫെഡറല്‍ ബാങ്ക് അടുത്ത ദിവസങ്ങളില്‍ പത്തു ലക്ഷം രൂപ കൂടി കൈമാറുമ്പോള്‍ സൊസൈറ്റിക്കു പ്രളയത്തെ തുടര്‍ന്നുണ്ടായ 25 ലക്ഷം രൂപയുടെ നഷ്ടം നികത്താനാകുമെന്നു സൊസൈറ്റി സെക്രട്ടറി അജിത് കുമാറും അറിയിച്ചു. ംംം.രവലസേtu്യ.ശി എന്ന വെബ്‌സൈറ്റിലൂടെ 89,000ലധികം ചേക്കുട്ടികള്‍ക്കുള്ള ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞതായി ലക്ഷ്മി മേനോന്‍ പറഞ്ഞു. ഇതിലൂടെ സൊസൈറ്റിക്ക് ഓണവിപണിയില്‍ വിറ്റിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന 35 ലക്ഷത്തോളം രൂപ സമാഹരിക്കാനാകും. ഇതു നെയ്ത്തുകാരുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തും.
1300 രൂപ വിലയുള്ള സാരികളില്‍ നിന്നു 250 മുതല്‍ 360 വരെ ചേക്കുട്ടിപ്പാവകള്‍ നിര്‍മിച്ചു. ഒരു പാവയ്ക്ക് 25 രൂപയാണ് വില. ഇതുവഴി ഒരു സാരിക്ക് 7500 രൂപ മുതല്‍ 9000 വരെ ലഭിച്ചു. അടുത്തതായി, പ്രളയം നാശം വിതച്ച ചേന്ദമംഗലത്തെ കുരിയാപ്പിള്ളി ഹാന്‍ഡ്‌ലൂം വീവേഴ്‌സ് കോ—-ഓപറേറ്റീവ് യൂനിറ്റില്‍ നിന്നുള്ള തുണികളും ചേക്കുട്ടി നിര്‍മാണത്തിനായി ശേഖരിക്കാന്‍ ആരംഭിച്ചതായും അവര്‍ അറിയിച്ചു. സ്ത്രീകള്‍ മാത്രം നെയ്ത്തുകാരായുള്ള യൂനിറ്റിന് അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കരിമ്പാടം യൂനിറ്റിന്റെ ജോലികള്‍ കഴിഞ്ഞാല്‍ അക്കൗണ്ട് കുരിയാപ്പിള്ളി യൂനിറ്റിന്റെ പേരിലേക്കു മാറ്റും.
ചേക്കുട്ടി നിര്‍മാണം പരിശീലിപ്പിക്കുന്ന 240 ശില്‍പശാലകള്‍ കേരളത്തിലെമ്പാടും ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും നടത്തി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ മുതല്‍ ഐടി ഉദ്യോഗസ്ഥര്‍ വരെ നിര്‍മാണത്തിന്റെ ഭാഗമായി. വോളന്റിയര്‍മാര്‍ വഴിയുള്ള പാവനിര്‍മാണം ഈ മാസം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss