|    Dec 18 Tue, 2018 12:27 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രളയം: കേന്ദ്രം കേരളത്തിന് 2,500 കോടി രൂപ കൂടി നല്‍കും

Published : 1st December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയ ദുരിതനിവാരണത്തിനായി കേരളത്തിന് കേന്ദ്രം 2,500 കോടി രൂപ കൂടി നല്‍കും. നേരത്തേ നല്‍കിയ 600 കോടിക്ക് പുറമേയാണിത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കി. കേരളത്തിന് ഇടക്കാല ആശ്വാസമായി അനുവദിച്ച തുക അപര്യാപ്തമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കേന്ദ്രം അധിക ധനസഹായത്തിന് തീരുമാനം എടുത്തിരിക്കുന്നത്.
ശുപാര്‍ശ മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, രാധാമോഹന്‍ സിങ് എന്നിവരടങ്ങുന്ന സമിതിക്കു കൈമാറിയിട്ടുണ്ട്. സമിതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ അധികസഹായം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. 4,800 കോടി രൂപ വേണമെന്ന് സപ്തംബറില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.
രക്ഷാദൗത്യത്തിന് സൈനിക ഹെലികോപ്റ്ററുകള്‍ എത്തിയതിനും മറ്റുമായി 290.67 കോടി നല്‍കണമെന്ന് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടതായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. പ്രളയകാലത്ത് സൗജന്യമായി അരിയും മണ്ണെണ്ണയും അനുവദിക്കാത്ത കേന്ദ്ര നടപടിയും വന്‍ വിവാദമായിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്രസഭയുടെയും കണക്കുപ്രകാരം 31,000 കോടി രൂപ പുനര്‍നിര്‍മാണത്തിന് വേണ്ടിവരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഇതുവരെ കിട്ടിയത് 2683.18 കോടി മാത്രമാണ്. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് കേരളത്തിന് ഈ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചിരുന്നു. നേരത്തേ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച 700 കോടി രൂപ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുമതി നല്‍കിയിരുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss