|    Dec 15 Sat, 2018 4:01 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രളയം: ചലച്ചിത്രമേളയും കലോല്‍സവങ്ങളും റദ്ദാക്കി

Published : 5th September 2018 | Posted By: kasim kzm

ആഘോഷങ്ങളില്ല സ്വന്തം പ്രതിനിധിതിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍-കോളജ് കലോല്‍സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള അടക്കമുള്ള ഈ വര്‍ഷത്തെ എല്ലാ ആഘോഷ പരിപാടികളും സര്‍ക്കാര്‍ ഒഴിവാക്കി. വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന മുഴുവന്‍ ആഘോഷങ്ങളും റദ്ദാക്കിക്കൊണ്ട് പൊതുഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രളയ ദുരിതാശ്വാസം തുടരുന്ന സാഹചര്യത്തിലാണ് നടപടി. പരിപാടികള്‍ക്കായി നീക്കിവച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ പറയുന്നു. അതേസമയം, പൊതുഭരണ വകുപ്പിന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിമാര്‍ രംഗത്തെത്തി. ഉത്തരവില്‍ വ്യക്തത തേടി എ കെ ബാലനും സി രവീന്ദ്രനാഥും ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോവുന്നതിനു മുമ്പായി സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച് പൊതുഭരണ വകുപ്പിന് കുറിപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉത്തരവിറങ്ങിയത്. എന്നാല്‍, മന്ത്രിസഭായോഗത്തില്‍ എടുക്കേണ്ട തീരുമാനം വകുപ്പുമന്ത്രിമാരോടു പോലും ആലോചിക്കാതെ കൈക്കൊണ്ടതാണ് മന്ത്രിമാരുടെ അതൃപ്തിക്ക് കാരണം. സംസ്ഥാന ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കൂടിയാലോചനാ യോഗം സാംസ്‌കാരിക മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ ഇന്നലെ തലസ്ഥാനത്ത് നടക്കേണ്ടിയിരുന്നു. മാധ്യമങ്ങളില്‍നിന്നാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയ വിവരം മന്ത്രി അറിഞ്ഞത്. ചലച്ചിത്രമേള ഒഴിവാക്കിയ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാണ് എ കെ ബാലന്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തിലെ പ്രധാന ആവശ്യം. എല്ലാ മേളകളും മാറ്റിവച്ചാല്‍ ശ്മശാനമൂകതയുണ്ടാവും. ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി മേള നടത്തുകയാണ് വേണ്ടത്. ഒരു വര്‍ഷത്തേക്ക് മേളകള്‍ നടത്തേണ്ടെന്ന തീരുമാനത്തോട് മാനസികമായി പൊരുത്തപ്പെടാനാവുന്നില്ല. സ്‌കൂള്‍ കലോല്‍സവം വേണ്ടെന്നുവച്ച തീരുമാനത്തോടും എതിര്‍പ്പുണ്ടെന്ന് മന്ത്രി പറഞ്ഞു. തീരുമാനത്തിനെതിരേ ചലച്ചിത്ര അക്കാദമിയും രംഗത്തുവന്നു. ചലച്ചിത്രമേള ഒഴിവാക്കിയതില്‍ നിരാശയുണ്ടെന്നും സര്‍ക്കാര്‍ ഫണ്ട് ഒഴിവാക്കി അക്കാദമി ഫണ്ട് ഉപയോഗിച്ച് മേള നടത്താമെന്നും ചെയര്‍മാന്‍ കമല്‍ പ്രതികരിച്ചു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോല്‍സവം നടത്താന്‍ അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെയും ആവശ്യം. സംസ്ഥാന കലോല്‍സവം നടത്തിയാല്‍ മാത്രമേ ദേശീയ കലോല്‍സവത്തിലേക്കുള്ള പ്രതിഭകളെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രി സി രവീന്ദ്രനാഥ് പൊതുഭരണ വകുപ്പിന് കത്തയച്ചത്. ആഘോഷ പരിപാടികള്‍ റദ്ദാക്കിയതു സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം. ട്രാവല്‍ മാര്‍ട്ട് നടത്തേണ്ടെന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആഘോഷമല്ല ബിസിനസ് സംരംഭമെന്നു കാണിച്ച് മന്ത്രി പൊതുഭരണ വകുപ്പിന് മറുപടി നല്‍കി. അതേസമയം, കലോല്‍സവം ഒഴിവാക്കിയത് മാനുഷിക പരിഗണന കണക്കിലെടുത്താണെന്ന് മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു. അതിനിടെ,ആഘോഷങ്ങള്‍ ഒഴിവാക്കുന്ന തരത്തിലുള്ള പൊതുസമീപനം കേരളമൊന്നാകെ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ആഘോഷങ്ങള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss